മോട്ടോർ വാഹന വകുപ്പ് ചെക്പോസ്റ്റുകൾ നിർത്തും: ഗതാഗത മന്ത്രി
Wednesday, March 12, 2025 2:32 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ചെക്പോസ്റ്റുകളുടെ പ്രവർത്തനം രണ്ടു മാസത്തിനകം അവസാനിപ്പിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജീവനക്കാരെ മുഴുവൻ പിൻവലിച്ച് ജിഎസ്ടി വകുപ്പിന്റെ കാമറ പ്രയോജനപ്പെടുത്തി വാഹനപരിശോധന നടത്തും. ഇതിലൂടെ ചെക്പോസ്റ്റിൽ അഴിമതിയെന്ന ആക്ഷേപത്തിന് പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു.
പുതുതായി നിശ്ചയിച്ച 503 ഗ്രാമീണ റൂട്ടുകളിൽ സ്വകാര്യ ബസ് സർവീസ് ആരംഭിക്കാൻ ഈ മാസംതന്നെ വിജ്ഞാപനമിറക്കും. ഗ്രാമീണ മേഖലയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്ന പദ്ധതിയിൽ വാഹനങ്ങൾക്ക് പെർമിറ്റിന് പകരം ഈ റൂട്ടിൽ ഓടാൻ ലൈസൻസാകും അനുവദിക്കുക.
ഗതാഗത വകുപ്പ് ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷ വികേന്ദ്രീകരിച്ച് നൽകുന്ന യൂനിഫൈഡ് കൗണ്ടർ സിസ്റ്റം 18ന് പ്രവർത്തനം തുടങ്ങും. അപേക്ഷ കേരളത്തിലെ എല്ലാ ഓഫീസിലേക്കും വികേന്ദ്രീകരിച്ച് നൽകുന്നതാണ് പദ്ധതി. അപേക്ഷ സ്വീകരിക്കുന്ന ഓഫീസിലായിരിക്കണമെന്നില്ല പരിശോധന. അഞ്ചുദിവസത്തിനകം ഫയൽ തീർപ്പാക്കാത്ത ഉദ്യോഗസ്ഥരെ സ്ഥാനത്ത്നിന്നു മാറ്റും.
സൂപ്പർഫാസ്റ്റ് ബസുകളിൽ ഹൈബ്രിഡ് എയർ കണ്ടീഷൻ സംവിധാനം ഒരുക്കും. സാധാരണ എൻജിനിൽനിന്ന് എസിക്കുള്ള പവർ ഉപയോഗിക്കുന്നത് ഇന്ധനക്ഷമത കുറയാൻ ഇടയാകും. ഇത് ഒഴിവാക്കി എൻജിനോടനുബന്ധിച്ച് മോട്ടോർ സ്ഥാപിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് എസി പ്രവർത്തിക്കുന്നതാവും ഹൈബ്രിഡ് ബസിലെ രീതി. ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യബസ് ഓടും. വിജയകരമാണെങ്കിൽ നാല്പതോളം ബസുകളിൽ ഈ സംവിധാനം ഏർപ്പെടുത്താൻ കഴിയും. സാധാരണ എസി ബസുകളെക്കാൾ കുറഞ്ഞ നിരക്ക് ആയിരിക്കും.
സർക്കാർ വാഹനങ്ങൾക്ക് ഇനി കെഎൽ 90 എന്ന രജിസ്ട്രേഷനാകും അനുവദിക്കുക. ദീർഘദൂര ബസുകളിൽ തത്സമയ ബുക്കിംഗ് സംവിധാനം, ബസ് സ്റ്റാൻഡുകളെ ബ്രാൻഡ് ചെയ്യുക, ജിപിഎസ് സംവിധാനമുള്ള ആൻഡ്രോയ്ഡ് ടിക്കറ്റ് മെഷീൻ ഏർപ്പെടുത്തുക തുടങ്ങി നിരവധി പദ്ധതികൾ കെഎസ്ആർടിസിയിൽ ഉടൻ നടപ്പിലാകും. ഇനി കെഎസ്ആർടിസി നിർമിക്കുന്ന എല്ലാ കെട്ടിടങ്ങളിലും ജീവനക്കാർക്ക് എസി വിശ്രമമുറി ഉണ്ടായിരിക്കും.
കുട്ടനാട്ടിൽ വിനോദസഞ്ചാരികൾക്കായി ബാക് വാട്ടർ സഫാരി തുടങ്ങും. മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഒരുക്കിയ വാഹനത്തിന്റെ മാതൃകയിൽ ബോട്ടുകൾ ഒരുക്കുന്നതാണ് പദ്ധതി. വിനോദസഞ്ചാര, സാംസ്കാരിക വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
കുടുംബശ്രീയുടെയും മറ്റും സഹായത്തോടെ നാടൻ ഭക്ഷണം ഒരുക്കും. പാതിരാമണൽ പോലെയുള്ള സ്ഥലങ്ങളിൽ നാടൻ കലകളുടെ പ്രദർശനത്തിന് പ്രത്യേക തീയറ്റർ സജ്ജമാക്കും. അന്യംനിന്നുപോകുന്ന കേരള കലകൾ പ്രത്യേക നിരക്ക് ഈടാക്കി സഞ്ചാരികൾക്കായി പ്രദർശിപ്പിക്കും. വൈകാതെ പദ്ധതി കൊല്ലം മണ്ട്രോതുരുത്തിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.