തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്കാന് വിധി
1463603
Thursday, October 24, 2024 5:49 AM IST
കോട്ടാങ്ങല്‍: വായ്പൂര് സഹകരണ ബാങ്കില്‍ നിന്നു വിരമിച്ച സെക്രട്ടറി പി.സി. മാത്യുവിന്റെ തടഞ്ഞുവച്ച മുഴുവന്‍ ആനുകൂല്യങ്ങളും പലിശ സഹിതം നല്കാന് കേരള കോ-ഓപ്പറേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവായി.
ബാങ്ക് നല്കിയ 23 സ്വര്‍ണപ്പണയ വായ്പയിന്മേല് മുന്‍ സെക്രട്ടറിയുടെ ആനുകൂല്യങ്ങള്‍ വക കൊള്ളിച്ച ബാങ്ക് നടപടി അസാധുവാക്കിക്കൊണ്ടാണ് ട്രിബ്യൂണല്‍ ഉത്തരവുണ്ടായത്. ഇതനുസരിച്ച് ലീവ് സറണ്ടര്‍ ഉള്‍പ്പെടെ 6,70,024 രൂപയ്ക്കും 2014 ഡിസംബര്‍ മുതല്‍ തടഞ്ഞുവച്ച ഗ്രാറ്റുവിറ്റിക്കും പലിശയും കോടതിച്ചെലവുകളും ലഭിക്കും.
ആര്ബിറ്റേറ്ററുടെ മുന്‍ ഉത്തരവ് അസാധുവാക്കുകയും കോടതിച്ചെലവായ 25,000 രൂപയും ആനുകൂല്യങ്ങളുടെ പലിശ 15 ശതമാനമായി കണക്കാക്കി കേസിലെ 14 പ്രതികള്‍ ചേര്‍ന്ന് നല്‍കാനും ട്രിബ്യൂണല്‍ വിധിച്ചു. ആറുലക്ഷത്തോളം രൂപ ഇത്തരത്തില്‍ ഇവര്‍ അടയ്ക്കേണ്ടിവരും.
ഭരണസമിതിയുടെ നടപടി നിയമവിരുദ്ധമാണെന്നും ഇതിന് ആര്‍ബിട്രേറ്റര്‍ കൂട്ടുനിന്നുവെന്നും നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.
23 സ്വര്‍ണപ്പണയ വായ്പക്കാരില്‍നിന്നു തുക ഈടാക്കുന്നതിന് 23 കേസുകള്‍ ബാങ്ക് നേരത്തേ നല്‍കിയിരുന്നു. മാത്യുവില്‍നിന്ന് ഈ തുക ഈടാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭരണസമിതി ആര്‍ബിട്രേറ്ററെ സമീപിച്ചത്.