മുനമ്പം: ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിലയ്ക്കല്‍ എക്യുമെനിക്കല്‍ കമ്മിറ്റി
1467665
Saturday, November 9, 2024 5:37 AM IST
കോട്ടയം: സ്വന്തം മണ്ണില്‍ അന്യരെപ്പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട മുനമ്പത്തെ അറുനൂറില്‍പ്പരം കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിലയ്ക്കല്‍ എക്യുമെനിക്കല്‍ കമ്മിറ്റി.
നീതി നിഷേധിക്കപ്പെട്ട മുനമ്പത്തെയും മറ്റു പ്രദേശങ്ങളിലെയും ജനതയ്ക്ക് നീതി നടപ്പിലാക്കി കൊടുക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
അനേകം വര്‍ഷങ്ങളായി സ്വന്തമായി അനുഭവിച്ചുവരുന്ന ഭൂസ്വത്തുക്കള്‍ ക്രയവിക്രയം നടത്താനോ, വായ്പ എടുക്കാനോ, മക്കളുടെ വിവാഹം, വിദ്യാഭ്യാസം എന്നിവ നടത്താനോ സാധിക്കാതെ പ്രയാസപ്പെടുന്ന ജനതയ്ക്ക് എത്രയും വേഗം ശാശ്വത പരിഹാരമുണ്ടാക്കിക്കൊടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ആവശ്യമെങ്കില്‍ നിയമഭേദഗതികളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പാമ്പാടി കുര്യാക്കോസ് ദയറായില്‍ ചേര്‍ന്ന നിലയ്ക്കല്‍ എക്യുമെനിക്കല്‍ കമ്മിറ്റി യോഗത്തില്‍ ട്രസ്റ്റ് വൈസ് ചെയര്മാന് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്, ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത, ഡോ. തോമസ് മാര്‍ തിമോത്തിയോസ്, ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം, ട്രഷറര്‍ ഏബ്രഹാം ഇട്ടിച്ചെറിയ,
ഷെവ. വി.സി. സെബാസ്റ്റ്യന്‍, റൂബി ജൂബിലി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് തേക്കടയില്‍, ഏബ്രഹാം മാത്യു, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഷൈജു മാത്യു ഒഐസി, റവ. തോമസ് കോശി പനച്ചിമൂട്ടില്‍, റവ. സോജി ജോണ്‍ വര്‍ഗീസ്, വര്‍ഗീസ് മാമ്മന്‍ കൊണ്ടൂര്‍, ബിനു വാഴമുട്ടം, ഷെവ. ബിബി ഏബ്രഹാം കടവുംഭാഗം എന്നിവര്‍ പ്രസംഗിച്ചു.