ശബരി എയര്‍പോര്‍ട്ട്; മണിമലയിലും എരുമേലിയിലും യോഗം
1467661
Saturday, November 9, 2024 5:37 AM IST
കോട്ടയം: എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠന പ്രഥമിക റിപ്പോര്‍ട്ട് 15ന് കോട്ടയം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. എരുമേലി, മണിമല പഞ്ചായത്ത് പരിധിയില്‍ എയര്‍പോര്‍ട്ടിന് സ്ഥലം വിട്ടുകൊടുക്കേണ്ടവരെയും ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളെയും നേരില്‍ കണ്ട് തൃക്കാക്കര ഭാരത് മാതാ കോളജ് സോഷ്യോളജി വകുപ്പാണ് സര്‍വേ നടത്തുന്നത്.
റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടാഴ്ച കഴിഞ്ഞ് മണിമലയിലും എരുമേലിയിലും പ്രദേശവാസികളുടെ പൊതുയോഗം നടത്തി പൊതുഅഭിപ്രായം അന്വേഷിക്കും. ഇതിനൊപ്പം ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിലെ സാധ്യതയും പരിമിതിയും വിശകലനം നടത്തിയശേഷം ഡിസംബര്‍ മധ്യത്തോടെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കും.
ഇതിനു ശേഷമായിരിക്കും സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിക്കുക. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2,570 ഏക്കറാണ് ഏറ്റെടുക്കുന്നത്. 2,263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായി ഏറ്റെടുക്കും.
തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ 700 പേരാണ് എസ്റ്റേറ്റിലുള്ളത്. ഇതില്‍ പത്തു ശതമാനം പേര് എസ്റ്റേറ്റിന് പുറത്താണ് താമസം. എസ്റ്റേറ്റിന് പുറത്ത് എരുമേലി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കാരിത്തോട്, ഒഴക്കനാട്, ഓരുങ്കല്‍ക്കടവ് മേഖലകളിലായി 307 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.