2024 : ഓര്‍മച്ചിത്രങ്ങള്‍
1490976
Monday, December 30, 2024 5:40 AM IST
നേട്ടങ്ങളും നഷ്ടങ്ങളും നൊമ്പരങ്ങളുമൊക്കെയായി ഒരു വർഷംകൂടി മറയുകയാണ്. കാലവും കാലാവസ്ഥയും കാഴ്ചപ്പാടും അപ്പാടെ മാറിമറിഞ്ഞു. കോട്ടയം ജില്ലയില്‍ ജനനനിരക്ക് മാത്രമല്ല ജനങ്ങളുടെ എണ്ണംതന്നെ അതിവേഗം കുറയുകയാണ്. പ്രത്യേകിച്ചും 25 വയസില്‍ താഴെയുള്ള യുവജനങ്ങള്‍ കൂട്ടത്തോടെ നാടുവിടുന്ന ജില്ലകളിലൊന്നായി കോട്ടയം. കാര്‍ഷികമേഖല പോയ വര്‍ഷവും പിന്നോട്ടടിച്ചു. വന്യമൃഗഭീഷണിക്കു കുറവൊന്നുമില്ല. ഓര്‍മച്ചെപ്പില്‍ ബാക്കിവയ്ക്കാന്‍ എത്രയോ സംഭവങ്ങള്‍...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ യുഡിഎഫിലെ കെ. ഫ്രാന്‍സിസ് ജോര്‍ജ് വിജയിച്ചു. ജില്ല അതിരിടുന്ന ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും വിജയം ആവര്‍ത്തിച്ചു. കോട്ടയം കാണക്കാരി സ്വദേശി ജോര്‍ജ് കുര്യന് കേന്ദ്രമന്ത്രിയായി.
ജില്ലാ കളക്ടറായി ജോണ്‍ ബി. സാമുവലും പോലീസ് മേധാവിയായി എ. ഷാഹുല്‍ ഹമീദും ചുമതലയേറ്റു. റബര്‍ ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ വിരമിച്ചു.
കോട്ടയത്ത് പുതിയ റെയില്‍വേ ടെര്‍മിനലും ഇരട്ടപ്പാതയും വന്നെങ്കിലും പുതിയ ട്രെയിനുകള്‍ എത്തിയില്ല. ട്രെയിന്‍ യാത്രാദുരിതം അങ്ങേയറ്റമായി. വേണാടിലും പാലരുവിയിലും മലബാറിലും യാത്രക്കാര്‍ ഞെരുങ്ങിവീണു.
ആരോഗ്യരംഗത്ത് ജില്ലയ്ക്ക് ഏറെ നേട്ടങ്ങള്‍ കൈവരിക്കാനായി. കോട്ടയം മെഡിക്കല്‍ കോളജില്‍ അടിപ്പാതയും കെട്ടിടങ്ങളുമുണ്ടായി. പകര്‍ച്ചവ്യാധി ഭീഷണി ഇക്കൊല്ലമുണ്ടായില്ല.
ചങ്ങനാശേരി അതിരൂപതയ്ക്കും കത്തോലിക്കാ സഭയ്ക്കും കരുതലും കാവലുമായിരുന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ചു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അതിരൂപതയുടെ പുതിയ ഇടയനായി. വിജയപുരം രൂപതയില്‍ സഹായമെത്രാനായി ഡോ. ജസ്റ്റിന് മഠത്തിപ്പറമ്പില്‍ അഭിഷിക്തനായി.
ആഗോളകത്തോലിക്കാ സഭയ്ക്കും ചങ്ങനാശേരിക്കും അഭിമാനം പകര്‍ന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാള്‍ പദവിയിലെത്തി. പാലാ രൂപത സീറോ മലബാര്‍ സഭാ എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് ആതിഥേയത്വം വഹിച്ചു. ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവാ തിരുവഞ്ചൂര്‍ തൂത്തൂട്ടി ധ്യാനകേന്ദ്രത്തിലെത്തി.
കാലാവസ്ഥ ആകെ തകിടം മറിഞ്ഞു. കൊടുംവേനലോടെ വന്ന 2024ല്‍ ചൂട് കോട്ടയത്ത് 40 ഡിഗ്രിയില്‍ റിക്കാര്‍ഡിട്ടു. മാര്‍ച്ചും ഏപ്രിലും മണ്ണിനെ മാന്തിക്കീറി. കുടിവെള്ളം വറ്റി. ജൂണ്‍ മുതല്‍ ഏഴു മാസം നീണ്ട മഴപ്പെയ്ത്തില്‍ 10 ശതമാനം വര്‍ധനവുണ്ടായി. പ്രളയവും വെള്ളപ്പൊക്കവും മലയിടിച്ചിലും ഇക്കൊല്ലം ഭീഷണിയായില്ല.
ഭക്ഷണത്തിന് ഇത്ര വിലകയറിയ വര്‍ഷം വേറെയില്ല. ഒരു കിലോ മത്തിക്ക് 400 വരെയെത്തി. പോത്ത്, പന്നിയിറച്ചി വില 400നു മുകളില്‍. ആട്ടിറച്ചി 1000. പച്ചക്കറി മിക്കയിനങ്ങളും 100 രൂപ കടന്നു. സവോളയും ഉള്ളിയും 80 കടന്നു. വെളുത്തുള്ളി 450 വരെ.
ഇഞ്ചിവിലയും ഇതേ നിരക്കില്‍. കപ്പ 40 രൂപ. വാഴപ്പഴം 100 വരെ. ഇത്തരത്തില്‍ പോക്കറ്റ് കീറുന്ന ബാധ്യതയിലാണു ചെറുകിടക്കാര്‍. വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വന്‍പരാജയമായി. കര്‍ഷകര്‍ വിഭവങ്ങള്‍ വിറ്റാല്‍ വിലയില്ല. അതേസമയം കടകളില്‍ വിലക്കൊള്ളയാണ്. സംഭരണസംവിധാനങ്ങളില്ലാതെ വന്നതാണു കര്‍ഷകരുടെ പരിമിതി.
വന്യമൃഗ ഭീഷണി വിട്ടൊഴിയുന്നില്ല. കഴിഞ്ഞ ഈസ്റ്റര്‍ ദിനം രാത്രി തുലാപ്പള്ളിയില്‍ കാട്ടാന കര്‍ഷകനെ ദാരുണമായി അടിച്ചു കൊലപ്പെടുത്തി. ആനയും പന്നിയും പോത്തും കുരങ്ങും മലയണ്ണാനും വന്നാശമുണ്ടാക്കുന്നു. കിഴക്കന്‍ മലയോരങ്ങളില്‍ പുലിയെയും കടുവയെയും കണ്ടു. പലയിടങ്ങളിലും കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി.
ചെറുതും വലുതുമായ അപകടങ്ങളില്‍ അന്‍പതോളം മരണങ്ങള്. തേനി കാറപകടത്തില്‍ കഴിഞ്ഞ ദിവസം കുറവിലങ്ങാട് സ്വദേശികളായ മൂന്നു യുവാക്കളുടെ മരണംവരെ ഒരുപാട് നൊമ്പരങ്ങള്‍. അന്‍പതിലേറെ പേര് മരിച്ച കുവൈറ്റിലെ മംഗഫ് ഫ്ളാറ്റിലെ തീപിടിത്തത്തില്‍ കോട്ടയത്തിനും മൂന്നു പേരെ നഷ്ടമായി. സ്റ്റെഫിന് (പാമ്പാടി), ശ്രീഹരി (ഇത്തിത്താനം) ഷിബു (പായിപ്പാട്) എന്നിവരുടെ മരണം നാടിനും വീടിനും തീരാദുഃഖമായി.
ഉന്നത വിദ്യാഭ്യാസത്തില്‍ വലിയ സംഭാവനകള്‍ അര്‍പ്പിച്ച പാലാ സെന്റ് തോമസ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ്, അരുവിത്തുറ സെന്റ് ജോര്‍ജ്സ് കോളജുകള്‍ക്ക് ജൂബിലി വര്‍ഷം. എംജി വാഴ്സിറ്റിയും വിവിധ കോളജുകളും ദേശീയ അന്തര്‍ദേശീയ സെമിനാറുകള്‍ക്കു വേദിയായി. എംജി വാഴ്സിറ്റി ആസ്ഥാനത്ത് പുതിയ സ്റ്റേഡിയം വന്നു.
കര്‍ഷകരുടെ കണ്ണീര് തോരുന്നില്ല. റബര്‍ വില 160 രൂപയില്‍നിന്ന് 250 രൂപവരെ ഉയര്‍ന്ന് റിക്കാര്‍ഡിട്ട് അതിലും വേഗത്തില്‍ 170 ലേക്ക് താഴുകയും ചെയ്തു. റബറിനെച്ചൊല്ലി സമരവേലിയേറ്റമുണ്ടായെങ്കിലും കേന്ദ്രവും സംസ്ഥാനവും റബറിന് കരുതലായില്ല. നെല്‍കൃഷി പോയവര്‍ഷവും ചൂതുകളിയായിരുന്നു.
സംഭരണവില വര്‍ധിപ്പിച്ചില്ല. വിറ്റ നെല്ലിനു വില മാസങ്ങള്‍ വൈകുകയും ചെയ്തു. തേങ്ങാവില കൂടിയപ്പോള്‍ നാളികേരം ഉത്പാദനം കുറഞ്ഞു. കുരുമുളക്, കാപ്പി, ഏലം വില കൂടിയെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഉത്പാദനം പേരിനു മാത്രമായി.
ജെസ്ന മരിയാ ജയിംസ് തിരോധാന കേസ് ഫയല്‍ സിബിഐ മടക്കിയെങ്കിലും ജെസ്നയുടെ പിതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സിജെഎം കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. തുടരന്വേഷണത്തില്‍ വ്യക്തമായ സൂചന ലഭിച്ചില്ല.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കൈപ്പുഴ സ്വദേശി സോജന് ജോസഫ് വിജയിച്ചു. ഓസ്ട്രേലിയയില്‍ മലയാളിയായ ജിന്സണ് ആന്റോ ചാള്‍സ് മന്ത്രിയായി.
കുമരകം വാര്‍ത്തകളില്‍ നിറഞ്ഞു. ജി 20 ഉച്ചകോടിക്കും വിഐപികളുടെ വരവിനും കുമരകം വേദിയായി. വൈക്കത്ത് തന്തൈ പെരിയാര്‍ സ്മാരക ഉദ്ഘാടനത്തിനു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് എത്തി.
മാധ്യമത്തറവാട്ടിലെ അക്ഷരമ്യൂസിയം അറിവിന്റെ വാതായനങ്ങള്‍ തുറന്നു. കേരളത്തിന്റെ മാധ്യമ, അക്ഷര ചരിത്രത്തിന്റെ തുറന്ന പ്രദര്‍ശനമാണ് ഇവിടെ കാണാനാകുക.
ജില്ലയില്‍നിന്നും വിദേശ കുടിയേറ്റം കൂടി. പുതുതലമുറ പഠനത്തിനും ജോലിക്കുമായി നാടുവിടുന്നു. അതേസമയം ഇതര സംസ്ഥാന തൊഴിലാളികളുടെ വരവ് കുത്തനെ കൂടി.
മുക്കാല്‍ നൂറ്റാണ്ടായി കൈവശമുള്ള ഭൂമിക്ക് പട്ടയം കിട്ടാതെ ഏറെപ്പേരുടെ കാത്തിരിപ്പ് തുടരുന്നു. പമ്പാവാലി, തുലാപ്പള്ളി, പൊന്തന്‍പുഴ, തീക്കോയി പ്രദേശങ്ങളിലായി രണ്ടായിരത്തോളം പേര്‍ക്ക് പട്ടയമില്ല. പമ്പാവാലിയെ വനപരിധിയില്‍ പെടുത്താന്‍ വനംവകുപ്പ് നടത്തിയ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു.
ജില്ലയുടെ വികസന പ്രതീക്ഷയാണ് ശബരി എയര്‍പോര്‍ട്ടും റെയില്‍പ്പാതയും. എയര്‍പോര്‍ട്ടിനുള്ള സാമൂഹികാഘാത പഠനം പൂര്‍ത്തിയായി. സ്ഥലം ഏറ്റെടുക്കല്‍ നോട്ടിഫിക്കേഷന്‍ അടുത്തവര്‍ഷം ആദ്യമാസങ്ങളില്‍ പ്രതീക്ഷിക്കുന്നു. ശബരി റെയില്‍വേയുടെ പണംമുടക്ക് സംബന്ധിച്ച തീരുമാനം അന്തിമമായിട്ടില്ല. മെച്ചപ്പെട്ട റോഡുകള്‍ ഏറെയുണ്ടായെങ്കിലും റോഡ് സുരക്ഷയില്‍ മുന്നിലല്ല. കാലപ്പഴക്കം ചെന്ന സര്‍ക്കാര്‍ ബോട്ടുകളിലെ ജലയാത്ര ഏറെ ഭീതി ഉയര്‍ത്തുന്നു.
സാഹിത്യകാരന് ഓംചേരി അന്തരിച്ചു. എംടിയുടെ രചനകളേറെയും അച്ചടിക്കപ്പെട്ട നാടെന്ന നിലയില്‍ അദ്ദേഹത്തിന്റെ മരണവും കോട്ടയത്തിന്റെ നഷ്ടമായി.