ക്ഷീര സഹകാരി അവാർഡ് ജെ.എസ്. സജുവിന്
Wednesday, March 12, 2025 12:59 AM IST
തിരുവനന്തപുരം: 2024-2025 ലെ സംസ്ഥാന ക്ഷീരസഹകാരി അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച ക്ഷീരസഹകാരിക്കുള്ള അവാർഡിന് തിരുവനന്തപുരം അതിയന്നൂർ ബ്ലോക്കിലെ ക്ഷീരകർഷകനായ വെങ്ങാനൂർ കിടാരക്കുഴി വിജയവിലാസിൽ ജെ.എസ്. സജു അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 7.47 ലക്ഷം ലിറ്റർ പാലാണ് സജു അളന്നത്.
ഡോ. വർഗീസ് കുര്യന്റെ പേരിലുള്ള മികച്ച ക്ഷീര സഹകരണ സംഘത്തിന് (ആപ്കോസ്) ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിന് പാലക്കാട് ചിറ്റൂർ ബ്ലോക്കിലെ കുന്നങ്കാട്ടുപതി ക്ഷീരോത്പാദക സഹകരണ സംഘം അർഹമായി.
235 കർഷകരിൽ നിന്നായി പ്രതിദിനം 24,500 ലിറ്റർ പാലാണ് ഇവർ സംഭരിച്ചത്. മികച്ച പരമ്പരാഗത ക്ഷീരസംഘത്തിനുള്ള അവാർഡ് പാലക്കാട് ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കാറൽമണ്ണ ക്ഷീര വ്യവസായ സഹകരണ സംഘത്തിനാണ്. 190 കർഷകരിൽനിന്ന് പ്രതിദിനം 1600 ലിറ്റർ പാലാണ് ഇവർ സംഭരിക്കുന്നത്. ആപ്കോസ് വിഭാഗത്തിൽ വയനാട് മീനങ്ങാടി ക്ഷീരോത്പാദക സഹകരണ സംഘം, തിരുവനന്തപുരം ഉച്ചക്കട ക്ഷീരോത്പാദക സഹകരണ സംഘം എന്നിവ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
പരമ്പരാഗത സംഘങ്ങളിൽ പാലക്കാട് ചിറ്റൂർ ബ്ലോക്കിലെ മുതലമട ഈസ്റ്റ് ക്ഷീരവ്യവസായ സഹകരണ സംഘം, തൃശൂർ ഒല്ലൂക്കര ബ്ലോക്കിലെ വലക്കാവ് ക്ഷീരവ്യവസായ സഹകരണ സംഘം എന്നിവയാണ് പ്രോത്സാഹനസമ്മാനത്തിന് അർഹമായത്.
മികച്ച ക്ഷീരകർഷകർക്കുള്ള ക്ഷീരകർഷക ക്ഷേമനിധി അവാർഡിന് പൊതുവിഭാഗത്തിൽ ഇടുക്കി ഇളംദേശം അമയപ്ര ക്ഷീരസംഘത്തിലെ കെ. ബി. ഷൈൻ അർഹനായി.
വനിതാ വിഭാഗത്തിൽ ഇടുക്കി തൊടുപുഴ ബ്ലോക്കിലെ സൗത്ത് വഴിത്തല ക്ഷീരസംഘത്തിലെ നിഷ ബെന്നി അർഹയായി. എസ്സി, എസ്ടി വിഭാഗത്തിൽ പാലക്കാട് ചിറ്റൂർ ബ്ലോക്കിലെ വെള്ളാരങ്കൽമേട് ക്ഷീരസംഘത്തിലെ എ. രാജദുരൈയും അർഹരായി.
സംസ്ഥാനത്തെ മികച്ച ക്ഷീരസംഘം സെക്രട്ടറിയായി പത്തനംതിട്ട വെച്ചൂച്ചിറ ക്ഷീരോത്പാദക സഹകരണസംഘം സെക്രട്ടറി ജോയ്സി പി. ജോണ് തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച പ്രൊക്യുർമെന്റ് അസിസ്റ്റന്റായി കണ്ണൂർ ആലക്കോട് ശാന്തിപുരം ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ജയ്സണ് തോമസും മികച്ച ലാബ് അസിസ്റ്റന്റായി ആപ്കോസ് പാലക്കാട് ആർവി പി പുതൂർ ക്ഷീരോല്പാദ സഹകരണ സംഘത്തിലെ സി മുരുക ഭൂപതിയും അർഹരായി.
ആകെ 52 ക്ഷീരകർഷകരെയാണ് അവാർഡിനായി തെരഞ്ഞെടുത്തത്. മേഖലാതല അവാർഡിന് 50,000 രൂപാ വീതവും ജില്ലാതല അവാർഡ് ജേതാക്കൾക്ക് 20,000 രൂപയം പ്രശസ്തി പത്രവുമാണ് ലഭിക്കുക. 14ന് രാവിലെ 9.30ന് തൊടുപുഴ റിവർവ്യൂ ഹാളിൽ നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പുരസ്കാരങ്ങൾ വിതരണം ചെയ്യും.
മേഖലാതല അവാർഡുകൾ
തിരുവനന്തപുരം മേഖല
വി.ഷാജി, കാവേരി, പുത്തൻകുളം, കൊല്ലം (ജനറൽ വിഭാഗം)
ആർ. പ്രസന്നകുമാരി, ഉപാസന ചേത്തടി, ചെങ്ങമനാട്, കൊട്ടാരക്കര (വനിതാ വിഭാഗം)
വത്സ രാമചന്ദ്രൻ, മാധവ വിലാസം ആഞ്ഞിലിപ്ര, തട്ടാരമംഗലം, മാവേലിക്കര (എസ്സി/എസ്ടി)
എറണാകുളം മേഖല
ബിജുമോൻ തോമസ്, വട്ടുമുകളേൽ, കോഴ പി ഒ, കുറുവിലങ്ങാട്, കോട്ടയം (ജനറൽ)
നിഷ ബെന്നി, കാവനാൽ ഹൗസ്, പുറപ്പുഴ, ഇടുക്കി (വനിത)
ബിന്ദു ഹരിദാസ്, പാപ്പുള്ളി ഹൗസ്, പെരിഞ്ഞനം വെസ്റ്റ്, തൃശൂർ (എസ്സി/എസ്ടി)
മലബാർ മേഖല
ആർ.ലോഗുകുമാർ, എല്ലക്കാട് മീനാക്ഷിപുരം, പാലക്കാട് (ജനറൽ)
ബീനാ ഏബ്രഹാം, പുത്തൻപുരയ്ക്കൽ, പാക്കം പുല്പള്ളി വയനാട് (വനിത)
എ.പ്രഭാകരൻ, അണ്ണാംവയൽ ഹൗസ്, ചൂരുപാറ, വയനാട് (എസ്സി/എസ്ടി).