കിഴുത്തള്ളിയിലും ചാലയിലും സർവീസ് റോഡ് നിർമിക്കാൻ നടപടി വേണം: എം.വി. ജയരാജൻ
1538452
Tuesday, April 1, 2025 12:48 AM IST
കണ്ണൂർ: ദേശീയപാതയിൽ കിഴുത്തള്ളി, ചാല എന്നിവിടങ്ങളിൽ സർവീസ് റോഡ് ഉറപ്പുവരുത്തു ന്നതിന് ദേശീയപാത അഥോറിറ്റി നടപടിയെടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആവശ്യപ്പെട്ടു. കിഴുത്തള്ളിയിലും ചാലയിലും സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴുത്തള്ളിയിൽ 230 മീറ്ററും ചാലയിൽ 100 മീറ്ററും സർവീസ് റോഡ് ഉണ്ടാകില്ലെന്നത് അതീവ ഗൗരവ മുള്ള പ്രശ്നമാണ്.
കണ്ണൂരിലേക്കും കണ്ണൂരിൽനിന്ന് കൂത്തുപറമ്പ്, തലശേരി ഭാഗങ്ങളിലേക്കുമുള്ള പ്രധാന റൂട്ടാണിത്. ദീർഘദൂര വാഹനങ്ങൾ ദേശീയപാതയിലൂടെ പോകുമെങ്കിലും ബസുകൾക്കും ചെറുവാഹനങ്ങൾക്കും സർവീസ് റോഡ് മാത്രമാകും ആശ്രയം. കിഴുത്തള്ളിയിൽ സർവീസ് റോഡ് നിർമിക്കാൻ മൂന്നുമീറ്ററിൽ താഴെയാണ് സ്ഥലമുള്ളത്. ചാലയിലാകട്ടെ സ്ഥലമേയില്ല. ദേശീയപാതയുടെയും ബൈപാസിന്റേയും നിർമാണം പൂർത്തിയാകുന്നതോടെ സർവീസ് റോഡില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതം തന്നെ മുടങ്ങുന്ന സ്ഥിതിയാണുണ്ടാവുക. ഇത് പരിഹരിക്കാൻ ദേശീയപാത അഥോറിറ്റി അടിയന്തര നടപടിയെടുക്കണം.
നടാലിലും വേളാപുരത്തും അടിപ്പാതയില്ലാത്തതും ഗുരുതരമായ പ്രശ്നമാണ്. ദേശീയപാത പൂർത്തിയാകുന്നതോടെ ബസുകൾക്കടക്കം നടാലിൽ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിവരും. ഇത് പ്രദേശവാസികൾക്കടക്കം വലിയ പ്രശ്നങ്ങളുണ്ടാക്കും. വേളാപുരത്ത് ഉയരമില്ലാത്ത അടിപ്പാത ഗതാഗതത്തിന് തടസമാണ്.
ധർമശാലയിലും ബസുകൾക്കും വലിയ വാഹനങ്ങൾക്കും കടന്നു പോകാൻ കഴിയുന്നതല്ല നിലവിലുള്ള അടിപ്പാത. ഇക്കാര്യത്തിലും അടിയന്തര പരിഹാരമുണ്ടാക്കണ മെന്നും എം.വി .ജയരാജൻ ആവശ്യപ്പെട്ടു.