നെല്ലറകൾ ദുരിതത്തിൽ...സംഭരണം മന്ദഗതിയിൽ, നെൽകർഷകർ പ്രതിസന്ധിയിൽ
Thursday, March 13, 2025 1:28 AM IST
കോട്ടയം: കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നൂറുകണക്കിനേക്കര്‍ പാടങ്ങളില്‍ കൊയ്ത നെല്ല് രണ്ടു ദിവസമായി പെയ്യുന്ന വേനല്‍മഴയില്‍ നശിക്കുന്നു. ഇതോടെ രണ്ടാഴ്ചയായി പുഞ്ചനെല്ല് സംഭരണം മന്ദഗതിയിലാകുകയും കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലാകുകയും ചെയ്തു.
അപ്രതീക്ഷിതമായി എത്തിയ വേനല്‍മഴയില്‍ നിരവധി കര്‍ഷകരുടെ നെല്ലാണ് നനഞ്ഞത്. ഇതുണക്കിയാല് മാത്രമേ വില്ക്കാന് സാധിക്കൂ. നെല്ലിന് ഈര്‍പ്പമുണ്ടെന്ന പേരില്‍ വലിയ അളവില്‍ കിഴിവ് മില്ലുകാര്‍ ആവശ്യപ്പെടുകയാണ്.
കനത്ത ചൂടിലും ഓരുവെള്ളത്തിലും ഇക്കൊല്ലം വിളവ് മോശമായ സാഹചര്യത്തിലാണ് കൊയ്ത നെല്ല് വിറ്റഴിക്കാനാവാതെ കര്‍ഷകര്‍ വലയുന്നത്. വര്‍ഷകാല കൃഷിയുടെ വിളവെടുപ്പും നെല്ലുസംഭരണവും ദുരിതപൂര്ണമായതിനാലാണു കൂടുതല്‍ കര്‍ഷകരും പുഞ്ചകൃഷിയെ ആശ്രയിച്ചത്.
വിവിധയിടങ്ങളിലായി 15ല്‍ താഴെ മില്ലുകള്‍ മാത്രമാണ് സപ്ലൈകോയില്‍നിന്നു നെല്ല് സംഭരിക്കാനായി എത്തിയത്. പലയിടത്തും കൊയ്തെടുത്ത നെല്ല് പാടങ്ങളിലും വഴിയോരങ്ങളിലും കൂട്ടിയിട്ടിരിക്കുകയാണ്. വരുംദിവസങ്ങളിലും കനത്ത വേനല്‍ മഴയ്ക്കുള്ള സാധ്യത തുടരുന്നതിനാല്‍ അപ്പര്‍ കുട്ടനാട്ടില്‍ കടുത്ത പ്രതിസന്ധിയാണ് സംജാതമായിരിക്കുന്നത്.
മഴ കനത്ത് പാടത്ത് വെള്ളം കെട്ടിയാല്‍ യന്ത്രങ്ങള്‍ ഇറക്കി കൊയ്ത്തും മെതിയും ദുരിതത്തിലാകും. നെല്ല് വീണടിയാനും പാടത്ത് കൊയ്ത്ത് യന്ത്രന്ത്രങ്ങള് താഴ്ന്നു പോകാനും ഇതു കാരണമാകും. കാലാവസ്ഥ പ്രതികൂലമായതോടെ യന്ത്രങ്ങള്‍ക്ക് കൂടുതല്‍ വാടക ഇടനിലക്കാര്‍ ആവശ്യപ്പെടുകയാണ്.
പുഞ്ച കൃഷിയുടെ വിളവെടുപ്പ് പകുതിപോലും എത്താത്ത സാഹചര്യത്തിലാണ് മഴയെത്തിയിരിക്കുന്നത്. കടംകൊണ്ട് ഏറെ ദുരിതത്തിലായ കര്‍ഷകരെ ചൂഷകരില്‍നിന്നു സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൃഷി വകുപ്പും സര്‍ക്കാരും സ്വീകരിക്കണെന്നാണ് കര്‍ഷകരുടെ ആവശ്യം.