ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥനല്ല വിശ്വപൗരൻ: ജി. സുധാകരൻ
Thursday, March 13, 2025 12:47 AM IST
തിരുവനന്തപുരം: മഹാത്മാഗാന്ധി വിശ്വപൗരന്മാരിലെ വിശ്വപൗരനായിരുന്നെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. ഇപ്പോൾ ഏതെങ്കിലും രണ്ട് രാജ്യത്ത് അംബാസഡർ ആയാൽ വിശ്വപൗരൻ എന്നാണ് പറയുന്നത്.
ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥനെയും വിശ്വപൗരൻ എന്നാണ് വിളിക്കുന്നത്. പദവിക്കും ശന്പളത്തിനും വേണ്ടി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനല്ല വിശ്വപൗരൻ. ഗാന്ധിജിയും നെഹ്റുവും ടാഗോറും ഡോ. എസ്. രാധാകൃഷ്ണനുമൊക്കെയായിരുന്നു വിശ്വപൗരന്മാരെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
. ‘മൊഴിയും വഴിയും ആശയസാഗര സംഗമം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ അധ്യക്ഷത വഹിച്ചു.
ജി. സുധാകരൻ നീതിമാനായ മന്ത്രി: വി.ഡി. സതീശൻ
തിരുവനന്തപുരം: കേരളം കണ്ട നീതിമാനായ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജി. സുധാകരനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജി. സുധാകരനും സി. ദിവാകരനും മന്ത്രിമാരായിരുന്ന കാലത്ത് ഇടതുസർക്കാരിനെ വിമർശിക്കുന്പോഴും ഇരുവർക്കുമെതിരേ ഒരു വിമർശനം പോലും പ്രതിപക്ഷത്തുണ്ടായിരുന്ന താൻ നടത്തിയിട്ടില്ല. അതിനുള്ള സാഹചര്യം അവർ ഒരുക്കിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.