കാഷ് ഗ്രാന്റ് ഇനത്തിൽ ഒരു രൂപപോലും കേന്ദ്രസർക്കാർ നൽകിയിട്ടില്ല: മന്ത്രി വീണാ ജോർജ്
Wednesday, March 12, 2025 2:32 AM IST
തിരുവനന്തപുരം: കോ-ബ്രാൻഡിംഗിന്റെ പേരിൽ തടഞ്ഞുവച്ച കഴിഞ്ഞ സാമ്പത്തികവർഷത്തെ ക്യാഷ് ഗ്രാന്റിൽ ഒരു രൂപ പോലും കേന്ദ്രം നൽകിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ആരോഗ്യരംഗത്തെ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിനു തരാനുള്ള മുഴുവൻ തുകയും അനുവദിച്ചു എന്ന തരത്തിലുള്ള പ്രസ്താവന വസ്തുതകൾക്കു നിരക്കുന്നതല്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇത് സംബന്ധിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നേരത്തേ കേന്ദ്രത്തിന് അയച്ചു കൊടുത്തിരുന്നു. 2025 ഫെബ്രുവരി വരെയുള്ള ഫിനാൻഷൽ മോണിറ്ററിംഗ് റിപ്പോർട്ടുകളും ഇതിനോടകം അയച്ചുകൊടുത്തിട്ടുണ്ട്.
ഈ റിപ്പോർട്ട് കേന്ദ്രത്തിന് ലഭ്യമാക്കുന്പോഴാണ് അടുത്ത ഗഡു ഫണ്ട് അനുവദിക്കുക. ഇതുസംബന്ധിച്ച് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ നൽകിയ രേഖകളും മന്ത്രി നിയമസഭയിൽ വച്ചു.
2023-24 വർഷത്തിൽ എൻഎച്ച്എമ്മിന് കേന്ദ്രം നൽകാനുള്ള തുക സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രിക്കും, സെക്രട്ടറി കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും, സ്റ്റേറ്റ് മിഷൻ നാഷണൽ മിഷനും കത്ത് അയച്ചിരുന്നു. ഇതിനുള്ള മറുപടികളിലും കേന്ദ്രം കേരളത്തിന് 2023-24 വർഷത്തിൽ കേന്ദ്രവിഹിതം നൽകാനുണ്ട് എന്നുള്ളത് വ്യക്തമാണ്. എൻഎച്ച്എമ്മിന്റെ ആശ ഉൾപ്പെടെയുള്ള സ്കീമുകൾക്കോ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾക്കോ ഒരു രൂപ പോലും 2023-24 സാമ്പത്തികവർഷത്തിൽ അനുവദിച്ചിരുന്നില്ല.
കേന്ദ്രം ആകെ തരാനുള്ള 826.02 കോടിയിൽ ഇൻഫ്രാസ്ട്രക്ചർ മെയിന്റനൻസിനും കൈൻഡ് ഗ്രാന്റിനും വേണ്ടിയുള്ള 189.15 കോടി രൂപ മാത്രമാണ് അനുവദിച്ചത്. എന്നാൽ, ആശമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ ബാക്കി 636.88 കോടി രൂപ അനുവദിച്ചിട്ടില്ല.