സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം ആരംഭിച്ച കെട്ടിടം കാട് കയറിയ നിലയില്‍
1465441
Thursday, October 31, 2024 7:38 AM IST
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിലെ മങ്ങാട്ടുനിരപ്പേല് ഭാഗത്ത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച നിര്‍മാണം ആരംഭിച്ച കെട്ടിടം ആര്‍ക്കും ഉപകാരമില്ലാതെ കാട് കയറിയ നിലയില്‍. മൂന്നാം വാര്‍ഡില്‍ പൂര്‍ത്തിയാക്കാതെ കിടക്കുന്ന കെട്ടിടം ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ കൊണ്ടു വയ്ക്കാവുന്ന കേന്ദ്രമായി മാറി.
വാര്‍ഡിലെ ഒരു വ്യക്തി സൗജന്യമായി നല്കിയ അഞ്ച് സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രം, ഹോമിയോ ആശുപത്രി, അക്ഷയ സെന്റര്‍, ജലപരിശോധനാ കേന്ദ്രം, അങ്കണവാടി എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ തുടങ്ങാനായിരുന്നു കെട്ടിട നിര്‍മാണ പദ്ധതി വിഭാവനം ചെയ്തിരുന്നത്.
അധികൃതരുടെ അവഗണനമൂലം ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിര്‍മിച്ച കെട്ടിടം പൂര്‍ത്തിയാകാതെ നശിക്കുകയാണ്. 24 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച കെട്ടിടമാണ് തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുന്നത്. 2010-15 കാലഘട്ടത്തില്‍ ജോസ് കൈതമറ്റത്തില്‍ പഞ്ചായത്തംഗമായിരുന്ന സമയത്താണ് കെട്ടിട നിര്‍മാണത്തിന് എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചത്. 2014-15-ല്‍ ഫണ്ട് അനുവദിച്ചു.
2015-ല്‍ കെട്ടിടം നിര്‍മാണം തുടങ്ങി. 2015-ല്‍ പഞ്ചായത്ത് ഭരണസമിതി മാറിയതോടെ ആരംഭിച്ച കെട്ടിട നിര്‍മാണം പിന്നീട് നിശ്ചലമായി. എത്രയും വേഗം കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ശരിയായ പഠനമില്ലാത്തതാണ് തിരിച്ചടിയായതെന്നും ആക്ഷേപമുണ്ട്. ജനവാസമില്ലാത്ത മേഖലയില്‍, മലയുടെ ചെരുവിലാണ് കെട്ടിടം നിര്‍മിച്ചത്. കടുത്തുരുത്തി പഞ്ചായത്തില്‍ ഇതേരീതിയില്‍ നിര്‍മാണം പാതിവഴിയില്‍ നിലച്ചതും ഉപയോഗശൂന്യമയായുമായ നിരവധി കെട്ടിടങ്ങളുണ്ട്. നിര്‍മാണങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുമ്പോള്‍ പലപ്പോഴും ഏകോപനം ഉണ്ടാകാറില്ല.
ഇതാണ് ഇത്തരത്തില്‍ കെട്ടിടങ്ങള്‍ അനാഥമാകാന്‍ ഇടയാകുന്നത്. അനുയോജ്യമല്ലാത്ത
സ്ഥലത്ത് കെട്ടിട നിര്‍മാണത്തിന് അനുമതി നല്കിയ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയും നികുതി പണം പാഴാകാന്‍ കാരണമാകുന്നുണ്ടെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു