ഒരുമിച്ചു പോയി, ഒരുമിച്ചെത്തി; അലമുറയിട്ട് നാടും വീടും
1490975
Monday, December 30, 2024 5:40 AM IST
കുറവിലങ്ങാട്: ശനിയാഴ്ച പുലർച്ചയെത്താം എന്ന ഉറപ്പ് ഉറ്റവർക്കും ഉടയവർക്കും നൽകിപ്പോയ സുഹൃത്തുകൾ വാക്കുപാലിക്കാനെന്നോണം ഒരു ദിനം വൈകിയെങ്കിലും തിരികെയെത്തി. കളിചിരികളോടെ വീടിന്റെ വാതിൽകടന്നെത്തുന്നവരെ കാത്തിരുന്നവരുടെ പ്രതീക്ഷകളെല്ലാം ഇല്ലാതായതോടെ ഉയർന്ന തേങ്ങലുകൾ ഇന്നലെ സന്ധ്യയിൽ അലമുറയായി മാറി.
തേനിയിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ വഹിച്ച ആംബുലൻസുകൾ കുര്യം ഗോവിന്ദപുരം, നമ്പുശേരി കോളനികളുടെ പ്രവേശനകവാടത്തിൽ എത്തിയത് ജനസാഗരത്തിലേക്കായിരുന്നു. അണപൊട്ടിയൊഴുകിയ ദുഃഖം നിയന്ത്രിക്കാൻ കഴിയാതെ ആശ്വസിപ്പിക്കേണ്ടവർപ്പോലും വിങ്ങിപ്പൊട്ടി.
വിളിപ്പാടകലെയുള്ള മൂന്ന് വീടുകളിൽനിന്ന് തേങ്ങലുകളും ദുഃഖഗാനങ്ങളും ഒരുമിച്ച് മുഴങ്ങിയതോടെ നാടാകെ വേദനയിലമർന്നു. ജീവിതത്തിന്റെ നാനാതുറകളിലുള്ള അനേകരാണ് അനുശോചനമറിയിക്കാനായി വീടുകളിലെത്തുന്നത്.
മൂന്നുപേരുടെയും സംസ്കാരം ഇന്ന്
കുറവിലങ്ങാട്: തേനിയിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കുറവിലങ്ങാട് കുര്യം അമ്പലത്തുങ്കൽ എ.ഡി. പത്രോസി (കുട്ടി)ന്റെ മകൻ ജോബിൻ തോമസ് (33), കുര്യം കാഞ്ഞിരത്തിങ്കൽ പരേതനായ ജോസിന്റെ മകൻ സോണിമോൻ (45), കുര്യം കോയിക്കൽ പരേതനായ തോമസിന്റെ മകൻ ജെയിൻ തോമസ് (30) എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും.
പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ ഇന്നലെ രാത്രി ഏഴോടെ വീടുകളിലെത്തിച്ചു. സംസ്കാരശുശ്രൂഷകൾ ഓരോ ഭവനത്തിലും ഇന്ന് ഒൻപതിന് ആരംഭിക്കും. തുടർന്ന് മൃതദേഹങ്ങൾ ഒരുമിച്ച് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥാടന പള്ളിയിലേക്ക് വിലാപയാത്ര. ഇടവക പള്ളിയിലും സെമിത്തേരി പള്ളിയിലും ഒരുമിച്ച് പ്രാർഥനകൾ നടത്തും. മൃതദേഹങ്ങൾ വിവിധ കല്ലറകളിലായി സംസ്കരിക്കും.
വഴിതെളിച്ച് പോലീസ് വാഹനം; സൈറൺ മുഴക്കി ആംബുലൻസുകൾ
കുറവിലങ്ങാട്: വേദനയുടെ തിരതള്ളലിലും പ്രിയപ്പെട്ടവരുടെ അന്ത്യയാത്രയ്ക്കുള്ള ക്രമീകരണങ്ങളെല്ലാം കൃത്യം. വഴിതെളിച്ചെത്തിയ പോലീസ് വാഹനത്തിന് പിന്നാലെയാണ് സൈറൺ മുഴക്കിയ ആംബുലൻസുകൾ ഒന്നിന് പിന്നാലെ ഒന്നായി എത്തിയത്.
ഇന്നലെ വൈകുന്നേരം ഏഴോടെയാണ് മൃതദേഹങ്ങൾ സംവഹിച്ച ആംബുലൻസുകൾ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെത്തിയത്. നിരയായി നിന്ന ആംബുലൻസുകളിലേക്ക് നോക്കി നൂറുകണക്കായ ജനങ്ങൾ നെടുവീർപ്പിട്ടു. ചിലരൊക്കെ കണ്ണീർതുടച്ചു.
ത്രിതലപഞ്ചായത്തംഗങ്ങളും പൊതുപ്രവർത്തകരും പഞ്ചായത്ത് ബസ് സ്റ്റാൻഡിലെത്തിയിരുന്നു. തുടർന്ന് ആംബുലൻസുകൾ നിരയായി കുര്യത്തെ വീടുകളിലേക്ക് നീങ്ങി. ഒഴുകിയെത്തിയ ജനക്കൂട്ടത്തിലേക്ക് ആംബുലൻസുകളെത്തിയപ്പോൾ നാടൊന്നാകെ പൊട്ടിക്കരയുകയായിരുന്നു.
ജോസ് കെ.മാണി എംപിയുടെ ഇടപെടലിൽ സൗജന്യ ആംബുലൻസ് സൗകര്യമൊരുക്കി
കുറവിലങ്ങാട്: തേനി വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വീട്ടിലെത്തിക്കുന്നതിൽ സൗജന്യ ആംബുലൻസ് സൗകര്യം ഉറപ്പാക്കുന്നതിൽ ജോസ് കെ. മാണി എംപിയുടെ ഇടപെടൽ തുണയായി. അപകടവിവരമറിഞ്ഞതിനു പിന്നാലെ തേനി ജില്ലാ കളക്ടറെയും കോട്ടയം ജില്ലാ കളക്ടറെയും ഫോണിൽ വിളിച്ച് ജോസ് കെ. മാണി നിർദേശങ്ങൾ നൽകി.
മൂന്ന് ആംബുലൻസുകൾ ക്രമീകരിക്കാൻ വലിയ തുക ആവശ്യം വന്നതോടെയാണ് പരിഹാരം തേടി ജോസ് കെ.മാണി എംപിയെ സമീപിച്ചത്. അദ്ദേഹം റവന്യൂ മന്ത്രിയുമായി സംസാരിച്ച് സർക്കാർ ചെലവിൽ ആംബുലൻസ് ക്രമീകരിച്ചു.
കുമളിയിൽ കേരള അതിർത്തിയിൽ ആംബുലൻസുകളുമായെത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി കാഞ്ഞിരപ്പള്ളി തഹസിൽദാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
നാട്ടിൽ മൃതദേഹങ്ങൾ എത്തിച്ചതിനു പിന്നാലെ ജോസ് കെ. മാണി എംപി മൂന്നു പേരുടെയും വീടുകളിലെത്തി അനുശോചനം അറിയിച്ചു.
മോൻസ് ജോസഫ് എംഎൽഎ അനുശോചിച്ചു
കുറവിലങ്ങാട്: തേനി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ മോൻസ് ജോസഫ് എംഎൽഎ വീടുകളിലെത്തി അനുശോചനം അറിയിച്ചു. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ മൃതദേഹങ്ങൾ എത്തിച്ചപ്പോഴും എംഎൽഎ എത്തിയിരുന്നു.