പുതുവര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തില്‍ അധികാരമാറ്റം കെ.വി. ബിന്ദു സ്ഥാനമൊഴിയും; ഹേമലത പ്രേംസാഗര്‍ പുതിയ പ്രസിഡന്റ്
1490977
Monday, December 30, 2024 5:40 AM IST
കോട്ടയം: പുതുവര്‍ഷാരംഭത്തില്‍ ജില്ലാ പഞ്ചായത്തില്‍ അധികാരമാറ്റം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ കെ.വി. ബിന്ദു സ്ഥാനമൊഴിയും. എല്‍ഡിഎഫ് ധാരണ പ്രകാരമാണ് രാജി. ജില്ലാ പഞ്ചായത്തിന്റെ ഇനിയുള്ള ഒരു വര്‍ഷക്കാലം പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കാണ്. കങ്ങഴ ഡിവിഷനംഗം ഹേമലതാ പ്രേംസാഗറാണ് അടുത്ത പ്രസിഡന്റ്.
എല്‍ഡിഎഫ് ധാരണപ്രകാരം പ്രസിഡന്റുസ്ഥാനം കേരള കോണ്‍ഗ്രസ്-എമ്മിനും സിപിഎമ്മിനും രണ്ടു വര്‍ഷം വീതവും ഒരു വര്‍ഷക്കാലം സിപിഐക്കുമെന്നായിരുന്നു. ആദ്യ ടേം കേരള കോണ്‍ഗ്രസ്-എമ്മിനു നല്കാന് എല്‍ഡിഎഫ് സംസ്ഥാന നേതൃത്വവും അന്ന് തീരുമാനമെടുത്തിരുന്നു. ഇതിന്‍പ്രകാരം കുറവിലങ്ങാട് ഡിവിഷനംഗം കേരള കോണ്‍ഗ്രസ്-എമ്മിലെ നിര്‍മല ജിമ്മിയായിരുന്നു ആദ്യ ടേം പ്രസിഡന്റ്. രണ്ടാമത്തെ ടേമിലാണ് കുമരകം ഡിവിഷനംഗം സിപിഎമ്മിലെ കെ.വി. ബിന്ദു പ്രസിഡന്റാകുന്നത്.
വൈസ് പ്രസിഡന്റ് ആദ്യ രണ്ടു വര്‍ഷം സിപിഎമ്മിനും അതു കഴിഞ്ഞ് ഒരു വര്‍ഷം സിപിഐയ്ക്കും അവസാന രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസ്-എമ്മിനെന്നുമായിരുന്നു ധാരണ. ഇതിന്‍പ്രകാരം ആദ്യ ടേം വെള്ളൂര്‍ ഡിവിഷനംഗം സിപിഎമ്മിലെ ടി.എസ്. ശരതും അതു കഴിഞ്ഞ് ഒരു വര്‍ഷം എരുമേലി ഡിവിഷനംഗം ശുഭേഷ് സുധാകരനും വൈസ്പ്രസിഡന്റായി. ഇപ്പോള്‍ കടുത്തുരുത്തി ഡിവിഷനംഗം കേരള കോണ്‍ഗ്രസ്-എമ്മിലെ ജോസ് പുത്തന്കാലയാണ് വൈസ് പ്രസിഡന്റ്.
22 അംഗ ജില്ലാ പഞ്ചായത്തില്‍ സിപിഎം-ആറ്, കേരള കോണ്‍ഗ്രസ് എം-അഞ്ച്, കോണ്‍ഗ്രസ്-അഞ്ച്, സിപിഐ-മൂന്ന്, കേരള കോണ്‍ഗ്രസ്-രണ്ട്, ബിജെപി-ഒന്ന് എന്നിങ്ങനെയാണു കക്ഷിനില. ഷോണ്‍ ജോര്‍ജ് അംഗമായിരുന്ന കേരള ജനപക്ഷം ബിജെപിയില്‍ ലയിച്ചതോടെയാണ് ജില്ലാ പഞ്ചായത്തില്‍ ബിജെപിക്ക് പ്രാതിനിധ്യമായത്.