യാത്രക്കാരുടെ ജീവന് ഭീഷണിയായി ബസുകളുടെ മത്സരയോട്ടം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി
1490989
Monday, December 30, 2024 5:53 AM IST
പള്ളിക്കത്തോട്: പതിനെട്ടാം മൈൽ പെട്രോൾ പമ്പിന് മുൻവശം സ്വകാര്യ ബസിനെ ഇടതുവശം വഴി അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്കെതിരേ പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ശനിയാഴ്ച വൈകുന്നേരം 6.30ന് സ്വകാര്യബസ് പതിനെട്ടാം മൈലിൽ നിർത്തി ബസിൽനിന്ന് യുവതി ഡോർ തുറന്ന് ഇറങ്ങിയ സമയമാണ് തൊട്ടു പിന്നിലുണ്ടായിരുന്ന കെഎസ്ആർടിസി സ്വകാര്യ ബസിന്റെ ഇടതു സൈഡിൽ കൂടി അപകടകരമായ രീതിയിൽ കടന്നുപോയത്. കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ കണ്ട് സ്വകാര്യ ബസിന്റെ ഡോറിനോടു ചേർന്നുനിന്നതുകൊണ്ട് മാത്രമാണ് വൻ അപകടത്തിൽനിന്നും യുവതി രക്ഷപ്പെട്ടത്.
സംഭവം സമീപത്തെ പെട്രോൾ പമ്പിന്റെ സിസിടിവിയിൽനിന്നും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ട പള്ളിക്കത്തോട് സ്റ്റേഷൻ എസ്എച്ച്ഒ കെ.പി. ടോംസൺ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നിർദേശാനുസരണം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ രാജേഷ് കുമാറിന് എതിരേയാണ് കേസെടുത്തത്. സംഭവത്തെപ്പറ്റി വിശദമായ റിപ്പോർട്ട് വകുപ്പ് തല നടപടിക്കായി കെഎസ്ആർടിസിക്ക് നൽകുന്നതാണ്. മാറാനാത്ത എന്ന സ്വകാര്യബസും കെഎസ്ആർടിസി ബസും മത്സരയോട്ടം നടത്തുകയും കെഎസ്ആർടിസി ബസിനെ കടത്തിവിടാതിരിക്കുന്നതിനുവേണ്ടി റോഡ് സൈഡിൽ ആവശ്യത്തിന് വീതി ഉണ്ടായിരുന്നിട്ടും സ്വകാര്യബസ് നടുറോഡിൽ നിർത്തി ആളെ ഇറക്കുകയായിരുന്നു.
ഇങ്ങനെ വാഹനം നിർത്തി ആളെ ഇറക്കിയ സ്വകാര്യ ബസ് ഡ്രൈവറായ സിബിക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെകെ റോഡിൽ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന് കർശനമായ പോലീസ് പരിശോധന ഉണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് പറഞ്ഞു.