സിപിഎം ജില്ലാ സമ്മേളനം: എ.വി. റസല്‍ സെക്രട്ടറിയായി തുടരും
1490979
Monday, December 30, 2024 5:40 AM IST
കോട്ടയം: ജനുവരി രണ്ടുമുതല്‍ പാമ്പാടിയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറിയായി എ.വി. റസല്‍ തുടരും. റസല്‍ സെക്രട്ടറിയായി ഒന്നാം ടേമാണ് പൂര്‍ത്തിയാക്കുന്നത്.
2022 ജനുവരിയില്‍ കോട്ടയത്തു നടന്ന സമ്മേളനത്തിലാണ് റസല്‍ സെക്രട്ടറിയാകുന്നത്. സെക്രട്ടറിയായിരുന്ന വി.എന്‍. വാസവന് നിയമസഭാ തെരപ്പെടുപ്പില് മത്സരിച്ചപ്പോള്‍ റസലിനു താത്കാലിക ചുമതല ലഭിക്കുകയായിരുന്നുു. തുടര്‍ന്ന് ജില്ലാ സമ്മേളനത്തില്‍ ഔദ്യോഗികമായി സെക്രട്ടറിയായി. ഇത്തവണയും റസല്‍ സെക്രട്ടറിയായി തുടരും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ.കെ. ബാലന്, ഡോ. തോമസ് ഐസക്, കെ. രാധാകൃഷ്ണന്, കെ.കെ. ശൈലജ, സി.എസ്. സുജാത,
സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ടി.പി. രാമകൃഷ്ണന്, ആനാവൂര്‍ നാഗപ്പന്, കെ.കെ. ജയചന്ദ്രന്, പി.കെ. ബിജു, വി.എന്‍. വാസവന് എന്നിവര്‍ സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കും. അഞ്ചിനു വൈകുന്നേരം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.