തേനി വാഹനാപകടം: കുടുംബങ്ങൾക്ക് ആശ്വാസവും പിന്തുണയും ഉറപ്പാക്കി കുറവിലങ്ങാട് ഇടവക
1490995
Monday, December 30, 2024 5:59 AM IST
കുറവിലങ്ങാട്: തേനി വാഹനാപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസവും പിന്തുണയും ഉറപ്പാക്കി കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവക. ഇടവക പള്ളി യോഗം ചേർന്ന് പരേതരോടുള്ള ആദരാഞ്ജലി അർപ്പിച്ചു.
മൂന്നു കുടുംബങ്ങളിലും വൈദികരടക്കമുള്ള പള്ളിയോഗാംഗങ്ങളും കുടുംബകൂട്ടായ്മാ ഭാരവാഹികളുമെത്തി പ്രാർഥനാശുശ്രൂഷകൾ നടത്തി. ദുഃഖിതരായ കുടുംബങ്ങളോടുള്ള ഇടവകയുടെ സ്നേഹവും പിന്തുണയും ഉറപ്പിച്ചു.
പ്രാർഥനാശുശ്രൂഷകൾക്ക് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, സീനിയർ അസി.വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. ജോർജ് വടയാറ്റുകുഴി, ഫാ. ആന്റണി വാഴക്കാലായിൽ എന്നിവർ കാർമികത്വം വഹിച്ചു. കൈക്കാരന്മാർ, പള്ളിയോഗം സെക്രട്ടറി, കുടുംബകൂട്ടായ്മ സോൺ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഇടവകാംഗങ്ങൾ വീടുകൾ സന്ദർശിച്ചത്.
ഈ അമ്മമാരോട് ആരു മറുപടി പറയും
കുറവിലങ്ങാട്: തേനി അപകടത്തിൽ പ്രിയപ്പെട്ട മക്കളെ നഷ്ടപ്പെട്ട ഈ അമ്മമാരോട് ആരു മറുപടി പറയും. അത്രയും തേങ്ങുകയാണ് ഈ മാതൃഹൃദയങ്ങൾ. കുടുംബാംഗങ്ങൾ തമ്മിൽ ഇഴയടുപ്പമുള്ള ബന്ധം പുലർത്തുന്ന ഇവർക്ക് ഒരു ഇളംകണ്ണി പൊട്ടിനുറുങ്ങിയത് വിശ്വസിക്കാനേ കഴിയുന്നില്ല.
അപകടവിവരം അറിഞ്ഞതുമുതൽ ഈ അമ്മമാരോടൊക്കെ അവർ കുഴപ്പമില്ലാതെ വരുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് പരിക്ക് സാരമാണെന്ന് ഓർമിപ്പിച്ചു. ശനിയാഴ്ച രാവിലെ മുതൽ ജലപാന മില്ലാതെ കിടക്കുകയായിരുന്ന ഈ അമ്മമാർക്ക് ഇന്നലെ മക്കളെ എത്തിച്ചപ്പോൾ കരയാനുള്ള ശക്തിപോലുമില്ലായിരുന്നു. എന്നാലും വിങ്ങിപ്പൊട്ടുന്ന ആ മാതൃഹൃദയങ്ങളുടെ വിങ്ങൽ ഏവർക്കും ബോധ്യമാകുമായിരുന്നു.
അകാലത്തിൽ വിധവകളാകേണ്ടിവന്നരും ജീവിതഭാരവും വേദനയുളവാക്കുന്നതായി. മരിച്ച സോണിമോന്റെ ഭാര്യ ലിസി കുറവിലങ്ങാട് ഇടവക കുടുംബകൂട്ടായ്മ യൂണിറ്റ് സെക്രട്ടറിയുമാണ്. മരിച്ച ജെയിന്റെ ഭാര്യ നീനുമോൾ ഭർത്താവിന്റെ മരണവിവരമറിഞ്ഞ് വിദേശത്തുനിന്നാണ് നാട്ടിലെത്തിയത്. ജീവിച്ചു തുടങ്ങും മുമ്പേയെത്തിയ വാഹനാപകടം സ്വപ്നങ്ങൾ തകർത്തതിന്റെ വേദനപോലും പറയാനാകാതെ തേങ്ങുകയാണ് ഇവർ.