ചുട്ടുപൊള്ളുന്നു; മഴക്കുറവ് 35%
Wednesday, March 12, 2025 2:32 AM IST
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലഭിക്കേണ്ട മഴയില്‍ 35 ശതമാനം കുറവ്. കഴിഞ്ഞ ഒന്നുമുതല്‍ എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ഈ കാലയളവില്‍ 8.6 മില്ലിമീറ്റര്‍ മഴയാണു കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 6.4 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, ലക്ഷദ്വീപില്‍ 281 ശതമാനം അധികമഴ രേഖപ്പെടുത്തി. കേരളത്തില്‍ വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് നൂറു ശതമാനം വേനല്‍ മഴ കുറവുള്ളത്. കാസര്‍ഗോഡ് രണ്ടു ശതമാനവും തൃശൂരില്‍ ആറു ശതമാനം മഴയും മാത്രമാണു ലഭിച്ചത്.
അതേസമയം തെക്കന്‍ കേരളത്തില്‍ ഇതിനകംതന്നെ കൂടുതല്‍ വേനല്‍മഴ ലഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ 348 ശതമാനം അധികമഴയാണു ലഭിച്ചത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് മലപ്പുറം ജില്ലയില്‍ 225 ശതമാനം അധികമഴ ലഭിച്ചു. മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ താപനിലയും കുത്തനേ ഉയരുകയാണ്.