പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി
1491947
Thursday, January 2, 2025 9:51 PM IST
പാലാ: കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയില്‍ പുതുതായി സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രിയുടെ റേഡിയേഷന് ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 2.45 കോടി രൂപയ്ക്ക് ഭരണാനുമതി ലഭ്യമായതായി ജോസ് കെ. മാണി എംപി അറിയിച്ചു. കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.
റേഡിയേഷന് അടക്കമുള്ള ചികിത്സാസൗകര്യം ഉറപ്പാക്കുന്നതിലെ തടസം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ജോസ് കെ. മാണി വിഷയത്തില്‍ ഇടപെട്ടത്. ജില്ലാ പഞ്ചായത്ത്, നാഷണല്‍ ഹെല്‍ത്ത് മിഷന്, പാലാ നഗരസഭ എന്നിവ സംയുക്തമായി ചേര്‍ന്ന് ടെലികോബള്‍ട്ട് യൂണിറ്റ് വാങ്ങാന്‍ തുക ഡെപ്പോസിറ്റ് ചെയ്തെങ്കിലും മെച്ചപ്പെട്ട കെട്ടിടസൗകര്യമില്ലാത്തതിനാല്‍ യൂണിറ്റ് സ്ഥാപിക്കാനായില്ല. ഇത് രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റേഡിയേഷന് ഓങ്കോളജി ബ്ലോക്ക് നിര്‍മിക്കാന്‍ എംപി ഫണ്ടില്‍ 2.45 കോടി രൂപ അനുവദിച്ചത്. സംസ്ഥാനത്തുതന്നെ ഒരൊറ്റ പ്രോജക്ടിനായി എംപി ഫണ്ടില്‍നിന്നു രണ്ടു കോടിയിലധികം ചെലവഴിക്കുന്നതും ആദ്യമാണെന്ന് എംപി പറഞ്ഞു.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ഗവണ്മെന്റ് ജനറല്‍ ആശുപത്രികളിൽ കാന്‍സര്‍ റേഡിയേഷന് സൗകര്യമുള്ള ആദ്യ ആശുപത്രിയായി പാലാ മാറും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയില്‍ നിന്നെത്തുന്ന നിര്‍ധന രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള കാന്‍സര്‍ ചികിത്സ നല്കാന് ഇവിടെ കഴിയും.
കൊബാള്‍ട്ട് ടെലിതെറാപ്പി യൂണിറ്റ്, റേഡിയേഷന് തെറാപ്പി പ്ലാനിംഗ് റൂം, മൗള്‍ഡ് റൂം, ഔട്ട് പേഷ്യന്റ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവ കൂടാതെ റേഡിയോ തെറാപ്പി സിമുലേറ്റര്‍, ബ്രാക്കി തെറാപ്പി യൂണിറ്റ്, ബ്രാക്കി തെറാപ്പി മൈനര്‍ ഓപ്പറേഷന് തിയറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ കൂടി ഭാവിയില്‍ ഉള്‍ക്കൊള്ളുന്ന വിധത്തിലാവും കെട്ടിട നിര്‍മാണം പൂര്ത്തിയാക്കുകയെന്ന് ജോസ് കെ. മാണി പറഞ്ഞു.
ആകെ 6.18 കോടി രൂപയുടെ ധനസഹായം ലഭിച്ച ഈ പദ്ധതി കോട്ടയം ജില്ലയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കായി സമഗ്രമായ കാന്‍സര്‍ പരിചരണം നല്‍കുന്നതാണ്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കേന്ദ്ര ആറ്റോമിക് എനര്‍ജി വിഭാഗം ആധുനിക റേഡിയേഷന് സംവിധാനം ഒരുക്കുന്നതിനായി അനുവദിച്ച അഞ്ചു കോടി രൂപയുടെ ഗ്രാന്റ് കൂടി ലഭ്യമാകും. ഭരണാനുമതി ലഭ്യമായതോടെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടറോട് ജോസ് കെ. മാണി ആവശ്യപ്പെട്ടു.