കർഷക തൊഴിലാളി ആനുകൂല്യം: രണ്ടാം ഗഡു വിതരണം ഒന്പതിന്
1538451
Tuesday, April 1, 2025 12:48 AM IST
കണ്ണൂർ: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള ആനുകൂല്യത്തിന്റെ രണ്ടാം ഗഡു വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ ഒൻപതിന് ആലുവയിൽ നടക്കുമെന്ന് ചെയർമാൻ എൻ. ചന്ദ്രൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.
2025-26 സാമ്പത്തിക വർഷത്തെ സർക്കാർ ബജറ്റിൽ ' ബോർഡിനായി 100 കോടി രൂപ വകയിരുത്തുകയും ബജറ്റിൽ വകയിരുത്തിയ തുകയ്ക്ക് പുറമേ 20 കോടി രൂപ അധികമായി ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ തുക ലഭ്യമാകുമ്പോൾ 2018 മാർച്ച് മുതലുള്ള അധിവർഷാനുകൂല്യ അപേക്ഷകളിലും ബോർഡ് ഫണ്ട് വിതരണം ചെയ്യുമെന്ന് എൻ. ചന്ദ്രൻ പറഞ്ഞു.
കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനത്തിനായി കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഫണ്ട് അനുവദിക്കാതെ കുടിശികയാക്കുകയായിരുന്നു. പിണറായി സർക്കാറിന്റെ കാലത്താണ് ബോർഡിന് അനുകൂലമായ തീരുമാനമെടുത്തതെന്നും ഇതിൽ സർക്കാരിനെ അഭിനന്ദിക്കുന്നതായും എൻ. ചന്ദ്രൻ പറഞ്ഞു.2024-25 സാമ്പത്തിക വർഷത്തിൽ മൊത്തം അനുവദിച്ച 50 കോടി രൂപയിൽ വിവിധ ക്ഷേമ പദ്ധതികളിലായി 41,292 അപേക്ഷകളിൽ 20,93,56, 502 രൂപയുടെ ആനുകൂല്യങ്ങൾ ബോർഡിൽ നിന്നും വിതരണം ചെയ്തിട്ടുണ്ട്.
അധിവർഷാനുകൂല്യമിനത്തിൽ 93,45,078 രൂപ, മരണാനന്തര - മാരകരോഗ അധിവർഷാനുകൂല്യത്തിൽ 1691 അപേക്ഷകളിലായി 2,02,40,882 രൂപ, വിവാഹ ധനസഹായത്തിൻ്റെ 10,560 അപേക്ഷകളിലായി 4,10,44, 000 രൂപ, പ്രസവ ധനസഹായത്തിന് 360 അപേക്ഷകളിലായി 54 ലക്ഷം, ചികിത്സാ യിനത്തിൽ 950 അപേക്ഷകളിലായി 35, 68,542 രൂപയും അനുവദിച്ചു. പത്രസമ്മേളനത്തിൽജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ കെ.ആർ. വിപിനും പങ്കെടുത്തു.