ടാപ്പിംഗ് നിലയ്ക്കുന്നു; റബര്‍ ഉത്പാദനം കുറഞ്ഞു
1467660
Saturday, November 9, 2024 5:37 AM IST
കോട്ടയം: തുലാവര്ഷക്കെടുതിയില് ഉത്പാദനം കുറഞ്ഞിട്ടും റബര്‍ വിലയില്‍ കാര്യമായ മെച്ചമില്ല. വ്യവസായികള്‍ ഷീറ്റു വാങ്ങാതെ മാര്‍ക്കറ്റ് വിട്ടുനില്‍ക്കുന്നതിനാല്‍ കര്‍ഷകരുടെ കൈവശമുള്ള പരിമിതമായ സ്റ്റോക്ക് വിറ്റഴിക്കാനാവുന്നില്ല. വിദേശവില കിലോയ്ക്ക് 18 രൂപ ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തിലും അഭ്യന്തരവില ഉയര്‍ത്തുന്നതില്‍ റബര്‍ ബോര്‍ഡ് നംസംഗത പുലര്‍ത്തുകയാണ്.
ഈ മാസം പതിനായിരം ടണ്ണില്‍ താഴെയായിരിക്കും കേരളത്തിലെ ഉത്പാദനമെന്നാണ് സൂചന. വില 200 നു താഴെ പോയതിനുശേഷം ഏറെയിടങ്ങളിലും കര്‍ഷകര്‍ ടാപ്പിംഗിന് താത്പര്യം കാണിച്ചില്ല.ഒക്ടോബര്‍ അവസാന വാരങ്ങളില്‍ വ്യവസായികളുടെ താത്പര്യത്തില്‍ ദിവസം മൂന്നു രൂപ വീതം വില താഴ്ത്തിയ റബര്‍ ബോര്‍ഡ് ഒരു രൂപ നിരക്കിലാണ് നേരിയ തോതില്‍ വില വര്‍ധിപ്പിച്ചത്.
അതേസമയം അനിയന്ത്രിതമായ ഇറക്കുമതിക്ക് തടയിടാനാകുന്നില്ലെങ്കില് റബറിന് ന്യായവില ലഭിക്കില്ലെന്ന് വ്യാപാരികളും കര്‍ഷകരും പറയുന്നു. അഞ്ചു ശതമാനം മാത്രം തിരുവ നല്കി വലിയ അളവില്‍ വ്യവസായികള്‍ കോമ്പൗണ്ട് റബര്‍ ഇറക്കുമതി ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രധാന പരിമിതി.
ഷീറ്റിനെയും ക്രംബിനെയുംകാൾ വിലക്കുറവുള്ള കോമ്പൗണ്ട് റബര്‍ വന്‍തോതില്‍ എത്തിക്കുന്ന സാഹചര്യമാണ് ഉത്പാദനച്ചെലവ് കൂടുലുള്ള ഷീറ്റ് റബറിന് ന്യായവില ലഭിക്കാത്തതിന് പ്രധാന കാരണം. മെച്ചവില കിട്ടുന്നില്ലെങ്കില്‍ മഴക്കാലം പിന്നിട്ടാലും ടാപ്പിംഗ് പുനരാരംഭിക്കാന്‍ ഏറെ കര്‍ഷകരും താത്പര്യപ്പെടുന്നില്ല. ടാപ്പിംഗ് നടത്തുന്ന ഏറെപ്പേരും ലാറ്റക്സും ചണ്ടിപ്പാലുമായി വില്‍ക്കുകയാണ്.