140 വർഷമായെങ്കിലും ബിനു വർഗീസിന്റെ ഭവനത്തിനു പ്രായം തോന്നിക്കില്ല
1490991
Monday, December 30, 2024 5:53 AM IST
മുണ്ടക്കയം: 140 വർഷമായെങ്കിലും ബിനു വർഗീസിന്റെ ഭവനത്തിനു പ്രായം തോന്നിക്കില്ല. തനിമ ഒട്ടും നഷ്ടപ്പെടാതെ പ്രകൃതി മനോഹരവും ആധുനിക സൗകര്യങ്ങളുമുള്ളതാക്കി തീർത്തിരിക്കുകയാണ് മുണ്ടക്കയം ബൈപാസിനു സമീപം താമസിക്കുന്ന കോഴികൊത്തിയിൽ ബിനു വർഗീസ്.
ബിനുവിന്റെ പൂർവികരാണ് അറയും നിലയുമുള്ള പുരാതനമായ വീട് പണിതത്. കാലപ്പഴക്കം മൂലം പഴയ വീടിന് പരിമിതികൾ ഏറെയായിരുന്നു. എന്നാൽ, ഇതു പൊളിച്ചുകളയുവാൻ ബിനു തയാറായിരുന്നില്ല.
പഴയ വസ്തുക്കൾ ശേഖരിച്ച് പ്രത്യേക രീതിയിൽ തയാറാക്കിയാണ് വീട് അലങ്കരിച്ചിരിക്കുന്നത്. വീടിന്റെ പ്രവേശന കവാടം തന്നെ റാന്തൽ വിളക്കുകളും മറ്റു സജ്ജീകരണങ്ങൾ കൊണ്ടും മനോഹരമാക്കി ഒരുക്കിയിരിക്കുന്നു. വീടിന്റെ മുറ്റത്ത് പാകിയിരിക്കുന്ന തറയോടുകൾ വരെ ബിനു സ്വന്തമായി അച്ചിൽ വാർത്തെടുത്തതാണ്.
വീടിന്റെ മുന്പിലെ അക്വേറിയം പഴയ തെർമോക്കോൾ ഉരുക്കിയാണ് നിർമിച്ചിരിക്കുന്നത്. പണ്ടുകാലത്ത് സിനിമാ തിയറ്ററുകളിൽ ഉപയോഗിച്ചുകൊണ്ടിരുന്ന സൗണ്ട് സിസ്റ്റമാണ് വീട്ടിലെ സിനിമാ തിയറ്ററിനുള്ളിൽ ക്രമീകരിച്ചിരിക്കുന്നത്.
മുണ്ടക്കയം ടൗണിൽ ഗ്യാലക്സി ജംഗ്ഷനിൽ കൂൾബാർ നടത്തുകയാണ് ബിനു. ഒഴിവു നേരങ്ങളിലാണ് ഇത്തരം നിർമാണത്തിനായി ബിനു വർഗീസ് സമയം കണ്ടെത്തുന്നത്.
ഭാര്യ ശാലിനി മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിലെ അധ്യാപികയാണ്. മക്കളായ ഡിനോയും ഡിയോണും വിദ്യാർഥികളാണ്.