പരുന്തുംപാറയിൽ നിരോധനാജ്ഞ ലംഘിച്ച് നിർമാണം: കേസെടുത്തു
Wednesday, March 12, 2025 12:59 AM IST
തൊടുപുഴ: ഇടുക്കി പരുന്തുംപാറയിൽ നിരോധനാജ്ഞ ലംഘിച്ച് കൈയേറ്റ ഭൂമിയിൽ നിർമാണം നടത്തിയ സജിത് ജോസഫിനെതിരേ ക്രിമിനൽ കേസെടുത്തു. വണ്ടിപ്പെരിയാർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇടുക്കി ജില്ലാ കളക്ടറുടെ നിരോധനാജ്ഞ ലംഘിച്ച് നിർമാണ പ്രവർത്തനം നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കേസ്. കേസ് രജിസ്റ്റർ ചെയ്യാൻ ലാൻഡ് റവന്യൂ തഹസിൽദാർ നേരത്തേ ശിപാർശ ചെയ്തിരുന്നു.
സ്റ്റോപ്പ് മെമ്മോ ലംഘിച്ച് കൈയേറ്റ ഭൂമിയിൽ സ്ഥാപിച്ച കോണ്ക്രീറ്റ് കുരിശ് തിങ്കളാഴ്ച റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കിയിരുന്നു. ലാൻഡ് റവന്യൂ തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥർക്കു പുറമേ പോലീസിന്റെ സാനിധ്യത്തിൽ തൊഴിലാളികളെ ഉപയോഗിച്ച് മൂന്നുമണിക്കൂറെടുത്താണ് കുരിശ് പൊളിച്ചു നീക്കിയത്. പരുന്തുംപാറയിൽ 3.31 ഏക്കർ സർക്കാർ ഭൂമി സജിത്ത് ജോസഫ് കൈയേറി റിസോർട്ട് നിർമിച്ചെന്നു കണ്ടെത്തി നേരത്തെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു .
തുടർന്ന് കൈയേറ്റം ഒഴിപ്പിക്കുന്നതിനായി ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പീരുമേട് താലൂക്കിലെ മൂന്നു പഞ്ചായത്തുകളിലെ അഞ്ച് സർവേ നന്പറുകളിൽ രണ്ടുമാസത്തേക്കാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. കൈയേറ്റം ഒഴിപ്പിക്കാൻ ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘത്തെയും നിയോഗിച്ചു.
കഴിഞ്ഞ രണ്ടിനാണ് തഹസിൽദാർ കൈയേറ്റക്കാർക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇതെല്ലാം അവഗണിച്ചായിരുന്നു കുരിശ് സ്ഥാപിച്ചത്. പീരുമേട് കൈയേറ്റ ഭൂമിയിൽ നടപടി കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് റനവ്യു വകുപ്പ്. സർക്കാർ ഭൂമി അളന്നു തിട്ടപ്പെടുത്താൻ റവന്യു സംഘം ഡിജിറ്റൽ സർവേയും ആരംഭിച്ചിട്ടുണ്ട്.