പുതുവത്സരാഘോഷം: കനത്ത ജാഗ്രതയിൽ പോലീസ്
1490980
Monday, December 30, 2024 5:40 AM IST
കോട്ടയം: പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കാൻ നിതാന്ത ജാഗ്രതയിൽ കോട്ടയം ജില്ലാ പോലീസ്. പുതുവത്സരാഘോഷങ്ങള്‍ക്ക് ശക്തമായ സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ്.
അനധികൃത മദ്യവിൽപ്പന, മയക്കുമരുന്ന് ഉപയോഗം, പൊതുസ്ഥലത്തെ മദ്യപാനം എന്നിവയ്ക്കെതിരേ കർശന നിയമനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പ്രത്യേക പരിശോധനകൾ നടത്തും.
അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരേയും നടപടിയുണ്ടാകും. അനധികൃത മദ്യ നിർമാണം, ചാരായ വാറ്റ്, സെക്കൻഡ്സ് മദ്യവിൽപന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെയും നിയോഗിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുമുണ്ട്.
ജില്ലയിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ വാഹനങ്ങളും നിരീക്ഷിക്കുന്നതിന് പരിശോധന ശക്തമാക്കി. കൂടാതെ കാപ്പാ നിയമനടപടി സ്വീകരിച്ചിട്ടുള്ളവരെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെയും ഏർപ്പെടുത്തിയിട്ടുണ്ടെന്നു ജില്ലാ പോലീസ് ചീഫ് പറഞ്ഞു.