പരുന്തുംപാറയില്‍ നിര്‍മാണം അനുവദിക്കരുത്: ഹൈക്കോടതി
Wednesday, March 12, 2025 12:59 AM IST
കൊച്ചി: ഇടുക്കി പരുന്തുംപാറയില്‍ ഒരുതരത്തിലുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി. റവന്യു വകുപ്പിന്റെ എന്‍ഒസിയും തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയുമില്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് റവന്യു വകുപ്പും പോലീസും ഉറപ്പാക്കണം.
നിര്മാണസാമഗ്രികളുമായി വാഹനങ്ങള്‍ ഇവിടേക്ക് കയറ്റിവിടരുത്. ഇക്കാര്യം ജില്ലാ, തദ്ദേശ ഭരണകൂടവും ജില്ലാ പോലീസ് മേധാവിയും ഉറപ്പാക്കണമെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
നേരത്തെ നല്കിയ എന്‍ഒസിയുടെ കാര്യത്തിലും ഉത്തരവ് ബാധകമായിരിക്കും. പരുന്തുംപാറയില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
പീരുമേട്, മഞ്ഞുമല വില്ലേജുകളുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഭൂമിയില്‍ മൂന്നാറിനേക്കാള്‍ വലിയ കൈയേറ്റം നടക്കുന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. വലിയ കെട്ടിടങ്ങളും ഈ മേഖലയില്‍ നിര്‍മിച്ചിട്ടുണ്ട്.
മൂന്നാര്‍ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയോടൊപ്പം പരുന്തുംപാറയിലെ പ്രശ്നവും പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് പ്രത്യേക ബെഞ്ചിന് അനുമതി നല്കി.