ഇടുക്കി ആനപ്പാറയിൽ പ്രാചീന മനുഷ്യവാസയിടം കണ്ടെത്തി
Thursday, March 13, 2025 1:28 AM IST
കെ.എസ്. ഫ്രാൻസിസ്
കട്ടപ്പന: ഇടുക്കി ജില്ലയുടെ സഹ്യസാനുക്കൾ കുടിയേറ്റപ്രദേശം മാത്രമല്ല, പ്രാചീന നാഗരികതയുടെ ആസ്ഥാനംകൂടിയാണെന്ന് പുരാവസ്തു പഠനം.
കേരള ചരിത്ര ഗവേഷണ കൗണ്സിലിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ കൊച്ചറയ്ക്കു സമീപമുള്ള ആനപ്പാറയിൽ പ്രാചീന ചരിത്രകാല (ഏർലി ഹിസ്റ്റോറിക് ) സംസ്കാരത്തിന്റെ തെളിവുകൾ കണ്ടെത്തിയതായി കെസിഎച്ച്ആർ ഡയറക്ടർ പ്രഫ. ഡോ. വി. ദിനേശൻ അറിയിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ 2024 ഡിസംബർ മുതൽ 2025 ഫെബ്രുവരി വരെ നടത്തിയ പുരാവസ്തു ഖനനത്തിലാണ് അമൂല്യമായ ചരിത്ര അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്.
കേരളത്തിലെ മഹാശിലായുഗ സംസ്കാരവുമായി ബന്ധപ്പെട്ട് നിരവധി പുരാവസ്തുക്കൾ മുന്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള മനുഷ്യവാസം സംബന്ധിച്ച തെളിവുകൾ ഒന്നുംതന്നെ കണ്ടെത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ, ആനപ്പാറയിലെ കണ്ടെത്തലുകൾ കേരള ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും ഇത് കേരളത്തിലെ പുരാവസ്തു പഠനത്തിൽ പുതിയ ദിശാസൂചനകളാകുമെന്നും കെസിഎച്ച്ആർ ചെയർമാനും ചരിത്രകാരനുമായ പ്രഫ. ഡോ. കെ.എൻ. ഗണേശ് പറഞ്ഞു.
ആനപ്പാറ ഒരു പ്രാദേശിക കച്ചവടസ്ഥലമായിരിക്കാമെന്ന് ഇവിടെനിന്നുള്ള പുരാവസ്തു കണ്ടെത്തലുകളും അവശിഷ്ടങ്ങളും സൂചിപ്പിക്കുന്നു. വ്യാപാരികൾ, കർഷകർ, കാട്ടിൽ താമസിക്കുന്നവർ എന്നിവർ ഇവിടെ ഉത്പന്നങ്ങൾ കൈമാറ്റം ചെയ്തിരിക്കാം. അത്തരം കച്ചവട പ്രദേശങ്ങൾ പിന്നീട് സ്ഥിര താമസകേന്ദ്രങ്ങളായി മാറുകയും ചെയ്തു.
പ്രാചീനകാലത്തെ ജനങ്ങൾ ഈ പ്രദേശം താമസത്തിനായി തെരഞ്ഞെടുക്കുന്പോൾ പരിസ്ഥിതി ഘടകങ്ങൾ വളരെ സൂക്ഷ്മമായി പരിശോധിച്ചിരുന്നു എന്ന് കെ.പി. ഷാജൻ (ആർക്കിയോളജിസ്റ്റ്, കെസിഎച്ച്ആർ) അഭിപ്രായപ്പെടുന്നു.
പ്രധാന കണ്ടെത്തലുകൾ
കുഴികൾ (ട്രെഞ്ചുകൾ) നിർമിച്ചാണ് ഉത്ഖനന പ്രവർത്തനങ്ങൾ നടത്തിയത്. ട്രഞ്ചിൽനിന്ന് കറുപ്പ് (ബ്ലാക്ക് വെയർ), ചുവപ്പ് (കോഴ്സ് റെഡ് വെയർ), ചുവപ്പ്-കറുപ്പ് (ബ്ലാക്ക് ആൻഡ് റെഡ് വെയർ), ചുവപ്പിൽ വെള്ള വരകളോട് കൂടിയ (റെഡ് കോട്ടഡ് പൈന്റഡ് വെയർ) ഉൾപ്പെടെയുള്ള വിവിധ രീതിയിലുള്ള മണ്പാത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.കൂടാതെ, ഇരുന്പുകൊണ്ടുള്ള ആയുധങ്ങൾ, ഇരുന്പ് ഉരുക്കുന്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ, ടെറക്കോട്ട ഡിസ്കുകൾ, കല്ലുകൊണ്ടും ഗ്ലാസ്കൊണ്ടും നിർമിച്ചിച്ച മുത്തുകൾ എന്നിവയും കണ്ടെത്തി. ഇരുന്പ് ഉത്പാദനത്തിലെ വിവിധ ഘട്ടങ്ങളിലുള്ള വസ്തുക്കൾ കണ്ടെത്തിയത് ഇവിടെ ഇരുന്പുരുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നതിനുള്ള തെളിവുകളാണ്.
മനുഷ്യനിർമിതികൾ
പൊട്ടിയതും പൂർണതയുള്ളതുമായ വിവിധയിനം മണ്പാത്രങ്ങളും, വിറകോ മറ്റോ കത്തിച്ചു ബാക്കി വന്ന കരിയും ചാരവും ട്രെഞ്ചുകളിൽ കണ്ടെത്തിയിട്ടുണ്ട ്. ഇവ മനുഷ്യവാസത്തിനുള്ള തെളിവുകളായി കണക്കാക്കുന്നു. കല്ലുകൊണ്ടുള്ള നിർമിതികൾ (ടെറസുകൾ) രണ്ടു ട്രെഞ്ചുകളിൽനിന്നു കണ്ടെത്തി. ടെറസുകളുടെ മേൽഭാഗം പൂർണമായും നശിച്ചിട്ടുണ്ട്.
ഇവിടെ കണ്ടെത്തിയ ഒരു പ്രധാന മനുഷ്യനിർമിതി മണ്ണിടിച്ചിലിനെ തടയുന്നതിനായോ ചരിഞ്ഞ ഇടങ്ങളിൽ താമസത്തിനായോ നിർമിച്ച കൽനിർമിതികളാണ്. വലുതും ഇടത്തരം വലിപ്പമുള്ളതുമായ കല്ലുകൾ (10 സെ.മീ മുതൽ 130 സെ.മീ വരെ) അടുപ്പിച്ചു വച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്.
കല്ലുകളുടെ അറ്റങ്ങൾ തേഞ്ഞതായി കാണപ്പെടുന്നു. ആളുകൾ ഇതിലെ നടന്നുപോയിരിക്കാം. ആദ്യ ട്രെഞ്ചിലെ കല്ലുകൾക്ക് കൂർത്ത അറ്റങ്ങളാണ്. ഈ പ്രദേശം കല്ല് ഖനനം ചെയ്തതിന് ഉപയോഗിച്ചിരിക്കാമെന്നു കരുതുന്നു. അതേസമയം, ഒറ്റപ്പെട്ടുള്ള ശ്മശാനങ്ങൾ പ്രദേശത്തെ മലനിരകളിലും മലയിടുക്കുകളിലും താമസിച്ചിരുന്ന ആളുകളുടെ ശ്മശാന ഭൂമിയാകാമെന്നു കരുതപ്പെടുന്നു.
കേരളത്തിന്റെ പ്രാദേശിക ചരിത്രം പുനർനിർമിക്കാനുള്ള കെസിഎച്ച്ആറിന്റെ ഇന്റർ ഡിസിപ്ലിനറി പ്രോജക്ടിന്റെ ഭാഗമായിട്ടായിരുന്നു ഗവേഷണം. ഡോ. ദിനീഷ് കൃഷ്ണനും (റിസർച്ച് ഓഫീസർ കെസിഎച്ച്ആർ ) ഡോ. വി. സെൽവകുമാറും (തമിഴ് യൂണിവേഴ്സിറ്റി തഞ്ചാവൂർ, കെസിഎച്ച്ആർ വിസിറ്റിംഗ് റിസർച്ചർ) എന്നിവർ ചേർന്നാണ് ഖനനം നയിച്ചത്. ഡോ. കെ.പി. ഷാജൻ ഉൾപ്പെടെയുള്ള വിദഗ്ധർ ഖനനസ്ഥലം സന്ദർശിച്ച് പ്രാധാന്യം വിലയിരുത്തി.
ഡോ. ദിനേശൻ വടക്കിനിയിലും (ഡയറക്ടർ കെസിഎച്ച്ആർ) പ്രഫ. കെ.എൻ. ഗണേശും (ചെയർപേഴ്സണ് കെസിഎച്ച്ആർ ) സംഘത്തിലുണ്ടായിരുന്നു. കൂടാതെ ഡോ. റേച്ചൽ എ. വർഗീസ് (ഐഐടി മുംബൈ), ശരത്ചന്ദ്രബാബു (കെസിഎച്ച്ആർ ),കെ.എം. മൊബീർഷ (കെസിഎച്ച്ആർ ), എം.എസ്.സാന്ദ്ര (കെസിഎച്ച്ആർ ), വി. അഖില (കേരള യൂണിവേഴ്സിറ്റി), ജിഷ്ണു എസ്. ചന്ദ്രൻ (കെസിഎച്ച്ആർ), ബി. ഹരിശങ്കർ(തമിഴ് യൂണിവേഴ്സിറ്റി) എന്നിവരും പങ്കെടുത്തു.