തെങ്ങണയിലെ അനധികൃത വഴിവാണിഭം തടയണം : വ്യാപാരികള്‍ ഇന്ന് മാടപ്പള്ളി പഞ്ചായത്ത് ഓഫീസ് വളയും
1463676
Thursday, October 24, 2024 7:37 AM IST
തെങ്ങണ: തെങ്ങണ ജംഗ്ഷനിലെ അനധികൃത വഴിവാണിഭത്തിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി തെങ്ങണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്നു മാടപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തും. ജില്ലാ സെക്രട്ടറി ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.സി. ആന്റണി അധ്യക്ഷത വഹിക്കും.
തെങ്ങണ ജംഗ്ഷനില്‍ പെട്ടി ഓട്ടോകളിലും പെട്ടിക്കടകളിലുമായാണ് പഴം, പച്ചക്കറി, മത്സ്യം തുടങ്ങിയ വ്യാപാരം നടക്കുന്നത്. പലതവണ പരാതി നല്‍കുകയും സമരങ്ങള്‍ നടത്തുകയും ചെയ്തിട്ടും അനധികൃത കച്ചവടക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
കെട്ടിടവാടകയും ലൈസന്‍സ് ഫീസും വൈദ്യുതി ചാര്‍ജും വെള്ളക്കരവും ജിഎസ്ടിയും നല്കി വ്യാപാരം ചെയ്യുന്നവര്‍ക്ക് അധികൃത വഴിവാണിഭക്കാര്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തെങ്ങണ യൂണിറ്റ് പ്രസിഡന്റ് കെ.സി. ആന്റണി പറഞ്ഞു.
മാമ്മൂട്ടിലെ വ്യാപാരികളും പങ്കെടുക്കും
മാമ്മൂട്: വഴിയോരക്കച്ചവടത്തിനെതിരേ മാമ്മൂട്ടിലെ വ്യാപാരികള്‍ ഇന്ന് രാവിലെ 10.30 ന് മാടപ്പള്ളി പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. സമരപരിപാടികള്‍ക്ക് വ്യാപാരി വ്യവസായി ഏകോപനസമിതി മാമ്മൂട് യൂണിറ്റ് ഭാരവാഹികളായ ബിജു ചീരംവേലില്‍, ജയ്മോന് തോയക്കുളം, സണ്ണിജോസഫ് പാലാക്കുന്നേല്‍, ജിസ് മണമേല്‍, ഗിരീഷ് നടുവിലേടത്ത് എന്നിവര്‍ നേതൃത്വം നല്‍കും.