കൂടുതല്‍ കൃഷിഭവനുകളെ സ്മാര്‍ട്ടാക്കാന്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായം
Wednesday, March 12, 2025 12:59 AM IST
കോഴിക്കോട്: സംസ്ഥാനത്തെ കൂടുതല്‍ കൃഷിഭവനുകളെ സ്മാര്‍ട്ടാക്കാന്‍ കൃഷിവകുപ്പിനു നബാര്‍ഡിന്റെ സാമ്പത്തിക സഹായം. കാര്‍ഷിക വികസന വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച 25.68 കോടിയുടെ പദ്ധതിയാണു നബാര്‍ഡ് അംഗീകരിച്ചത്. 25.68 കോടിയില്‍ 24.3965 കോടി രൂപ നബാര്‍ഡ് വായ്പയാണ്. 1.2841 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം.
2025 മാര്‍ച്ച് 28നകം സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കണമെന്ന നിബന്ധനയോടെയാണു നബാര്‍ഡ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞദിവസം പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്കി ഉത്തരവിറക്കി. 36 മാസം കൊണ്ടു പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.
സ്മാര്‍ട്ട് കൃഷിഭവന് പദ്ധതിയുടെ നടത്തിപ്പ് ചുമതല കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനാണ്. കൃഷിഭവനുകളെ നവീനവത്കരിക്കുന്നതിനും നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി സേവനങ്ങള്‍ കൃത്യതയോടും സമയബന്ധിതമായും കര്‍ഷകരിലേക്ക് എത്തിക്കുന്നതിനുമായി രൂപവത്കരിച്ച പദ്ധതിയാണു സ്മാര്‍ട്ട് കൃഷിഭവന്.
ഓരോ നിയോജകമണ്ഡലത്തിലും ആധുനിക കൃഷിഭവനെന്ന പദ്ധതി വര്‍ഷങ്ങള്‍ക്കു മുമ്പു സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പാതിവഴിയിലാവുകയായിരുന്നു. ഇതുവരെയായി അരുവാപ്പുലം (കോന്നി നിയോജക മണ്ഡലം), നീണ്ടൂര്‍ (ഏറ്റുമാനൂര്‍), കോട്ടുവള്ളി (പറവൂര്‍), തൊണ്ടര്‍നാട് (മാനന്തവാടി), ചെറുതാഴം (കല്യാശേരി), കരകുളം (നെടുമങ്ങാട്) കൃഷിഭവനുകളെ മാത്രമാണ് സ്മാര്‍ട്ടാക്കി മാറ്റാന്‍ കഴിഞ്ഞത്. സ്വന്തമായി കെട്ടിടമുള്ള കൃഷിഭവനുകളെയാണു തുടക്കത്തില്‍ പരിഗണിച്ചിരുന്നത്. ഇതുപ്രകാരം നിര്‍മാണം തുടങ്ങിയെങ്കിലും തുടര്‍ഫണ്ട് ലഭ്യമാകാത്തതിനാല്‍ നടപടികള്‍ നിലയ്ക്കുകയായിരുന്നു.
ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള ഫ്രണ്ട് ഓഫീസ്, കാത്തിരിപ്പ് മുറി, നവീകരിച്ച പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക്, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളുള്ളവയാണു സ്മാര്‍ട്ട് കൃഷിഭവനുകള്‍.
ഡിജിറ്റല്‍ രൂപത്തിലുള്ള പഞ്ചായത്തിന്റെ ഭൂവിഭവ മാപ്പ്, കൃഷിഭവനിലെ വിവരങ്ങളുടെ ഡിജിറ്റല്‍വത്കരണം, എല്‍ഇഡി ഡിസ്പ്ലേ ബോര്‍ഡ്, പ്രോജക്ടര്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റ് സൗകര്യം, കൃഷി സംബന്ധമായ വായനയ്ക്കുള്ള പുസ്തകങ്ങളുടെ ശേഖരം തുടങ്ങിയവയാണ് സ്മാര്‍ട്ട് കൃഷിഭവനുകളില്‍ സജ്ജമാക്കേണ്ടത്.