നിശബ്ദതയിലെ ശബ്ദം
Wednesday, March 12, 2025 2:32 AM IST
ചില ധൈര്യമില്ലാക്കാലങ്ങൾ, നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകാറില്ലേ? പ്രതികരിക്കാൻ ആഗ്രഹിക്കുന്പോഴും ചില നിസഹായതകൾ നമ്മെ വല്ലാതെ നിശബ്ദരാക്കാറില്ലേ? അപ്പഴൊക്കെ ക്ലോഡിയ നമ്മുടെ ഓർമയിൽ എത്തണം. ക്ലോഡിയയെ ഓർമയില്ലേ?
പീഡാനുഭവ വായനകളിൽ അല്പമാത്ര നേരം മിന്നിമറയുന്പോഴും നമ്മുടെ ഉള്ളിൽ ചേക്കേറുന്നവരിൽ ഒരാളാണ് ക്ലോഡിയ, പീലാത്തോസിന്റെ ഭാര്യ. ക്രൈസ്തവ വിശ്വാസപ്രമാണത്തിൽ കന്യകാമറിയം കഴിഞ്ഞാൽ പരാമർശിക്കപ്പെടുന്ന ഒരേയൊരു പേര് പീലാത്തോസിന്റേതാണ്. താൻ മരണശിക്ഷയ്ക്ക് ഏൽപിച്ചുകൊടുക്കുന്നത് ഒരു നീതിമാനെയാണെന്നും മരണശിക്ഷയ്ക്ക് അർഹമായ കുറ്റമൊന്നും അയാൾ ചെയ്തിട്ടില്ലെന്നും അസൂയകൊണ്ട് മാത്രമാണ് ജനപ്രമാണികൾ യേശുവിനെ കൊല്ലാൻ ആഗ്രഹിക്കുന്നതെന്നും അറിഞ്ഞിട്ടും ജനവികാരത്തിനെതിരേ തീരുമാനമെടുക്കാനാവാത്ത ബലഹീനനായ ഒരു ഭരണാധികാരിയായിരുന്നു പീലാത്തോസ്.
ആ സ്വപ്നം
അയാൾ ന്യായപീഠത്തിൽ ഇരിക്കുന്പോഴാണ് "ആ നീതിമാനെ ഒന്നും ചെയ്യരുത് അദ്ദേഹത്തെ ഓർത്ത് ഞാൻ സ്വപ്നത്തിൽ ഏറെ വേദനിച്ചു' എന്ന സന്ദേശം ക്ലോഡിയ ഭർത്താവിനു കൊടുത്തയച്ചത്. അവൾ കണ്ട സ്വപ്നം എന്തായിരിക്കുമെന്നത് നൂറ്റാണ്ടുകളോളം കവികളുടെയും കലാകാരന്മാരുടെയും ഭാവനയെ ഉദ്ദീപിപ്പിച്ച സംഗതിയാണ്. സ്വപ്നം എന്തുതന്നെ ആയാലും തന്റെ ഭർത്താവിന്റെ ഭീരുത്വത്തിനും അയാൾ കടന്നു പോകുന്ന ദയനീയ പ്രതിസന്ധിക്കും തടയിടാൻ ക്ലോഡിയ ആവുന്നത്ര ശ്രമിച്ചു. നീതിപൂർവം പ്രവർത്തിക്കാൻ അയാളെ പ്രേരിപ്പിച്ചു.
ഹൗവയും ക്ലോഡിയയും
പറുദീസയിലെ ഹൗവ്വയുടെ പ്രവൃത്തിയോടു താരതമ്യം ചെയ്താൽ, ബലഹീനനായ തന്റെ പങ്കാളി ആദത്തെ, സാത്താന്റെ പ്രലോഭനത്തിലേക്ക് ഹൗവ ക്ഷണിക്കുകയാണ് ചെയ്തത്. എന്നാൽ, ഭീരുവായ തന്റെ ഭർത്താവിനോടു ധൈര്യപൂർവം അനീതിക്കെതിരേ പ്രതികരിക്കാനും നീതിമാനെ രക്ഷിക്കാനുമാണ് ക്ലോഡിയ ആവശ്യപ്പെടുന്നത്.
യേശുക്രിസ്തുവിന്റെ മനുഷ്യാവതാരവും കുരിശുമരണവുമൊക്കെ അനാദിയിലേ തീരുമാനിക്കപ്പെട്ടതാണെങ്കിലും ഭീരുവായ പീലാത്തോസ് ജനിക്കാതിരുന്നെങ്കിൽ എന്നു നാം ഒരു നിമിഷം ചിന്തിച്ചുപോകും.
അനുദിന ജീവിതത്തിൽ കടന്നുപോകേണ്ടി വരുന്ന വിവിധ സാഹചര്യങ്ങളിൽ നാം പ്രവർത്തിക്കുന്നത് ആരെപ്പോലെയാകണം എന്നു ചിന്തിക്കുന്നതു നന്നായിരിക്കും. ഹൗവയെപ്പോലെയോ ആദത്തെപ്പോലെയോ പീലാത്തോസിനെപ്പോലെയോ അതോ ക്ലോഡിയയെപ്പോലെയോ? ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിയാൻ ഭീരുവായ പീലാത്തോസിനെപ്പോലെ കൈകഴുകുന്നവരാണോ നാം?