പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നൂറുകണക്കിന് സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി: മന്ത്രി
1514948
Monday, February 17, 2025 2:03 AM IST
കണ്ണൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കിഫ്ബി ഫണ്ടിംഗ് വഴി നൂറുകണക്കിന് സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി. ചേലോറ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സർക്കാർ സ്കൂളുകൾക്ക് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നൽകുകയാണ് സർക്കാരിന്റെ പ്രതിബദ്ധത. വിദ്യാഭ്യാസത്തിൽ കേരളം എപ്പോഴും മുൻനിരയിലുണ്ട്. മുൻകാലങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള സർക്കാർ സ്കൂളുകൾ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ നേരിട്ടിരുന്നു. ഇത് പലപ്പോഴും സ്വകാര്യ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകുന്നതിലേക്ക് നയിച്ചു. എന്നാൽ, കേരളത്തിൽ ചിട്ടയായ ആസൂത്രണത്തിലൂടെയും നിക്ഷേപത്തിലൂടെയും സർക്കാർ സ്കൂളുകൾ സ്വകാര്യ സ്കൂളുകൾക്ക് തുല്യമായ മാത്രമല്ല, പല സന്ദർഭങ്ങളിലും മികച്ചതുമായ ഒരു അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചേലോറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരുകോടി 30 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന മൂന്നു നില കെട്ടിടമാണിത്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിഡിഇ ഇൻചാർജ് എ.എസ്. ബിജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, വാർഡ് കൗൺസിലർമാരായ കെ. പ്രദീപൻ, കെ. നിർമല, കോർപ്പറേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ എം.വി. ജസ്വന്ത് തുടങ്ങിയവർ പങ്കെടുത്തു.