നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; ജീവനൊടുക്കാൻ നിക്ഷേപകന്റെ ശ്രമം
Wednesday, March 12, 2025 2:32 AM IST
കോന്നി: സിപിഎം ഭരിക്കുന്ന കോന്നി റീജണൽ സഹകരണ ബാങ്കിൽ നിക്ഷേപകന് പണം തിരികെ ലഭിക്കാത്തതിനെതുടർന്ന് ആത്മഹത്യാ ശ്രമം. കോന്നി പയ്യനാമൺ സ്വദേശി ആനന്ദനാണ് ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
ഗുരുതരാവസ്ഥയിലായ ആനന്ദനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 ലക്ഷം രൂപയാണ് നിക്ഷേപമായി ആനന്ദന് ബാങ്കിൽനിന്നു ലഭിക്കാനുള്ളതെന്ന് പറയുന്നു.
65 വയസുള്ള ആനന്ദൻ ചികിത്സാ ആവശ്യങ്ങൾക്കായി പണം തിരികെ ആവശ്യപ്പെട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി ബാങ്കിൽ തുടരെ എത്തിയിരുന്നു. ഒടുവിൽ നിക്ഷേപത്തുക നൽകാതെ പലിശ മാത്രമാണ് ബാങ്ക് അധികൃതർ നൽകിയത്. ഇതോടെ ബാങ്ക് അധികൃതരും ആനന്ദനുമായി വാക്കേറ്റമുണ്ടായി.
തുടർന്ന് വിഷമത്തിലായ ആനന്ദൻ വീട്ടിലെത്തിയശേഷം മദ്യത്തിൽ ഗുളിക കലർത്തി അമിതമായി കഴിക്കുകയായിരുന്നുവെന്ന് മകൾ സിന്ധു പറഞ്ഞു. മദ്യപിക്കാത്തയാളാണ് ആനന്ദൻ. നിക്ഷേപിച്ച പണത്തിനുവേണ്ടി മൂന്നുവർഷമായി ബാങ്കിൽ കയറിയിറ ങ്ങുകയായിരുന്നു.
രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ആനന്ദനും കുടുംബവും ബാങ്കിനുമുന്നില്‍ സത്യഗ്രഹം നടത്തിയിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ബാങ്കിൽ സ്ഥിരമായി പോകുകയും പണം ലഭിക്കാതെ വന്നപ്പോൾ വിഷാദമൂകനാകുകയും ചെയ്തുവത്രേ. പല ദിവസങ്ങളിലായി ഒന്നര ലക്ഷം രൂപയാണ് ആനന്ദന് ലഭിച്ചത്.
പലതവണ പണം ആവശ്യപ്പെട്ട് ബാങ്കിനു മുന്നിൽ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് തകർച്ചയിലായ ബാങ്കിൽനിന്നും പണം തിരികെ ലഭിക്കുന്നതിനായി നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുൻഗണനാ ക്രമത്തിൽ പണം തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇതേവരെ നടപടി ഉണ്ടായിട്ടില്ല.
വായ്പ ഇനത്തിൽ തിരിച്ചടവ് മുടങ്ങിയതാണ് ബാങ്കിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. നിക്ഷേപകർക്കുള്ള മുഴുവൻ തുകയും തിരികെ നൽകാനുള്ള ശേഷി ഇപ്പോൾ ബാങ്കിനില്ലന്നും പലിശയിനത്തിലുള്ള പണം നൽകിവരുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
കെടുകാര്യസ്ഥതയിൽ പ്രവർത്തനം തടസപ്പെട്ട ബാങ്കിന് കോടി കണക്കിനു രൂപയുടെ ബാധ്യതയുണ്ട്.
സാമ്പത്തിക തിരിമറിയുടെ പേരില്‍ മുന്‍ ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി, ഏതാനും ജീവനക്കാര്‍ എന്നിവര്‍ നിയമനടപടി നേരിട്ടു വരികയാണ്.