വൈക്കം-ചെന്നൈ, വേളാങ്കണ്ണി ബസുകൾ ജനുവരി ഒന്നിന്
1490981
Monday, December 30, 2024 5:40 AM IST
വൈക്കം: വൈക്കത്തുനിന്നു വേളാങ്കണ്ണിയിലേക്കും ചെന്നൈയിലേക്കുമുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് സർവീസുകൾ ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.
ഇതുസംബന്ധിച്ച് തമിഴ്നാട് ട്രാൻസ്പോർട്ട് മന്ത്രി എസ്.എസ്. ശിവശങ്കർ ഫോണിൽ വിളിച്ച് സംസാരിച്ചതായും എംപി പറഞ്ഞു.ഇരു റൂട്ടുകളിലും അൾട്രാ ഡീലക്സ് ബസാണ് സർവീസ് നടത്തുക. വൈക്കത്തു നിന്നു ചെന്നൈയിലേക്ക് 810 രൂപയും വേളാങ്കണ്ണിയിലേക്ക് 715 രൂപയുമാണ് നിരക്ക്.
വൈക്കത്തുനിന്ന് ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെടുന്ന ബസ് കോട്ടയം, കുമളി, തേനി, ഡിൻഡിഗൽ, ട്രിച്ചി വഴി രാവിലെ എട്ടിന് ചെന്നൈയിൽ എത്തിച്ചേരും. ചെന്നൈയിൽ നിന്ന് വൈകുന്നേരം നാലിനു പുറപ്പെടുന്ന ബസ് രാവിലെ 8.30 ന് വൈക്കത്ത് എത്തിച്ചേരും.
വൈക്കത്തുനിന്നു വൈകുന്നേരം നാലിനു പുറപ്പെടുന്ന ബസ് കോട്ടയം , തെങ്കാശി, മധുര, തഞ്ചാവൂർ വഴി രാവിലെ 7.45 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. വേളാങ്കണ്ണിയിൽനിന്നു വൈകുന്നേരം 4.30 ന് പുറപ്പെടുന്ന ബസ് രാവിലെ 8.15 ന് വൈക്കത്ത് എത്തിച്ചേരും.