അപകടഭീഷണിയായി ട്രാൻസ്ഫോർമർ; പ്രതിഷേധവുമായി നാട്ടുകാർ
1538448
Tuesday, April 1, 2025 12:47 AM IST
ഇരിട്ടി: മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായി നടുവിലായി ചെമ്പോത്തനാടി കവലയിലെ മാറ്റി സ്ഥാപിച്ച ട്രാൻസ്ഫോർമർ പ്രദേശവാസികളക്ക് അപകട ഭീഷണിയെന്ന് പരാതി. ഒരു മാസം മുന്പാണ് കെഎസ്ഇബി അധികൃതർ ട്രാൻസ്ഫോർമർ പുതിയ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചത്. റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തിയായതോടെ ട്രാൻഫോർമർ സ്ഥാപിച്ച സ്ഥലത്തെ റോഡ് രണ്ട് അടിയോളം ഉയർന്നു.
റോഡ് ഉയർന്നതോടെയാണ് കുട്ടികൾക്കടക്കം ട്രാൻസ്ഫോർമർ വലിയ ഭീഷണിയാകുന്നത്. കൊച്ചു കുട്ടികൾക്കു പോലും കൈയെത്തി പിടിക്കാവുന്ന ദൂരത്തിലാണ് ഫ്യൂസ് ഉൾപ്പെടെ സ്ഥിതിചെയ്യുന്നത്. വളവിൽ സ്ഥാപിച്ച ട്രാൻസ്ഫോർമർ വാഹനങ്ങൾക്കും ഭീഷണിയാണ്. ആദ്യം സ്ഥാപിച്ചിരുന്ന സ്ഥലം തന്നെയാണ് ഉചിതമെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ പ്രതിഷേധം അറിയിച്ചതോടെ റോഡ് കരാറുകാർ ട്രാൻസ്ഫോർമറിന് മുന്നിൽ അപകട മുന്നറിയിപ്പിനായി റിബൺ സ്ഥാപിച്ചിരി ക്കുകയാണ്.
എന്നാൽ ട്രാൻഫോർമർ മാറ്റി സ്ഥാപിക്കുമ്പോൾ ഈ ഭാഗത്ത് റോഡിന് ഉയരം വർധിപ്പിക്കുന്നതായി അറിയിച്ചിരുന്നില്ല എന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന ട്രാൻസ്ഫോർമർ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.