സ്വർഗത്തിലെ കനിയും ഡൊമനിക്കിന് നൂറുമേനി വിളവ് നൽകി
1514933
Monday, February 17, 2025 2:02 AM IST
ഷെൽമോൻ പൈനാടത്ത്
പെരുമ്പടവ് : സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് മലയോര മേഖലയിലും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് പെരുമ്പടവിലെ പാമ്പൂരിക്കൽ ഡൊമനിക്ക്. ഇലക്ട്രീഷ്യനും ജൈവകർഷകനും പൊതുപ്രവർത്തകനുമായ ഡൊമനിക്കിന്റെ വീട്ടുമുറ്റം നിറയെ വിദേശിയും സ്വദേശിയുമായ പഴങ്ങളുണ്ട്. ഇതിനിടയിൽ തലയുയർത്തി നിൽക്കുകയാണ് വിയറ്റ്നാം സ്വദേശിയായ ഗാഗ് ഫ്രൂട്ട്.
ഗാഗ് ഫ്രൂട്ട് കണ്ണൂർ ജില്ലയിൽ വേരുപിടിക്കുന്നതേയുള്ളൂ.രണ്ട് വർഷം മുന്പ് വിദേശത്തുനിന്നും വന്ന വ്യക്തിയിൽ നിന്നാണ് വിത്ത് ലഭിച്ചത്. കൃത്യമായ പരിചരണത്തോടെ കൃഷി ചെയ്തതിന് ഫലം ലഭിക്കുകയും ചെയ്തു. പഴം പാകമാകുന്നതുവരെ നാലു നിറങ്ങളിൽ ഗാഗ് ഫ്രൂട്ടിനെ കാണാൻ പറ്റും. ആദ്യ നാളുകളിൽ തത്ത പച്ചയും പിന്നീട് ലെമൺ കളറിലും തുടർന്ന് ഓറഞ്ച് നിറത്തിലും പഴം വിളയുമ്പോൾ ചുവന്ന നിറവുമാണ്.
വൈറ്റമിൻ സിയുടെ കലവറയായ ഗാഗ് ഫ്രൂട്ടിന്റെ രുചിയും വ്യത്യസ്തമാണ്. ഒരു ചെടിയിൽനിന്ന് വർഷങ്ങളോളം കായ്ഫലം ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. ഒരേസമയം പച്ചക്കറിയായും പഴമായും ഉപയോഗിക്കാം. പഴം മുറിച്ചാൽ കടുംചുവപ്പ് നിറത്തിലാണ് അകത്തെ ചുളകൾ കാണുക. ജ്യൂസായും സൂപ്പായും ഇല തോരൻ കറിവച്ചും ഉപയോഗിക്കാം. ഒരു കായ്ക്ക് ഒരു കിലോയോളം തൂക്കമുണ്ട്.
വലിയ ഒരു പഴത്തിൽനിന്ന് ഏകദേശം 16 മുതൽ 20 വരെ വിത്തുകൾ ലഭിക്കും. വിവിധ നിറങ്ങളിൽ പഴം കാണുന്നതിനാൽ തന്നെ വീടും മട്ടുപ്പാവും അതിമനോഹരമാണ്. സൗന്ദര്യ വർധനവിനും യൗവനം നിലനിർത്താനും പഴം ഉപയോഗിച്ച് വരുന്നു. വൈറ്റമിൻ സിയുടെ കലവറയായതിനാൽ വൈറ്റമിൻ മരുന്നുകളുടെ ഉത്പാദനത്തിനും എണ്ണ ഉത്പാദനത്തിനും ഉപയോഗിക്കുന്നു. ആൺ പെൺ ചെടികൾ ഇല്ലെങ്കിൽ കൃത്രിമ പരാഗണം ചെയ്തു നൽകണം. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പൂ വിരിഞ്ഞു നിൽക്കുക. ഈ സമയത്തിനുള്ളിൽ പരാഗണം ചെയ്യണം.
റൊളീനിയയും
ഫലമണിഞ്ഞു
വിദേശയിനം അപൂർവ പഴവൃക്ഷത്തൈ റൊളീനിയയും ഡൊമനിക്കിന്റെ വീട്ടുമുറ്റത്ത് ഫലമണിഞ്ഞു. സീതപ്പഴത്തിന്റെ ബ്രസീലിയൻ ബന്ധുവാണ് റൊളീനിയ. മധുരമേറിയ വലിയ കായ്കളും പുറത്തെ ശൽക്കങ്ങൾപോലെയുള്ള തൊലിയും ഇതിനെ വ്യത്യസ്തമാക്കുന്നു. സീതപ്പഴച്ചെടിയേക്കാൾ ഉയരത്തിൽ ധാരാളം ശാഖകളോടെ വളരുന്ന റൊളീനിയ മൂന്നുവർഷത്തിനുള്ളിൽ പുഷ്പിച്ച് കായ്കൾ ഉണ്ടായിത്തുടങ്ങും. വർഷത്തിൽ പലതവണ ഫലം തരുന്ന പതിവും ഇവക്കുണ്ട്. റൊളീനിയ പഴങ്ങളിൽനിന്ന് ശേഖരിക്കുന്ന വിത്തുകൾ കിളിർപ്പിച്ചെടുക്കുന്ന തൈകൾ നട്ടുവളർത്താം. പോഷക സമൃദ്ധവും ഏറെ രുചികരവുമായ പഴമാണിത്. വെള്ളക്കെട്ടില്ലാത്ത, സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കൃഷിക്ക് അനുയോജ്യം.
ആവശ്യത്തിനുള്ള ഉയരത്തിൽ മുകൾഭാഗം മുറിച്ച് റൊളീനിയ മരം പരമാവധി ശിഖരങ്ങൾ വളർത്തുന്നതാണ് ഉചിതം. ഇങ്ങനെ വളർത്തിയാൽ പഴങ്ങൾ നിലത്തുനിന്നുതന്നെ ശേഖരിക്കാം. കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന റൊളീനിയ രണ്ടുവർഷംകൊണ്ട് പൂവിടുമെങ്കിലും പൊതുവെ മൂന്നാം വർഷം മുതലാണ് കൂടുതൽ ഫലം നൽകുക. പതിവായി പൂവിടാറുള്ളതിനാൽ വർഷത്തിൽ നാല് തവണയെങ്കിലും പഴം കിട്ടുന്നതും റൊളീനിയയുടെ മെച്ചമാണ്. പൂവിട്ടു രണ്ടു മാസം കഴിയുമ്പോൾ വിളവെടുത്തുതുടങ്ങാം. വളർച്ചയെത്തിയ മരത്തിൽനിന്നും ഒരു തവണ ശരാശരി 30 കിലോവരെ പഴം പ്രതീക്ഷിക്കാം.
അതിവേഗം വളർന്ന് 13–49 അടി വരെ ഉയരം വയ്ക്കുന്ന ഫലവൃക്ഷമാണിത്. ഉരുണ്ടോ കോൺ ആകൃതിയിലോ കാണുന്ന വലിയ ഫലങ്ങൾക്ക് പഴുക്കുന്നതുവരെ നല്ല പച്ചനിറമായിരിക്കും. പഴങ്ങൾ വിളവെടുത്താൽ കാലതാമസമില്ലാതെ ഉപയോഗിക്കണം.
വീട്ടുവളപ്പുകളിലേക്ക് യോജിച്ച ഫലവൃക്ഷമാണ്. സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഉഷ്ണമേഖലാ വൃക്ഷമാണെങ്കിലും തണലുള്ളിടങ്ങളിലും വളർത്താം.പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വളർത്താനും യോജ്യം.