നിയമത്തെ നോക്കുകുത്തിയാക്കി വാട്സ് ആപ്പ് ലാൻഡ് ലോട്ടറി
Wednesday, March 12, 2025 2:32 AM IST
പരിയാരം (കണ്ണൂർ): നൂറ് രൂപയ്ക്ക് 10 സെന്റ് ഭൂമി, 10 രൂപയ്ക്ക് നാലുസെന്റ് ഭൂമി... നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം’... പലതരത്തിലുള്ള തട്ടിപ്പുകളിൽ വീണിട്ടും പഠിക്കാത്ത മലയാളിയെ ഒരിക്കൽകൂടി പറ്റിക്കാനുള്ള പുതിയ തന്ത്രവുമായി ഇത്തവണ അവതരിച്ചിരിക്കുന്നത് ലാൻഡ് ലോട്ടറിയാണ്.
കാസർഗോഡ് ചീമേനി സ്വദേശിയാണു പുതിയ തട്ടിപ്പിനു പിന്നിലെന്നാണ് അറിയുന്നത്. വാട്സ് ആപ്പിലൂടെയാണ് ലോട്ടറിയുടെ പ്രചാരണം.
ഗൂഗിൾ പേയിലൂടെ പണമടച്ചാണു ലോട്ടറി നറുക്കെടുപ്പിൽ പങ്കെടുക്കേണ്ടത്. 2025 ഏപ്രിൽ 30ന് ചീമേനിക്കടുത്ത് ചെമ്പ്രക്കാനത്തു വച്ചാണ് ആദ്യ നറുക്കെടുപ്പെന്നും ബാക്കിയുള്ള അഞ്ചുമാസവും 30 ന് ഇതേ സ്ഥലത്തുവച്ച് നറുക്കെടുപ്പ് നടത്തുമെന്നും പറയുന്നു.
നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ഇതിൽ ചേരാൻ ആരാണോ ഈ ഭാഗ്യക്കുറി മെസേജ് ഫോർവേഡ് ചെയ്തത് അവർക്ക് യഥാക്രമം 5,000, 1,000 രൂപയും സമ്മാനം കൊടുക്കുമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കൂടുതൽ സ്റ്റാറ്റസ് വയ്ക്കുന്നവർക്ക് പ്രത്യേക സമ്മാനവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ മാസവും 14 സെന്റ് വച്ചാണു നറുക്കെടുപ്പ്.
വിജയിക്കുന്നവർ ആറു മാസത്തിനുശേഷം സ്വന്തം ചെലവിൽ വസ്തു ആധാരം ചെയ്തെടുക്കേണ്ടതാണെന്നും പരസ്യത്തിൽ വ്യക്തമാക്കുന്നു. ഗൂഗിൾ പേ നമ്പർ അടക്കം കൊടുത്താണ് ജനങ്ങളെ ഇതിലേക്ക് ആകർഷിക്കുന്നത്. ചെറിയ തുക ആയതുകൊണ്ടുതന്നെ ധാരാളം ആളുകളാണ് ഇതിൽ ചേരുന്നത്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ലാൻഡ് ലോട്ടറിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.