കോട്ടയം റെയില്‍വേ സ്റ്റേഷന്റെ വികസനകുതിപ്പിനു പുതിയ മുഖം : രണ്ടാം പ്രവേശനകവാടം തുറക്കുന്നു
1467659
Saturday, November 9, 2024 5:37 AM IST
കോട്ടയം: റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടം തുറക്കുന്നു. രണ്ടാം പ്രവേശന കവാടത്തിലെ ബുക്കിംഗ് കൗണ്ടര്‍, ലിഫ്റ്റ്, എസ്കലേറ്റര്‍ എന്നിവയാണ് 12നു യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുന്നത്. രണ്ടാം കവാടം തുറന്നു കൊടുക്കുന്നതോടെ എംസി റോഡില്‍നിന്നു സ്റ്റേഷനിലേക്ക് ഔദ്യോഗിക വഴിയുണ്ടാകും.
ഇപ്പോള്‍ ഗുഡ്സ് ഷെഡ് റോഡ് വഴി ആളുകള്‍ എത്തുന്നുണ്ടെങ്കിലും ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഇവിടെയില്ലായിരുന്നു. പാളം കടന്നുവേണം പ്ലാറ്റ്ഫോമിലെത്താന്‍. രണ്ടാം കവാടം തുറക്കുന്നതോടെ അഞ്ച് പ്ലാറ്റ് ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട്ഓവര്‍ ബ്രിഡ്ജില്‍ സൗകര്യം ലഭ്യമാകും.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി കഴിഞ്ഞ ആഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ ശബരിമല ഉത്സവകാലം ആരംഭിക്കുന്നതിനു മുമ്പായി രണ്ടാം കവാടം തുറന്നുകൊടുക്കാന്‍ തീരുമാനമായത്. രണ്ടാം കവാടത്തിന്റെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ തീരുമാനം.
രണ്ടാം പ്രവേശനകവാടം യാഥാര്‍ഥ്യമാകുന്നതോടെ റെയില്‍വേ സ്റ്റേഷന്റെ വികസന കുതിപ്പിനു പുതിയ മുഖമാകും. ഒന്നാം കവാടത്തിലെ വാഹനങ്ങളുടെ തിരക്കുള്‍പ്പെടെ കുറയ്ക്കാന്‍ രണ്ടാം കവാടത്തിനു സാധ്യമാകും. റിസര്‍വേഷന്‍ ടിക്കറ്റ് കൗണ്ടര്‍, 150 മുതല്‍ 200 വരെ വാഹനങ്ങള്‍ക്കായുള്ള പാര്‍ക്കിംഗ് ഗ്രൗണ്ട്, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായുള്ള കാത്തിരിപ്പ് കേന്ദ്രം, കോഫീ ഷോപ്പ് എന്നിവ ഇവിടെയുണ്ടാകും.
രണ്ടാം കവാടത്തിനു സമീപത്തുകൂടി കടന്നുപോകുന്ന ഒഴത്തില്‍ ലെയിന്‍ റോഡിനരികില്‍ താമസിക്കുന്നവര്‍ക്ക് സ്വതന്ത്രമായി റോഡ് ഉപയോഗിക്കാന്‍ കഴിയുന്നത് സംബന്ധിച്ച ഫ്രാന്‍സിസ് ജോര്‍ജ് എംപി മുന്നോട്ടു വച്ച നിര്‍ദേശം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ഡോ. മനീഷ് തപല്‍യാല്‍ അംഗീകരിച്ചിട്ടുണ്ട്.
രണ്ടാം കവാടം തുറക്കുന്നതിനൊപ്പം ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എല്ലാ പ്ലാറ്റ്ഫോമിലും കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനൊപ്പം മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക മുറിയും സജ്ജീകരിക്കും. എറണാകുളം-ബംഗളൂരു ഇന്റര്‍സിറ്റി, എറണാകുളം-കാരക്കല്‍, എറണാകുളം-മഡ്ഗാവ്, എറണാകുളം-പൂന, എറണാകുളം-ലോക്മാന്യ തിലക്, എറണാകുളം-പാലക്കാട് മെമു എന്നീ ട്രെയിനുകള്‍ കോട്ടയത്തേക്ക് നീട്ടാനുള്ള നിര്‍ദേശവും റെയില്‍വേ ബോര്‍ഡിന്റെ സജീവ പരിഗണനയിലാണ്.
കോട്ടയത്തുനിന്ന് പാലക്കാട്-കോയമ്പത്തൂര്‍ വഴി ഈറോഡിലേക്ക് പുതിയ ട്രെയിന്‍ തുടങ്ങുന്നതും ബോര്‍ഡിന്റെ പരിഗണനയിലാണ്.
ഉദ്ഘാടനം 12ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിര്‍വഹിക്കും
കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച രണ്ടാം കവാടത്തിലെ ബുക്കിംഗ് കൗണ്ടര്‍ എസ്കലേറ്റര്‍ എന്നിവയുടെ ഉദ്ഘാടനം 12നു രാവിലെ 11ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിര്‍വഹിക്കുമെന്ന് കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു.
മന്ത്രി വി.എന്‍. വാസവന്, ജോസ് കെ. മാണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിക്കും.