സബ്മിഷന് ഒരു മിനിറ്റ് ; സമയം കഴിഞ്ഞപ്പോൾ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ
Thursday, March 13, 2025 12:47 AM IST
തിരുവനന്തപുരം: സബ്മിഷൻ അവതരിപ്പിക്കാൻ എംഎൽഎമാർക്ക് ഒരു മിനിറ്റ് മാത്രം സമയം അനുവദിച്ച് സ്പീക്കർ എ.എൻ. ഷംസീർ. ഇതിൽ കൂടുതൽ സമയം എടുത്ത കോണ്‍ഗ്രസിലെ രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള അംഗങ്ങളുടെ മൈക്കുകൾ സ്പീക്കർ ഓഫ് ചെയ്തു.
എന്നാൽ, മറുപടി പറയാൻ മന്ത്രിമാർക്ക് അധിക സമയം അനുവദിച്ചിരുന്നു. ഒ.ആർ. കേളു അടക്കമുള്ള മന്ത്രിമാർ മറുപടിക്കു കൂടുതൽ സമയം എടുക്കുകയും ചെയ്തു.
ചില മന്ത്രിമാരോടു സുപ്രധാനമായത് അടക്കമുള്ള മറുപടി മേശപ്പുറത്തു വയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. ശൂന്യവേള തുടങ്ങിയപ്പോൾതന്നെ ഒരു മിനിറ്റാണ് സമയപരിധിയെന്നും അല്ലാത്തവരുടെ മൈക്ക് ഓഫ് ചെയ്യുമെന്നും സ്പീക്കർ സഭയെ അറിയിച്ചിരുന്നു.
ആറ്റുകാൽ പൊങ്കാല തിരക്കിൽ തിരുവനന്തപുരം നഗരം നിറഞ്ഞ സാഹചര്യത്തിൽ അടിയന്തര പ്രമേയം അടക്കമുള്ളവ ഒഴിവാക്കുന്നതായി പ്രതിപക്ഷം അറിയിച്ചിരുന്ന വിവരവും സ്പീക്കർ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം ചോദ്യോത്തര വേളയിലും ഒരു മിനിറ്റാണ് അംഗങ്ങൾക്കു ചോദ്യങ്ങൾക്കായി അനുവദിച്ചത്.