സീനിയർ സിറ്റിസൺസ് ഫോറം, തീർഥാടന പദയാത്ര: അതിരമ്പുഴയ്ക്ക് ഓർമിക്കാനേറെ...
1465430
Thursday, October 31, 2024 7:22 AM IST
അതിരമ്പുഴ: മാർ തോമസ് തറയിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷനായി സ്ഥാനാരോഹണം ചെയ്യപ്പെടുമ്പോൾ അതിരമ്പുഴ ഇടവകയ്ക്ക് ഓർമിക്കാനേറെ. പൗരോഹിത്യ സ്വീകരണത്തിനുശേഷം 2000ൽ അദ്ദേഹത്തിന്റെ ആദ്യ ശുശ്രൂഷാരംഗം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയായിരുന്നു.
വൃദ്ധരോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും കരുതലും 24 വർഷങ്ങൾക്കുശേഷവും ഇടവക ജനത്തിന്റെ ഓർമയിൽ നിറഞ്ഞുനിൽക്കുന്നു. ഇടവകയിലെ മുതിർന്നവരെ ഒന്നിച്ചുകൂട്ടി അദ്ദേഹം രൂപീകരിച്ച അതിരമ്പുഴ ഫൊറോനാ സീനിയർ സിറ്റിസൺസ് ഫോറം മുതിർന്നവർക്കായുള്ള ചങ്ങനാശേരി അതിരൂപതയിലെ ആദ്യ കൂട്ടായ്മയാണ്.
ഡോ.എം.സി. ജോസഫ് മുക്കാടൻ (പ്രസിഡന്റ്), ജോസഫ് പനയത്തിൽ (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘടന രൂപീകൃതമായത്. മുതിർന്നവർക്ക് ഒന്നിച്ചുകൂടുന്നതിനും പരസ്പരം ആശയവിനിമയത്തിനും അവസരമൊരുക്കുക, ഒന്നിച്ച് പ്രാർഥനയിലും വിനോദങ്ങളിലും ഏർപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു കൂട്ടായ്മാ രൂപീകരണത്തിനു പിന്നിൽ.
24 വർഷമായി തുടരുന്ന കൂട്ടായ്മ രജതജൂബിലി ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിലാണ്. അടുത്ത ഫെബ്രുവരിയിൽ മാർ തോമസ് തറയിലിന്റെ സാന്നിധ്യത്തിൽ വിപുലമായ പരിപാടികളോടെ ജൂബിലി ആഘോഷിക്കുമെന്ന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, പ്രസിഡന്റ് ജോസ് ഓലപ്പുരയ്ക്കൽ എന്നിവർ പറഞ്ഞു.
അതിരമ്പുഴയിൽനിന്ന് ചങ്ങനാശേരിയിലേക്ക് തീർഥാടന പദയാത്ര
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കുമ്പോൾ അതിരമ്പുഴ പള്ളിയിൽനിന്ന് ചങ്ങനാശേരി കത്തീഡ്രൽ പള്ളിയിലേക്ക് ഫാ. തോമസ് തറയിലിന്റെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ തീർഥാടനം അന്നു വാർത്തയായിരുന്നു.
മാർ മാത്യു കാവുകാട്ടിന്റെ ചരമവാർഷികാചരണത്തോടനുബന്ധിച്ചായിരുന്നു മുപ്പതു കിലോമീറ്ററിലേറെ നീണ്ട തീർഥാടന പദയാത്ര നടത്തിയത്. പുലർച്ചെ അതിരമ്പുഴയിൽനിന്നു പുറപ്പെട്ട പദയാത്രാസംഘം ഉച്ചയ്ക്ക് ഒരു മണിയോടെ കത്തീഡ്രൽ ദേവാലയത്തിൽ മാർ മാത്യു കാവുകാട്ടിന്റെ കബറിടത്തിലെത്തി പ്രാർഥന നടത്തി.
മാർ തോമസ് തറയിലിനൊപ്പം രാജു കുടിലിൽ, ജോഷി ഇലഞ്ഞിയിൽ, റെജി പൊയ്യാറ്റിൽ, സന്തോഷ് കുര്യൻ തുമ്പേപ്പറമ്പിൽ, റിജോ ജോസ് തുണ്ടുപുരയിടം, ജേക്കബ് സെബാസ്റ്റ്യൻ ചാലാശേരിൽ, ബോബി തലയണക്കുഴിയിൽ, ജിൻസൺ നടയ്ക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തീർഥാടന പദയാത്ര നടത്തിയത്.