കാഞ്ഞിരപ്പള്ളി കൊലപാതകം: വിസ്താരം 11ന് അവസാനിക്കും
1467662
Saturday, November 9, 2024 5:37 AM IST
കോട്ടയം: കുടുംബസ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ജ്യേഷ്ഠന് അനുജനെയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസില്‍ വിസ്താരം 11ന് പൂര്‍ത്തിയാകും.
കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യന് (പാപ്പന്), അനുജന് രഞ്ജു കുര്യനെ(50)യും മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയ (78)യെയും കൊലപ്പെടുത്തിയ കേസില്‍ 138-ാം സാക്ഷി മുന്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍. ബാബുക്കുട്ടനെയാണ് വിസ്തരിച്ചുകൊണ്ടിരിക്കുന്നത്.
തുടര്‍ന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജഡ്ജി ജെ. നാസര്‍ പ്രതിയെ നേരിട്ടു വിസ്തരിക്കും. ഒരു മാസത്തിനുള്ളില്‍ കേസില്‍ വിധിയുണ്ടായേക്കും.
കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ വീട്ടില്‍ 2022 മാര്‍ച്ച് വൈകുന്നേരം അഞ്ചോടെയായിരുന്നു കൊലപാതകം. പ്രാസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.എസ്. അജയന്, അഡ്വ. നിബു ജോണ്‍, അഡ്വ. അഖില്‍ വിജയ്, അഡ്വ. സ്വാതി എസ്. ശിവന് എന്നിവരും പ്രതിഭാഗത്തിനായി അഡ്വ. ബി. രാമന്‍പിള്ള എന്നിവരുമാണ് ഹാജരാകുന്നത്.