ആദിവാസി യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ
Thursday, March 13, 2025 12:47 AM IST
കോതമംഗലം: മാമലക്കണ്ടം എളംബ്ലാശേരിയിൽ ആദിവാസിയുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. പിണവൂർകുടി മുത്തനാമുടി ഓമനയുടെ മകൾ മായ (37) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ആണ്‍സുഹൃത്ത് മലയാറ്റൂർ മുളങ്കുഴി ചാരപ്പുറത്ത് ജിജോ ജോണ്‍സനെ (33) പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. വീടിനുള്ളിലെ മുറിയിൽ തറയിലാണു മൃതദേഹം കിടന്നിരുന്നത്. തലയിലും മുഖത്തും മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി മായയും ജിജോയും മദ്യപിച്ചശേഷം വഴക്കുണ്ടാക്കിയിരുന്നു. പിന്നീടാണ് മായയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ ഒന്‍പതോടെയാണു വിവരം നാട്ടുകാർ അറിയുന്നത്.
മായയെ ആശുപത്രിയിൽ കൊണ്ടുപോകാനെന്നു പറഞ്ഞ് ജിജോ ഒരു ഓട്ടോറിക്ഷ വിളിച്ചുവരുത്തിയിരുന്നു. വീട്ടിലെത്തിയപ്പോൾ മായയുടെ കിടപ്പു കണ്ട് സംശയം തോന്നിയ ഓട്ടോഡ്രൈവർ വിവരം പഞ്ചായത്തംഗം ശ്രീജ ബിജു, ആശാ വർക്കർ എന്നിവരെ അറിയിച്ചു.
ശ്രീജയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഈ സമയത്ത് മൃതദേഹത്തിനരികിൽത്തന്നെ ജിജോയും ഉണ്ടായിരുന്നു. തുടർന്ന് ജിജോയെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
മായയും ജിജോയും കഴിഞ്ഞ വർഷമാണ് എളംബ്ലാശേരിയിൽ താമസമാക്കിയത്. ഇരുവർക്കും വേറെ ബന്ധത്തിൽ മക്കളുണ്ടങ്കിലും ഒപ്പമില്ല. ജിജോ ഡ്രൈവറാണ്.