വിഴിഞ്ഞത്തിന്റെ പിതൃത്വപരിശോധന
Thursday, March 13, 2025 12:47 AM IST
സാബു ജോണ്
തിരുവനന്തപുരം: തുറമുഖത്തേക്കുറിച്ചു പറഞ്ഞാൽ വിഴിഞ്ഞത്തെ ഒഴിവാക്കാനാകില്ല. വിഴിഞ്ഞത്തേക്കുറിച്ചു പറയുന്പോഴോ, അതാരുടെ കുഞ്ഞാണെന്നും പറയേണ്ടിവരും. വിഴിഞ്ഞം യാഥാർഥ്യമായതോടെ പിതൃത്വതർക്കം രൂക്ഷമാകുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. ഇന്നലെ നിയമസഭയിൽ തുറമുഖ വകുപ്പിന്റെ ധനാഭ്യർഥന വന്നതോടെ പിതൃത്വതർക്കവും ഉയർന്നു വന്നു.
വിഴിഞ്ഞം പദ്ധതി തടസപ്പെടുത്താൻ ശ്രമിച്ചവർ എന്ന ലേബലാണ് കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷത്തിനു ചാർത്തിക്കൊടുത്തത്. അവിടെ ഉണ്ടായ പ്രാദേശിക പ്രശ്നത്തിൽ ഇടപെട്ട് വെടിവയ്പ് ഉണ്ടാക്കാൻ ശ്രമിച്ചു എന്നു കടകംപള്ളി പറഞ്ഞപ്പോൾ പദ്ധതി പ്രദേശത്തെ എംഎൽഎ ആയ എം. വിൻസന്റ് ഇടപെട്ടു.
വാസ്തവവിരുദ്ധമായ ആക്ഷേപം സഭാരേഖകളിൽനിന്നു നീക്കണമെന്നായിരുന്നു വിൻസന്റിന്റെ ക്രമപ്രശ്നം. സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമാക്കാത്തതിനു തങ്ങളോടു മെക്കിട്ടു കയറേണ്ട എന്നു പറഞ്ഞ് വിൻസന്റ് ഒരു കുത്തുകൂടി കൊടുത്തു.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് 7,500 കോടിയുടെ പദ്ധതിക്കു രൂപം കൊടുത്തപ്പോൾ 6,000 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചവരാണു നിങ്ങൾ എന്ന് എ.പി. അനിൽകുമാർ ചൂണ്ടിക്കാട്ടി. ജുഡീഷൽ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ലല്ലോ എന്നും അനിൽകുമാർ ചോദിച്ചു.
വിഴിഞ്ഞം തുറമുഖം എൽഡിഎഫ് സർക്കാരിന്റെ കുഞ്ഞു തന്നെയെന്നു പി.എസ്. സുപാൽ പറഞ്ഞു. പദ്ധതി യാഥാർഥ്യമാക്കിയത് എൽഡിഎഫ് സർക്കാരാണ്. വിഴിഞ്ഞത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടിക്കോ യുഡിഎഫിനോ സാധിക്കില്ലെന്ന് കെ. ആൻസലൻ പറഞ്ഞു.
വിഴിഞ്ഞത്തിന്റെ പിതൃത്വം ഏറ്റെടുത്ത ആൻസലൻ കരുവന്നൂരിന്റെ പിതൃത്വം തങ്ങൾക്കു തന്നതിൽ നന്ദിയുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ഒടുവിൽ പ്രസംഗിച്ച ഉമ്മൻ ചാണ്ടി ശിഷ്യൻ കൂടിയായ പി.സി. വിഷ്ണുനാഥ് വിഴിഞ്ഞം വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലായിരുന്നു. നിങ്ങൾ എന്തെല്ലാം ന്യായവാദങ്ങൾ നിരത്തിയാലും വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുന്പോൾ മലയാളിയുടെ മനസിൽ പതിഞ്ഞു കിടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ മുഖം മാത്രമായിരിക്കുമെന്ന് വിഷ്ണുനാഥ് പറഞ്ഞു.
വനം, കൃഷി വകുപ്പുകളുടെ ധനാഭ്യർഥനകളും ഉണ്ടായിരുന്നതിനാൽ വന്യമൃഗശല്യവും കാർഷിക പ്രതിസന്ധിയുമെല്ലാം നിരന്തരമായി ഉയർന്നുവന്നുകൊണ്ടിരുന്നു. സമസ്ത മേഖലകളിലും പ്രതിസന്ധി നിറഞ്ഞു സാധാരണക്കാരന്റെ ജീവിതം പ്രതിസന്ധിയിലായിരിക്കുന്പോഴും സഭയിൽ വന്നിരുന്നു ഭരണപക്ഷവും മന്ത്രിമാരും പറയുന്നതു കേട്ടാൽ മാവേലിയുടെ സദസിലാണിരിക്കുന്നതെന്നു തോന്നുമെന്നു പറഞ്ഞ് എ.പി. അനിൽകുമാർ ഭരണപക്ഷത്തെ പരിഹസിച്ചു.
വനാതിർത്തിയിൽ കർഷകർ കൃഷി ഉപേക്ഷിച്ചു തുടങ്ങിയെന്ന് മഞ്ഞളാംകുഴി അലി ചൂണ്ടിക്കാട്ടി. ചെറുപ്പക്കാർ കൃഷിയിലേക്കു വരുന്നില്ല. നെല്ലുസംഭരണ വില കേന്ദ്രം വർധിപ്പിച്ചിട്ടും അതു കർഷകർക്കു കൊടുക്കുന്നില്ലെന്ന് കുറുക്കോളി മൊയ്തീൻ കുറ്റപ്പെടുത്തി.
ഇടതുസർക്കാർ എന്തോ ചെയ്തിട്ടാണ് വന്യജീവി ആക്രമണമുണ്ടാകുന്നതെന്ന തരത്തിലാണ് പറഞ്ഞു പരത്തുന്നതെന്ന് പി. മമ്മിക്കുട്ടി പറഞ്ഞു. വന്യജീവി ആക്രമണത്തിൽ കൂടുതൽ മരണം ഉണ്ടായത് യുഡിഎഫ് ഭരണകാലത്താണെന്നും മമ്മിക്കുട്ടി പറഞ്ഞു.
നെല്ലിനു മികച്ച വില കിട്ടുന്നുണ്ടെന്നു പറഞ്ഞ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്, കർഷകരുടെ വരുമാനം വർധിക്കുന്നില്ലെന്ന പരാതിയും പറഞ്ഞു. മലയോര മാർച്ച് നടത്തിയാൽ വന്യജീവികൾ കാടുകയറുമെന്നാണോ വിചാരിച്ചതെന്ന് യുഡിഎഫിന്റെ മലയോരജാഥയെ ഉദ്ദേശിച്ച് കെ. ബാബു (നെന്മാറ) ചോദിച്ചു.
വ്യവസായ വികസനം സംബന്ധിച്ച സർക്കാരിന്റെ അവകാശവാദങ്ങൾ പി.സി. വിഷ്ണുനാഥ് ചോദ്യം ചെയ്തു. രാജ്യത്ത് ആദ്യമായി സ്റ്റാർട്ടപ്പ് നയം രൂപീകരിച്ചത് ഉമ്മൻ ചാണ്ടി സർക്കാർ ആണെന്ന് വിഷ്ണുനാഥ് പറഞ്ഞു.
ഗുജറാത്തിലൊക്കെ ഇൻവെസ്റ്റർ സമ്മിറ്റ് നടക്കുന്നതിനും എത്രയോ കാലം മുന്പ് ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ച് വ്യവസായമന്ത്രി ഇവിടെ ഇരിപ്പുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ ചൂണ്ടി വിഷ്ണുനാഥ് പറഞ്ഞു.
സഹകരണം, കൃഷി, വനം, വ്യവസായം, തുറമുഖം വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനകൾ സഭ ഇന്നലെ പാസാക്കി. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഇന്നു സഭയില്ല. ഇനി തിങ്കളാഴ്ചയാണ് സമ്മേളിക്കുന്നത്.