1925 മാര്‍ച്ച് 15: തിരുനക്കരയില്‍ അന്ന് അലകടലായി ജനം; കൂപ്പുകരങ്ങളുമായി മഹാത്മജിയെത്തി
Wednesday, March 12, 2025 2:32 AM IST
ജോമി കുര്യാക്കോസ്
കോട്ടയം: കേരള ചരിത്രത്തിന്റെ ഇതിഹാസ ഏടുകളൊന്നായ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ മഹാത്മാഗാന്ധി കോട്ടയത്തു നടത്തിയ പ്രസംഗത്തിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് നൂറു വയസ്. 1925 മാര്‍ച്ചിലായിരുന്നു മഹാത്മാവിന്റെ ആഗമനം.
തിരുവനന്തപുരത്തുനിന്നു കാറില്‍ ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴി മാര്‍ച്ച് 15നു തിരുനക്കര മൈതാനത്ത് ഖദര്‍മുണ്ടും ഖദര്‍ ഷാളും അണിഞ്ഞ ഗാന്ധിജി അനേകായിരങ്ങള്‍ക്കു മുന്നില്‍ പ്രസംഗിച്ചു.
അതിന് ഏതാനും ദിവസം മുമ്പ്, മാര്‍ച്ച് 10 നായിരുന്നു വൈക്കത്ത് അധസ്ഥിതര്‍ക്കു ക്ഷേത്രവളപ്പിലൂടെ വഴിനടക്കാനുള്ള അനുമതിക്ക് സവര്‍ണ സമുദായ മേധാവികളുമായി ഗാന്ധിജി ചര്‍ച്ച നടത്തിയത്.
കോട്ടയത്തെത്തിയ ഗാന്ധിജി വിശ്രമിച്ചത് എംടി സെമിനാരി വളപ്പിലുള്ള കെട്ടിടത്തിലായിരുന്നു. ഇന്നത് ഗാന്ധിസദനായി സംരക്ഷിക്കപ്പെടുന്നു. വൈക്കത്തെ ഇണ്ടംതുരുത്തി മനയില്‍ ഗാന്ധിജി നടത്തിയ ചര്‍ച്ച വൈക്കം സത്യഗ്രഹികള്‍ക്ക് വലിയ ആവേശം പകര്‍ന്നു.
വൈക്കം ക്ഷേത്ര വഴി എല്ലാവര്ക്കും തുറന്നുനല്‍കണമെന്ന് ഗാന്ധിജിയുടെ നിര്‍ദേശം ഇണ്ടംതുരുത്തിമനയിലെ പ്രമാണിമാര്‍ സ്വീകരിച്ചില്ല. തീരുമാനമാകാതെ ചര്‍ച്ച വൈകുന്നേരം 5.10ന് അവസാനിച്ചു. മാര്‍ച്ച് 11ന് മഹാത്മജി വൈക്കം സത്യഗ്രഹികള്‍ക്കായി ശ്രീനാരായണഗുരു സ്ഥാപിച്ച ആശ്രമത്തിലെത്തി. ഈ ആശ്രമമാണ് ഇന്നത്തെ വൈക്കം ആശ്രമം സ്കൂള്‍.