കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വങ്ങൾ എഐസിസി നേതൃത്വത്തെ ധരിപ്പിച്ച് ലീഗ്
Wednesday, March 12, 2025 12:59 AM IST
തിരുവനന്തപുരം: യുഡിഎഫ് മുന്നണിയെ നയിക്കുന്ന കക്ഷിയായ കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വങ്ങൾ ശരിയാം വിധം നിർവഹിക്കപ്പെടുന്നുണ്ടോയെന്ന ചോദ്യം എഐസിസി നേതൃത്വത്തോട് ഉയർത്തി മുഖ്യ ഘടകകക്ഷിയായ മുസ്ലിം ലീഗ്.
മുന്നണിയെ നയിക്കുന്ന കക്ഷിയെന്ന നിലയിൽ ഉത്തരവാദിത്വം നിർവഹിക്കാൻ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയാറാകണമെന്ന് ഇന്നലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയിൽ മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പൊതുസമൂഹത്തിന് ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നു കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. യുഡിഎഫിന്റെ കെട്ടുറപ്പ് ഉറപ്പിക്കാൻ കോണ്‍ഗ്രസ് നേതൃത്വമാകണം മുൻകൈ എടുക്കേണ്ടതെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെച്ചൊല്ലിയുള്ള തർക്കം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു ലീഗിന്റെ ആവശ്യം. എന്നാൽ, കോണ്‍ഗ്രസിലെ നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പരസ്യമായി പറയാൻ അദ്ദേഹം തയാറായില്ല. പാർലമെന്ററി നേതൃ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഇനിയുണ്ടാകില്ലെന്നു കഴിഞ്ഞ ദിവസം തന്നെ ദീപാദാസ് മുൻഷി വ്യക്തമാക്കിയിരുന്നു.
വളരെ കുറഞ്ഞ സമയമാണ് പി.കെ. കുഞ്ഞാലിക്കുട്ടിയും ദീപാദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ച നടന്നത്. 10- 15 മിനിറ്റിനുള്ളിൽ എഐസിസി നേതൃത്വവുമായുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കൂടിക്കാഴ്ച പൂർത്തിയാക്കി പുറത്തിറങ്ങി. കൂടിക്കാഴ്ചയിലെ വിശദാംശങ്ങൾ പാർട്ടിനേതൃത്വത്തെ ധരിപ്പിക്കുമെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പിന്നീട് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണും മുൻ സംസ്ഥാന സെക്രട്ടറി എ.എ. അസീസും ദീപാദാസ് മുൻഷിയുമായി കൂടിക്കാഴ്ച നടത്തി പാർട്ടിയുടെ നിലപാടുകൾ വിശദീകരിച്ചു. കോണ്‍ഗ്രസിലെ നേതൃസ്ഥാന തർക്കങ്ങൾ ഒഴിവാക്കണമെന്ന ആവശ്യമാണ് ആർഎസ്പി നേതൃത്വവും ഉന്നയിച്ചതെന്നാണു സൂചന.
യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കഴിഞ്ഞ രണ്ടു ദിവസമായി നടത്തിവന്ന ചർച്ച പൂർത്തിയാക്കി. വൈകാതെ കോണ്‍ഗ്രസ് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും.