എംസി റോഡിലെ ഗതാഗതക്കുരുക്ക് : ഈരയില്‍ക്കടവ് -മണിപ്പുഴ ബൈപാസ് കാക്കൂര്‍ വരെ നീട്ടണമെന്ന്
1491109
Monday, December 30, 2024 7:14 AM IST
കോട്ടയം: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന എംസി റോഡിലെ കുരുക്കഴിക്കാന്‍ ഈരയില്‍ക്കടവ് -മണിപ്പുഴ ബൈപാസ് കാക്കൂര്‍ വരെ നീട്ടണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ കുറച്ചു ദിവസമായി എംസി റോഡില്‍ കോടിമത മുതല്‍ മണിപ്പുഴ വരെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സമാന്തര പാതയ്ക്കുള്ള നിര്‍ദേശം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അവതരിപ്പിച്ചു.
അടുത്ത നാളില്‍ മണിപ്പുഴ ഭാഗത്തുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ വികസന സമിതി യോഗത്തില്‍ എംഎല്‍എയുടെ നിര്‍ദേശം. ഈരയില്‍ക്കടവ് മണിപ്പുഴ ബൈപാസ് കാക്കൂര്‍ വരെ നീട്ടണമെന്നുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു.
ബൈപാസ് അവസാനിക്കുന്ന മണിപ്പുഴയില്‍നിന്ന് 850 മീറ്റര്‍ വികസിപ്പിച്ച് നിലവിലുള്ള പള്ളം ലിങ്ക് റോഡിലെ കാക്കൂര്‍ വരെ എത്തിച്ചാല്‍ കെകെ റോഡില്‍നിന്നു ചിങ്ങവനം വരെ എംസി റോഡിന് പുതിയ സമാന്തരപാത ആകുന്നതിനൊപ്പം നിലവിലുള്ള തിരക്കിൻെ 60 ശതമാനം പരിഹരിക്കാനാകും. ഇതിനായി സര്‍ക്കാര്‍ മണിപ്പുഴ വരെ ഭൂമി ഏറ്റെടുക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
വികസന സമിതി യോഗം ഭൂമി ഏറ്റെടുക്കുന്നതിനായി കളക്ടറെ ചുമതലപ്പെടുത്തി. നിര്‍ദിഷ്ട പാതയ്ക്കായി സ്ഥലം ഏറ്റെടുക്കേണ്ടത് ജനവാസകേന്ദ്രത്തിലൂടെയല്ലെന്നതും പാത വരുന്നതിന് അനുകൂല ഘടകമാണ്.
കഞ്ഞിക്കുഴി മുതല്‍ കളക്ടറേറ്റ് വരെയും മണിപ്പുഴ മുതല്‍ മറിയപ്പള്ളി വരെയുമുള്ള ഭാഗത്തെ പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നില്ലെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉന്നയിച്ച പരാതിയില്‍ നടപടി നടപടി സ്വീകരിച്ചു വരുന്നതായി എന്‍എച്ച് വിഭാഗം, വാട്ടര്‍ അഥോറിറ്റി എന്‍ജിനിയര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.
ഇറഞ്ഞാല്‍-തിരുവഞ്ചൂര്‍ റോഡില്‍ നടന്നിരുന്ന പൈപ്പിടല്‍ ജോലി പൂര്‍ത്തിയാക്കി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാലുടന്‍ ടാറിംഗ് പ്രവൃത്തിക്ക് സാങ്കേതികാനുമതി തേടുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. കോട്ടയം നഗരത്തിലെ ടിബി റോഡ്, മാര്‍ക്കറ്റ് റോഡ്, എഎല്‍ റോഡ്, പോസ്റ്റ് ഓഫീസ് റോഡ് എന്നീ റോഡുകളില്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
ഇറഞ്ഞാല്‍-തിരുവഞ്ചൂര്‍ റോഡില്‍ പരിശോധന പൂര്‍ത്തീകരിച്ച് രണ്ടു ദിവസത്തിനകം പൊതുമരാമത്തുവകുപ്പിന് കൈമാറുമെന്നും വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ യോഗത്തില്‍ അറിയിച്ചു.
കോട്ടയം നഗരത്തെ സൗന്ദര്യവത്കരിക്കും
കോട്ടയം: നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍ സൗന്ദര്യവത്കരിക്കുന്നതിനു ജില്ലാ വികസന സമിതിയോഗത്തില്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നഗരസഭ, ജില്ലാ പഞ്ചായത്ത്, പോലീസ്, പൊതുമരാമത്ത്, വ്യാപാരികള്‍ തുടങ്ങിയവരുടെ സംയുക്ത യോഗം ഉടന്‍ ചേരും.
തിരുവനന്തപുരം, തൃശൂര്‍, കല്പറ്റ തുടങ്ങിയ നഗരസഭകളില്‍ നടപ്പാക്കിയ രീതിയിലുള്ള സൗന്ദര്യവത്കരണത്തിനാണ് ആലോചന. കോടിമത ബൈപാസില്‍ നഗരസഭയും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് സൗന്ദര്യവത്കരണം നടപ്പാക്കിയിരുന്നു.