മൈത്രി നിറയുന്ന ചന്ദനക്കുടത്തിന് ഒരുക്കങ്ങൾ തുടങ്ങി
1490984
Monday, December 30, 2024 5:40 AM IST
എരുമേലി: അയ്യപ്പഭക്തർക്കും അമ്പലപ്പുഴ, ആലങ്ങാട്ടു സംഘങ്ങളുടെ പേട്ടതുള്ളലിനും മുസ്ലിം ജമാഅത്ത് നൽകുന്ന ഐക്യദാർഢ്യമായ ചന്ദനക്കുട ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ തുടങ്ങി. ജനുവരി പത്തിനാണ് ചന്ദനക്കുട ആഘോഷം. പിറ്റേന്നാണ് അമ്പലപ്പുഴ, ആലങ്ങാട്ടു സംഘങ്ങളുടെ ഐതിഹ്യ പ്രസിദ്ധമായ പേട്ടതുള്ളൽ.
രാത്രി കാഴ്ചയ്ക്ക് ഏറെ ഭംഗി നിറച്ച് വൈദ്യുതി ദീപങ്ങളിൽ അലങ്കരിച്ചിരിക്കുകയാണ് നൈനാർ ജുമാ മസ്ജിദും കൊച്ചമ്പലവും വലിയമ്പലവും. മസ്ജിദിന്റെ ഉയരമേറിയ മിനാരങ്ങളിൽ സുരക്ഷാ സംവിധാനങ്ങളോടെ തമിഴ്നാട് നാഗർകോവിൽ സ്വദേശികളായ പരിശീലനം നേടിയ തൊഴിലാളികൾ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചതോടെ ദീപാലങ്കാര ജോലികൾ പൂർത്തിയായി. ശബരിമല നട തുറക്കുന്നത് ഇന്നാണെങ്കിലും അയ്യപ്പ ഭക്തരുടെ തിരക്കിലായിരിക്കുകയാണ് എരുമേലി.
നാളെ കൊടിയേറും
നാളെ രാത്രി ഏഴിന് ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി ജുമാ മസ്ജിദിൽ കൊടി ഉയർത്തുന്നതോടെ ആഘോഷങ്ങളുടെ തുടക്കമാകും. തുടർന്ന് ജനുവരി പത്തിന് വൈകുന്നേരത്തോടെ ആഘോഷങ്ങൾ തുടങ്ങുമെന്ന് ജമാഅത്ത് സെക്രട്ടറി മിഥുലാജ് പുത്തൻവീട് അറിയിച്ചു. അമ്പലപ്പുഴ പേട്ടതുള്ളൽ സംഘവുമായുള്ള സൗഹൃദ സമ്മേളനം ജമാഅത്ത് ഹാളിൽ നടക്കും.
മന്ത്രിമാരായ വി. അബ്ദുൽ റഹ്മാൻ, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും. ഇതിന് ശേഷം മൂന്ന് ആനകളുടെ അകമ്പടിയോടെ ചന്ദനക്കുട ഘോഷയാത്ര പുറപ്പെടും. ചെണ്ടമേളം, ശിങ്കാരി മേളം, നിലക്കാവടി, പൂക്കാവടി, പോപ്പർ ഇവന്റ്, സഞ്ചരിക്കുന്ന ഇശൽ ഗാനമേള, തമ്പോലം ഉൾപ്പടെ വാദ്യഘോഷങ്ങളും കലാപരിപാടികളും അണിനിരക്കും. ജില്ലാ ഭരണകൂടം, പോലീസ്, ആരോഗ്യ വകുപ്പ്,
കെഎസ്ആർടിസി, വ്യാപാരി വ്യവസായി സംഘടനകൾ തുടങ്ങിയവയുടെ സ്വീകരണങ്ങളോടെ ചരള, ടൗൺ ചുറ്റി പോലീസ് സ്റ്റേഷൻ ഭാഗത്തു നിന്നും എത്തി വലിയമ്പലത്തിൽ ഘോഷയാത്ര പ്രവേശിക്കും. ഘോഷയാത്ര പുലർച്ചെ പള്ളിയിൽ എത്തുന്നതോടെ കൊടിയിറങ്ങും.
ഇത്തവണ തിരക്കേറും
മുൻ വർഷങ്ങളേക്കാൾ ഇത്തവണ തിരക്കേറുമെന്നാണ് പോലീസ് കരുതുന്നത്. ഇത് മുൻനിർത്തി വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളുമാണ് സജ്ജമാക്കുകയെന്ന് പോലീസ് അറിയിച്ചു. മസ്ജിദിലും ക്ഷേത്രങ്ങളിലും മെറ്റൽ ഡി്റക്ടർ വാതിൽ വഴിയാണ് പ്രവേശനം. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സേവനവുമുണ്ട്. ഹൈടെക് കൺട്രോൾ റൂമിൽ നിരീക്ഷണ കാമറകളിലെ തത്സമയ ദൃശ്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കും.
അപകടങ്ങൾ ഒഴിവാക്കാൻ പാതകളിൽ ഇടവേളകൾ ചുരുക്കി പട്രോളിംഗിന് നിർദേശമുണ്ട്. ഹെലികോപ്റ്ററിലും ഡ്രോൺ മുഖേനെയും നിരീക്ഷണം തുടരാനും തീരുമാനിച്ചിട്ടുണ്ട്.
കണമല റൂട്ടിൽ വിലക്ക് വേണം
ചരക്ക് വാഹനങ്ങളെ കരിങ്കല്ലുമുഴി - കണമല വഴി കടത്തി വിടരുതെന്ന് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പല തവണ പോലീസിന് കത്ത് നൽകിയതാണെന്ന് വകുപ്പിന്റെ റോഡ് സേഫ് സോൺ വിഭാഗം പറയുന്നു. ചെമ്പകപ്പാറ ഭാഗത്തെ പാറമടയിൽ നിന്നുള്ള ടോറസ് ലോറികൾ വലിയ ഭാരവുമായി കരിങ്കല്ലുമുഴി ഇറക്കത്തിലൂടെ സഞ്ചരിക്കുന്നത് അപകടങ്ങൾക്കിട നൽകും.
കരിങ്കല്ലുമുഴി ഇറക്കത്തിൽ നിയന്ത്രണം തെറ്റിയാൽ വലിയ അപകടമാകും സംഭവിക്കുക. നിലവിൽ ഒട്ടേറെ തവണ അപകടങ്ങൾ സംഭവിച്ചതാണ്. തീർഥാടകരുടെയും നാട്ടുകാരുടെയും സുരക്ഷിതത്വത്തിന് ടോറസ് ലോറികളുടെ ഇതുവഴിയുള്ള സഞ്ചാരം വിലക്കണമെന്നും പകരം മറ്റ് സമാന്തര പാതകൾ വഴി ലോറികൾ കടത്തിവിടണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്നു.
മണിപ്പുഴ - വെകുറിഞ്ഞി, എംഇഎസ് - പ്രപ്പോസ് റോഡുകൾ ഭാരവാഹനങ്ങൾക്ക് അനുയോജ്യമായ സമാന്തര പാതകൾ ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.