റബര്‍ വിലയിടിവിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരുകള്‍ക്ക്: ജോസ് കെ. മാണി
1467663
Saturday, November 9, 2024 5:37 AM IST
പാലാ: ലാഭകരമല്ലാത്ത നാണ്യവിള കൃഷി ഉപേക്ഷിക്കുന്ന തോട്ടഭൂമികള്‍ ഇതര കൃഷികള്‍ക്കായി ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നൽകണമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി. തോട്ടഭൂമിയില്‍ മറ്റു കൃഷികള്‍ പാടില്ലെന്ന വ്യവസ്ഥ മാറ്റണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് -എം ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബര്‍ വിലയിടിവിന് ഉത്തരവാദിത്വം അധികാരത്തിലിരുന്ന കേന്ദ്രസര്ക്കാരുകള്ക്കാണ്. റബര്‍ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി നിജപ്പെടുത്തണമെന്നും ജോസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്, സെക്രട്ടറി ജനറല്‍ സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, നേതാക്കളായ സണ്ണി തെക്കേടം, വി.ടി. ജോസഫ്, ജോസ് ടോം, ഔസേപ്പന്‍ വാളിപ്ലാക്കല്‍, ഫിലിപ്പ് കുഴികളം, ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലി, ജോസഫ് ചാമക്കാല, സിറിയക്ക് ചാഴികാടന്, പെണ്ണമ്മ ജോസഫ്, ജോസ് പുത്തന്‍കാല, ബ്രൈറ്റ് വട്ടനിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.
കോര്‍ കമ്മിറ്റിക്കു രൂപം നല്കി
പാലാ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുക്കങ്ങളുമായി കേരള കോണ്‍ഗ്രസ് -എം. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളിൽ മത്സരിക്കും. ഇതിനായി ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും അഞ്ച് അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോര്‍ കമ്മിറ്റിക്കു രൂപം നല്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തിക്കനുസരണമായ സീറ്റുകളില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ലെന്ന് ജില്ലാ ക്യാമ്പ് വിലയിരുത്തി.