കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി ശതോത്തര രജത ജൂബിലിയിൽ
1491948
Thursday, January 2, 2025 9:51 PM IST
കാഞ്ഞിരമറ്റം: ക്രിസ്തുവർഷം 1901ൽ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിനത്തിൽ സ്ഥാപിതമായ കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ ശതോത്തര രജത ജൂബിലിയാഘോഷങ്ങൾക്കു 11ന് തുടക്കമാകും.
തിരുനാളിന് മുന്നോടിയായുള്ള നവനാൾ നൊവേന ഇന്ന് ആരംഭിക്കും. അഞ്ചിന് ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ശേഷം കുടുംബകൂട്ടായ്മകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. 10ന് മരിച്ചവരുടെ ഓർമദിനമായി ആചരിക്കും. വൈകുന്നേരം നാലിന് വികാരി ഫാ. ജോസഫ് മണ്ണനാൽ തിരുനാളിന്റെ കൊടിയേറ്റുകർമം നിർവഹിച്ച് വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് സെമിത്തേരി സന്ദർശനം.
11ന് ഇടവക ദിനമായി ആചരിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഇടവകാംഗങ്ങളായ വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ സമൂഹബലി അർപ്പിക്കും. 5.30ന് ശതോത്തര രജത ജൂബിലിയുടെയും കുടുംബ കൂട്ടായ്മ വാർഷികത്തിന്റെയും സംയുക്ത ഉദ്ഘാടനം മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ നിർവഹിക്കും. വികാരി ഫാ. ജോസഫ് മണ്ണനാൽ അധ്യക്ഷത വഹിക്കും. തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ 12ന് രാവിലെ 5.30ന് വിശുദ്ധ കുർബാന, ഏഴിന് ഇടവകയിലെ 75 വയസിന് മുകളിൽ പ്രായമുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.30ന് തിരുനാൾ കുർബാനയ്ക്ക് ഫാ. ജേക്കബ് വെള്ളമരുതുങ്കൽ മുഖ്യകാർമികത്വം വഹിക്കും. 5.30ന് ടൗൺ കുരിശുപള്ളി ചുറ്റി പ്രദക്ഷിണം. ഫാ. തോമസ് ചേനപ്പുരയ്ക്കൽ തിരുനാൾ സന്ദേശം നൽകും. 7.45ന് മെഗാ മാജിക് ഷോയും നൃത്ത-സംഗീത നിശയും നടക്കും.
വികാരി ഫാ. ജോസഫ് മണ്ണനാൽ, സഹ വികാരി ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ, കൈക്കാരന്മാരായ സണ്ണി കളരിക്കൽ, ബെന്നി വേങ്ങത്താനം, ജെയ്മോൻ പുത്തൻപുരയ്ക്കൽ, ജയിംസുകുട്ടി ജോസ് ഉതിരക്കുളം, ജനറൽ കൺവീനർ സജിമോൻ ജോസഫ് നാഗമറ്റത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടികൾക്ക് നേതൃത്വം നൽകും.