പുനരധിവാസ പട്ടികയിൽ ഇടമില്ല; പടവെട്ടിക്കുന്നിലെ കുടുംബങ്ങൾ സൂചനാസമരം നടത്തി
Thursday, March 13, 2025 1:28 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതർക്കായി സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പടവെട്ടിക്കുന്നിലെ 27 കുടുംബങ്ങൾ സമരസമിതിയുടെ നേതൃത്വത്തിൽ ചൂരൽമലയിൽ സൂചനാസമരം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം സമരത്തിൽ പങ്കെടുത്തു.
രാവിലെ പുത്തുമല പൊതുശ്മശാനത്തിൽ പ്രാർഥനയ്ക്കുശേഷം ചൂരൽമലയിൽ സംഘടിച്ച കുടുംബങ്ങൾ ബെയ്ലി പാലത്തിലൂടെ പ്രകടനം നടത്തിയാണു ടൗണിലെ സമരപ്പന്തലിലെത്തിയത്.
സമരക്കാർ ബെയ്ലി പാലത്തിലേക്കു പ്രവേശിക്കുന്നത് ആദ്യം പോലീസ് തടഞ്ഞെങ്കിലും പിന്നീട് പ്രകടനത്തിന് അനുമതി നൽകി. അതീവ ദുരന്തസാധ്യതാ പ്രദേശമായിട്ടും പുനരധിവാസത്തിനു സർക്കാർ തയാറാക്കിയ മൂന്ന് ഗുണഭോക്തൃ പട്ടികകളിലും പടവെട്ടിക്കുന്നിലെ കുടുംബങ്ങൾക്ക് ഇടം കിട്ടിയില്ല. പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു ജില്ലാ കളക്ടർക്കടക്കം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
സർക്കാർ മാനദണ്ഡപ്രകാരം ദുരന്തമേഖലയിലെ നോ ഗോ സോണിന് 50 മീറ്റർ പരിധിയിൽ ഒറ്റപ്പെട്ട കുടുംബങ്ങളുടെ കരടുപട്ടികയാണ് ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ചത്.
ഇതിൽ പടവെട്ടിക്കുന്നിലെ മൂന്നു കുടുംബങ്ങൾ മാത്രമാണ് ഉൾപ്പെട്ടത്. ആകെ 30 കുടുംബങ്ങളാണു പടവെട്ടിക്കുന്നിൽ ഉള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സമര സമിതി കണ്വീനർ സി.എം. യൂനുസ് അധ്യക്ഷത വഹിച്ചു.
മേപ്പാടി പഞ്ചായത്ത് പ്രസിഡന്റും 11-ാം വാർഡ് അംഗവുമായ കെ. ബാബു, വാർഡ് അംഗങ്ങളായ സി.കെ. നൂറുദ്ദീൻ, സുകുമാരൻ, വിവിധ പാർട്ടി പ്രതിനിധികളായ വി. യൂസുഫ്, ടി. ഹംസ, സി. ശിഹാബ്, ചൂരൽമല ജനശബ്ദം ജനകീയ ആക്ഷൻ കമ്മിറ്റി രക്ഷാധികാരി സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു. അനീസ് വാഫി സ്വാഗതവും സമരസമിതി ചെയർമാൻ സി.എം. റഫീഖ് നന്ദിയും പറഞ്ഞു.