മുണ്ടക്കയം ബൈപാസിൽ മാലിന്യനിക്ഷേപം
1490987
Monday, December 30, 2024 5:53 AM IST
മുണ്ടക്കയം: മുണ്ടക്കയം ബൈപാസിന്റെ വശങ്ങളിൽ മാലിന്യനിക്ഷേപം വ്യാപകം. ബൈപാസ് റോഡിൽ വെള്ളനാടി കവലയ്ക്കു സമീപം പൈങ്ങനാ തോടിനു കുറുകെയുള്ള പാലത്തോട് ചേർന്നാണ് മാലിന്യനിക്ഷേപം വ്യാപകമായിരിക്കുന്നത്. പ്ലാസ്റ്റിക് കവറിലും ചാക്കിലും കെട്ടി ലോഡുകണക്കിന് മാലിന്യമാണ് ഇവിടെ തള്ളിയിരിക്കുന്നത്. മത്സ്യ, മാംസ അവശിഷ്ടങ്ങളും വീടുകളിലെ മാലിന്യവുമാണ് ഇവിടെ കൂടികിടക്കുന്നത്. മാലിന്യത്തിൽനിന്നുയരുന്ന ദുർഗന്ധം മൂലം മുക്കുപൊത്തി സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
പ്രദേശത്ത് തെരുവുനായ ശല്യവും രൂക്ഷമാണ്. ഇതുമൂലം കാൽനടയാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. തെരുവുനായ്കൾ മാലിന്യങ്ങൾ കടിച്ചുവലിച്ച് റോഡിലേക്കിട്ട് റോഡിന്റെ വശങ്ങളിലെല്ലാം മാലിന്യങ്ങൾ ചിതറക്കിടക്കുന്ന കാഴ്ചയാണുള്ളത്.
കൂടാതെ ബൈപാസിന്റെ വശങ്ങളിലെ നടപ്പാതയിലും സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ വലിയതോതിൽ നിക്ഷേപിച്ചിരിക്കുകയാണ്. മുന്പും ഇവിടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്നു. തുടർന്ന് മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്യുകയും മാലിന്യ നിക്ഷേപം തടയാൻ കർശന നടപടിയും സ്വീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, മാസങ്ങൾ പിന്നിട്ടതോടെ വീണ്ടും ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. പുലർച്ചെ നിരവധി ആളുകളാണ് പ്രഭാത സവാരിക്കായി ബൈപാസിൽ എത്തുന്നത്. മാലിന്യനിക്ഷേപം ഇവർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.