ഡിജിപിക്കു മൊഴി നൽകി എഡിജിപി
തിരുവനന്തപുരം: തനിക്കെതിരേ ഉയർന്ന ഗുരുതരമായ ആരോപണങ്ങളെല്ലാം, സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകിയ എഡിജിപി എം.ആർ. അജിത്കുമാർ നിഷേധിച്ചു.
സ്വർണം പൊട്ടിക്കലും കൊലപാതക ആസൂത്രണവും അടക്കമുള്ള ഗുരുതര ആരോപണങ്ങൾ തനിക്കെതിരേ ഉന്നയിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും എഡിജിപി നൽകിയ മൊഴിയിലുണ്ടെന്നാണു സൂചന.
ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെഗൂഢാലോചന സംബന്ധിച്ച് മൊഴിയെടുപ്പിൽ ചോദ്യങ്ങളുണ്ടായിരുന്നില്ലെന്നാണു സൂചന. ഇതേത്തുടർന്ന് വൈകുന്നേരം പി.വി. അൻവർ എംഎൽഎ സംസ്ഥാന പോലീസ് മേധാവിയെ കണ്ട് ഇതു സംബന്ധിച്ച മൊഴി നൽകി. തൃശൂർ പൂരംകലക്കൽ അടക്കമുള്ള കാര്യങ്ങളും ആർഎസ്എസ് ഗൂഢാലോചനയും സംബന്ധിച്ച് അൻവറിന്റെ മൊഴിലഭിച്ചതോടെ ഇതുസംബന്ധിച്ച് അന്വേഷണം നടത്തും.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ ഇന്നലെ രാവിലെ 11.15നു പോലീസ് ആസ്ഥാനത്തെത്തി, ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഡിജിപി ഷേഖ് ദർബേഷ് സാഹിബിനു മൊഴി നൽകി.
മൊഴിയെടുപ്പ് ഉച്ചകഴിഞ്ഞു മൂന്നുവരെ നീണ്ടു. ഡിജിപിയുടെ ചേംബറിൽ നടന്ന മൊഴിയെടുപ്പിൽ അന്വേഷണസംഘത്തിലെ ഐജി ജി.സ്പർജൻകുമാറും പങ്കെടുത്തു. അന്വേഷണസംഘത്തിലെ എസ്പിമാരായ എ. ഷാനവാസ്, എസ്. മധുസൂദനൻ എന്നിവർ എഡിജിപിയുടെ മൊഴിയെടുക്കാൻ എത്തിയെങ്കിലും ഇവർ പിന്നീട് ഡിജിപിയുടെ വിസിറ്റേഴ്സ് മുറിയിൽ കാത്തിരുന്നു.
സ്വർണക്കടത്ത്, കുഴൽപ്പണ-മയക്കുമരുന്ന് മാഫിയകളും നിരോധിത തീവ്രവാദ സംഘടനകളും ഗൂഢാലോചനയിലുണ്ടോയെന്നു സംശയിക്കുന്നതായി മൊഴിയിൽ പറയുന്നു. ഇവർക്കെതിരേ കടുത്ത നിയമ നടപടികൾ സ്വീകരിച്ചതിന്റെ പകയാണ് തീർക്കുന്നത്. ഇവ തെറ്റാണെന്നു തെളിഞ്ഞാൽ ഉന്നയിച്ചവർക്കെതിരേ കേസെടുക്കണം. ആരോപണങ്ങൾ തെറ്റാണെന്നതിനുള്ള തെളിവുകളും ഡിജിപിക്കു കൈമാറി.
അൻവറും ഡിജിപിഓഫീസിൽ
വൈകുന്നേരത്തോടെയാണ് പി.വി. അൻവർ എംഎൽഎ പോലീസ് ആസ്ഥാനത്തെത്തി ഡിജിപിയെ കണ്ടത്. ആർഎസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എഴുതി നൽകിയതെന്നാണു സൂചന.
പുതുതായി രണ്ടു കാര്യങ്ങൾ അന്വേഷിക്കാനായി ഡിജിപിക്ക് എഴുതി നൽകിയെന്നും ചില തെളിവുകൾ കൈമാറിയെന്നും ഡിജിപിയുമായുള്ള അരമണിക്കൂർ കൂടിക്കാഴ്ചയ്ക്കു ശേഷം അൻവർ മാധ്യമങ്ങളോടു പറഞ്ഞു.
അജിത്കുമാർ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു തുടരുന്നതിനാൽ തെളിവുകളും വിവരങ്ങളും കൈമാറാൻ പോലീസ് ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും അടക്കമുള്ളവർ ഭയപ്പെടുന്നതായും അൻവർ പറഞ്ഞു.
വിഎസിനെ ചേർത്തുപിടിച്ച്...
എം. പ്രേംകുമാർ
തിരുവനന്തപുരം: കേരളത്തിൽ സിപിഎമ്മിന്റെ ഉൾപാർട്ടി രാഷ്ട്രീയത്തിൽ വി.എസ്. അച്യുതാനന്ദനെ ചേർത്തുപിടിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി. ഒരുപക്ഷേ അതുകൊണ്ടു മാത്രം സംസ്ഥാനത്തെ പാർട്ടി പ്രവർത്തകർക്കിടയിൽ വിഎസിനെപ്പോലെ തന്നെ ഏറ്റവും പ്രിയങ്കരനായ നേതാവായി സീതാറാം യെച്ചൂരിയും മാറി.
പാർട്ടിയിൽ വിഎസ് ഒറ്റയാൻ പോരാട്ടം നടത്തുന്പോൾ അദ്ദേഹത്തിന് ഉറച്ച പിന്തുണ കേന്ദ്ര കമ്മിറ്റിയിൽ നൽകിയിരുന്നതു യെച്ചൂരിയായിരുന്നു. വിഎസിനോടുള്ള യെച്ചൂരിയുടെ ഈ സ്നേഹം കേരളത്തിലെ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനു സ്വീകാര്യമായിരുന്നില്ല. എന്നിട്ടും പ്രായോഗിക രാഷ്ട്രീയത്തിൽ കേമനായിരുന്ന യെച്ചൂരി ആശയസമരത്തിന്റെ പടയാളിയായ വിഎസിനൊപ്പമായിരുന്നു എല്ലാക്കാലത്തും.2006ൽ വിഎസിനെ സ്ഥാനാർഥിയാക്കാൻ സിപിഎം സംസ്ഥാന നേതൃത്വം ആദ്യം തയാറായില്ല.
വിഎസ്-പിണറായി പോര് തുടങ്ങുന്ന ആ കാലത്ത് വിഎസിനു സ്ഥാനാർഥിത്വം നിഷേധിച്ചതിനെതിരേ പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങി. പാർട്ടി നേതൃത്വത്തിനെതിരേ പരസ്യമായ പ്രതികരണങ്ങളും പ്രകടനങ്ങളും നടന്നു. പാർട്ടി ആകെ പ്രതിസന്ധിയിലായി. ഈ ഘട്ടത്തിൽ വിഎസിനെ സ്ഥാനാർഥിയാക്കി പ്രശ്നപരിഹാരത്തിനിറങ്ങിയത് യെച്ചൂരിയായിരുന്നു.
പാർട്ടി ബംഗാൾ ഘടകവും ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാരും വിഎസിനെ സ്ഥാനാർഥിയാക്കണമെന്ന ശക്തമായ നിലപാടെടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം മറികടന്നു സിപിഎം കേന്ദ്ര നേതൃത്വം വിഎസിനെ സ്ഥാനാർഥിയാക്കി; അദ്ദേഹം മുഖ്യമന്ത്രിയുമായി.
പാർട്ടിയും ഭരണവും രണ്ടുവഴിക്കു നീങ്ങി എന്നു പറയുന്നതിനേക്കാൾ ഉചിതം വിഎസും പിണറായിയും രണ്ടുവഴിക്കായി എന്നതാകും. അടുത്ത തെരഞ്ഞെടുപ്പിലും വിഎസിനെ സ്ഥാനാർഥിയാക്കാൻ പാർട്ടി നേതൃത്വം തയാറായില്ല. അപ്പോഴും കേരളത്തിൽ പ്രതിഷേധങ്ങൾ നടന്നു.
യെച്ചൂരിയുടെ ഇടപെടലിൽ വിഎസ് വീണ്ടും സ്ഥാനാർഥിയായി. ശക്തമായ തെരഞ്ഞെടുപ്പുപോരാട്ടത്തിൽ രണ്ടു സീറ്റിന്റെ കുറവിൽ ഇടതുമുന്നണിക്കു ഭരണം നഷ്ടമായി. വിഎസ് പ്രതിപക്ഷ നേതാവായി. പാർട്ടിയോട് ആലോചിക്കാതെ വിഎസ് സമരങ്ങളുമായി മുന്നോട്ടുപോയി. ഈ ഘട്ടങ്ങളിലെല്ലാം വിഎസിന്റെ സമരപോരാട്ടത്തിനൊപ്പമായിരുന്നു സീതാറാം യെച്ചൂരി.
പരസ്യ പ്രതികരണങ്ങൾ വിഎസിന്റെ ഭാഗത്തുനിന്നു നിരന്തരമുണ്ടായി. അച്ചടക്ക നടപടി ഉറപ്പായിരുന്ന ഘട്ടത്തിലും അദ്ദേഹത്തിനു പിന്തുണയുമായി യെച്ചൂരി നിലകൊണ്ടു. ഇതോടെ സിപിഎമ്മിൽ യെച്ചൂരി-വിഎസ് പക്ഷമെന്ന പുതിയ രൂപം ഉടലെടുത്തു. വിശാഖപട്ടണത്തു ചേർന്ന പാർട്ടി കോണ്‍ഗ്രസിൽ സീതാറാം യെച്ചൂരിയെ ജനറൽ സെക്രട്ടറിയാക്കാതിരിക്കാൻ ശ്രമങ്ങൾ നടന്നു.
പക്ഷേ, ബംഗാൾ ഘടകവും മണിക് സർക്കാരും വിഎസും യെച്ചൂരിക്കായി ശക്തമായി നിലകൊണ്ടു. പ്രതിബന്ധങ്ങളെ മറികടന്നു യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയായി. സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനു മുന്‍പായി ഉച്ചഭക്ഷത്തിനു പിരിയുന്ന നേരം യെച്ചൂരിയും വിഎസും നേർക്കുനേർ കണ്ടു.
ചിരിച്ചുകൊണ്ടു വിഎസ് ‘വിഷസ്, ലാൽസലാം’ എന്ന് ആശംസിച്ച രംഗം പെട്ടെന്നു മറക്കാൻ കഴിയില്ല. യെച്ചൂരി ജനറൽ സെക്രട്ടറിയാകുമെന്ന് അദ്ദേഹത്തേക്കാൾ ഉറപ്പായിരുന്നു വിഎസിന്. അതായിരുന്നു ആ ആത്മബന്ധത്തിന്റെ ദൃഢത.
ബിജെപി അധികാരത്തിൽ വരാതിരിക്കാൻ ദേശീയതലത്തിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ മതേതരസഖ്യം രൂപീകരിക്കാൻ താത്പര്യം കാണിച്ചതു സീതാറാം യെച്ചൂരിയായിരുന്നു. പാർട്ടി കേരള ഘടകം ഇതിനെതിരായിരുന്നു.
കണ്ണൂരിൽ നടന്ന കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഈ വിഷയത്തിന്റെ പേരിൽ ചർച്ചയിൽ പങ്കെടുത്ത സംസ്ഥാനത്തെ നേതാക്കൾ വിമർശിച്ചു.
കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പിൽ ഒരു ബന്ധവും ഉണ്ടാക്കാൻ പാടില്ലെന്ന നിലപാടിലായിരുന്നു ഇവിടത്തെ നേതാക്കൾ. എന്നാൽ വിമർശനങ്ങളെ പാർട്ടി കോണ്‍ഗ്രസിൽ യെച്ചൂരി ശക്തമായിത്തന്നെ നേരിട്ടു.
സിപിഐ-എം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള എന്നല്ല കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്നാണെന്നു വിമർശിച്ചവർക്കു മറുപടി നൽകി. അതായത് തീരുമാനങ്ങൾ കേരളത്തിലല്ല, അങ്ങു ഡൽഹിയിൽ എകെജി ഭവനിലാണു കൈക്കൊള്ളുന്നതെന്നായിരുന്നു യെച്ചൂരിയുടെ മുന്നറിയിപ്പ്.
2016ലും വിഎസായിരുന്നു താരപ്രചാരകൻ. ഇടതുമുന്നണി വിജയിച്ചു. പക്ഷേ വിഎസ് മുഖ്യമന്ത്രിയായില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായി.
പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വിഎസിനെയും ഇരുവശങ്ങളിലിരുത്തി എകെജി സെന്ററിൽ സീതാറാം യെച്ചൂരി പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചു. അന്നു "കേരള കാസ്ട്രോ’ എന്നാണു വിഎസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. പിന്നീട് വിഎസിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാക്കാൻ പറഞ്ഞതും യെച്ചൂരി തന്നെ.
ഇപ്പോൾ വിഎസ് ചികിത്സയിലാണ്. സഹയാത്രികനായ യെച്ചൂരി മരിച്ച വിവരം വിഎസ് ഒരു പക്ഷേ അറിയാൻ വഴിയില്ല.
സമാനതകളില്ലാത്ത ധീരനേതാവ്: മുഖ്യമന്ത്രി
കൊച്ചി: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണവാര്‍ത്ത കേള്‍ക്കുന്നത്. വിദ്യാര്ഥിപ്രസ്ഥാനത്തില്നിന്ന് ഉയര്‍ന്നുവന്ന അദ്ദേഹം ഒമ്പത് വര്‍ഷക്കാലം സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയഘട്ടങ്ങളിലൂടെ പാര്‍ട്ടിയെ നയിച്ചു.
പാര്‍ട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകള്‍ രൂപീകരിച്ചുകൊണ്ട് സിപിഎമ്മിനും ഇടതുപക്ഷത്തിന് പൊതുവിലും ഇന്ത്യന്‍ രാഷ്ട്രീയത്തിനാകെത്തന്നെയും മാര്ഗനിര്ദേശകമാംവിധം സീതാറാം പ്രവര്‍ത്തിച്ചു. രാജ്യവും ജനങ്ങളും ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തില്‍ സീതാറാമിന്റെ അഭാവം രാജ്യത്തിനു നികത്താനാകാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസ്ഥാനത്തിന്റെ തിളക്കമാര്‍ന്ന മുഖം: ബിനോയ് വിശ്വം
തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ വേര്‍പാട് തീവ്രമായ നഷ്ടമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
സിപിഎമ്മിന്റെ മാത്രം നഷ്ടമല്ല ഇത്. ഇന്ത്യയിലെ ഇടതുപക്ഷ-മതേതര ശക്തികള്‍ക്കാകെത്തന്നെ ഈ വിയോഗത്തിന്റെ ദുഃഖം അനുഭവപ്പെടുന്നുണ്ട്. സീതാറാം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാലഘട്ടത്തിലെ ഏറ്റവും തിളക്കമാര്‍ന്ന മുഖമായിരുന്നു. ഇംഗ്ലീഷില്‍ വൈബ്രന്റ് എന്ന് പറയും. ഹീ വാസ് എ വൈബ്രന്റ് ലീഡര്‍. വിദ്യാര്‍ഥികാലം മുതല്‍ മരണം വരെയും അതുതന്നെയായിരുന്നു.
അദ്ദേഹവുമായി മഹാരാജാസ് കോളജിന്റെ മുറ്റത്തുവച്ച് ആരംഭിച്ച ബന്ധമാണ്. സീതാറാം അന്ന് എസ്എഫ്ഐയുടെ പ്രസിഡന്റായിരുന്നു. ഞാന്‍ എഐഎസ്എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും. സംഘര്‍ഷാത്മക സന്ദര്‍ഭമായാലും സങ്കുചിതമായ രാഷ്ട്രീയ വിഷയമാണെങ്കില്‍പോലും പ്രശ്നങ്ങള്‍ തുറന്നുപറയാനും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാനുമുള്ള ഇടം എന്നുമുണ്ടായിരുന്നു-ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
കേന്ദ്ര സര്‍ചാര്‍ജ്, സെസ് വര്‍ധനയിൽ ആശങ്കയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന സര്‍ചാര്‍ജുകളും സെസുകളും വര്‍ധിച്ചുവരുന്നതിൽ സംസ്ഥാനത്തിന് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാന ധനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ ഹയാത്തില്‍ സംഘടിപ്പിച്ച ധനകാര്യ മന്ത്രിമാരുടെ ഏകദിന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനങ്ങളുമായി പങ്കിടുന്ന നികുതികൾ ഡിവിസിവ് പൂളില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇതുമൂലം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതത്തില്‍ കുറവുണ്ടാകും. 16-ാം ധനകാര്യ കമ്മീഷന് ഇക്കാര്യം പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ധനവിഹിതത്തിന്റെ ന്യായവും സന്തുലിതവുമായ വിതരണത്തിന് കേന്ദ്രഗവണ്മെന്റ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, തെലുങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യവകുപ്പ് മന്ത്രിയുമായ ഭട്ടി വിക്രമാര്‍ക്ക മല്ലു, കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ സിംഗ് ചീമ, തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, ധനകാര്യ വകുപ്പ് സെക്രട്ടറി കേശവേന്ദ്ര കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. അരവിന്ദ് സുബ്രഹ്മണ്യന് പ്രത്യേക പ്രഭാഷണം നടത്തി.
ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾക്ക് അരലക്ഷത്തോളം രൂപ പിഴ
കോഴിക്കോട്: ഫറൂഖ് കോളജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികൾ നടത്തിയ സാഹസിക യാത്രയുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നിയമനടപടി തുടങ്ങി. സാഹസികയാത്രയ്ക്ക് ഉപയോഗിച്ച അഞ്ചു വാഹനങ്ങൾക്കായി 47,500 രൂപ പിഴ ചുമത്തി അധികൃതർ വാഹന ഉടമകൾക്കു നോട്ടീസ് അയച്ചു. വിദ്യാർഥികൾക്കെതിരേ മറ്റു നിയമനടപടികളും ആരംഭിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു വിദ്യാർഥികളുടെ സാഹസിക യാത്ര. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന സംഘം വാഹനത്തിന്റെ ഡോറിലും മുകളിലും ഇരുന്നാണ് യാത്ര ചെയ്തത്.
നാലുകാറുകളിലും ഒരു ജീപ്പിലുമായാണ് വിദ്യാർഥികൾ നിയമവിരുദ്ധമായി യാത്ര നടത്തിയത്. വാഹനങ്ങൾ ഓടിച്ച വിദ്യാർഥികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ എന്ന കാര്യവും മോട്ടോർ വാഹനവകുപ്പ് പരിശോധിക്കുന്നുണ്ട്.
വിദ്യാർഥികളുടെ സാഹസിക യാത്ര റോഡിൽ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. നാട്ടുകാർ സാഹസിക യാത്രയുടെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തുവിട്ടതോടെയാണ് രാമനാട്ടുകര ജോയിന്റ് ആർടിഒ നിയമനടപടികൾ ആരംഭിച്ചത്.
സുഭദ്ര വധക്കേസ്: പ്രതികൾ മണിപ്പാലിൽ പിടിയിൽ
ആലപ്പുഴ: വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടശേഷം കടന്ന ദന്പതികൾ പിടിയില്‍. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്ര (73)യെ കൊലപ്പെടുത്തിയ സംഭവത്തിൽ കലവൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിധിൻ), ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിള എന്നിവരാണ് കർണാടകയിലെ മണിപ്പാലിൽ അറസ്റ്റിലായത്. ഇവരുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു. കൊലപാതകവിവരം പുറത്തറിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.
ഒരു മാസം മുന്‍പ് കാണാതായ സുഭദ്രയുടെ മൃതദേഹം കഴിഞ്ഞ ചൊവ്വാഴ്ചയാണു കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. സ്വർണാഭരണങ്ങൾക്കായി കൊലപ്പെടുത്തിയെന്നാണു നിഗമനം. ദന്പതികളെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. സുഭദ്രയെ കാണാനില്ലെന്നു മകൻ രാധാകൃഷ്ണൻ പരാതി നൽകിയിരുന്നു.
പ്രതികള്‍ അയല്‍സംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെത്തുടര്‍ന്ന് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തേ ഉഡുപ്പിയില്‍നിന്ന് പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയിരുന്നു.
സുഭദ്രയുടെ കൊലപാതകം ആസൂത്രിതമായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. കൊലയ്ക്ക് മുന്‍പുതന്നെ വീടിനു പിന്നിൽ കുഴിയെടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇവരുടെ വീട്ടില്‍ സുഭദ്രയെ കണ്ടതായി അയല്‍വാസികളില്‍ നിന്ന് പോലീസിന് വിവരവും ലഭിച്ചിരുന്നു. വീടിനു പുറകുവശത്തായി തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചതായി പ്രദേശവാസിയായ മേസ്തിരിയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ജോലി ചെയ്തതിന്റെ ബാക്കി തുക കൈപ്പറ്റാൻ രണ്ടു ദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുഴി മൂടിയതായി കണ്ടുവെന്നും മേസ്തിരി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി പരിശോധന ആരംഭിച്ചതും മൃതദേഹം കണ്ടെടുത്തതും.
പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവര പ്രകാരം വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. കഴുത്ത്, വലതുകാൽ, കൈ എന്നിവ ഒടിഞ്ഞിരുന്നു. ഇടതുകൈ ഒടിച്ച് പിന്നിലേക്ക് വലിച്ചുകെട്ടിയിരുന്നു. തലയിലേറ്റ പരിക്കാകാം മരണകാരണമെന്നാണു സൂചന.
ജെൻസനെ ശ്രുതി കണ്ടു; നാടൊന്നിച്ച് വിടചൊല്ലി..!
കൽപ്പറ്റ: വെള്ളാരംകുന്നിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച ജെൻസന്(28) ആയിരങ്ങളുടെ അശ്രുപൂജ.
ജെൻസനു വിട ചൊല്ലാൻ മൃതദേഹം പൊതുദർശനത്തിനു വച്ച ആണ്ടൂർ ഗ്ലോറിസ് ഓഡിറ്റോറിയത്തിലും വസതിയിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് എത്തിയത്. ജെൻസന്റെ മൃതദേഹത്തിനു മുന്നിൽ അമ്മയും കുടുംബാംഗങ്ങളും വാവിട്ടു കരഞ്ഞത് കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.
മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ജെൻസന്റെ മൃതദേഹം ഇന്നലെ രാവിലെ പത്തോടെയാണ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഉച്ചയോടെ ലിയോ ആശുപത്രിയിൽ എത്തിച്ചു. പ്രിയപ്പെട്ടവന്റെ ജീവനറ്റ ശരീരത്തിനു മുന്നിൽ വിതുന്പിയ പ്രതിശുത വധു ശ്രുതി മറ്റൊരു കണ്ണീർക്കാഴ്ചയായി.
ബുധനാഴ്ച രാത്രി ശ്രുതിയെ മേപ്പാടിയിലെ ആശുപത്രിയിൽ കൊണ്ടുപോയി ജെൻസനെ കാണാൻ സൗകര്യം ഒരുക്കിയെങ്കിലും മരണവിവരം അറിയിച്ചിരുന്നില്ല. കൽപ്പറ്റയിൽനിന്ന് ആണ്ടൂരിലെത്തിച്ച മൃതദേഹം ഒരു മണിക്കൂറോളം പൊതുദർശനത്തിനു വച്ചു.
ജില്ലാ ഭരണകൂടത്തിനുവേണ്ടി കളക്ടർ ഡി.ആർ. മേഘശ്രീ റീത്ത് സമർപ്പിച്ചു. വൈകുന്നേരം അഞ്ചരയോടെ ആണ്ടൂർ ഒന്നേയാർ നിത്യസഹായമാതാ പള്ളിയിലായിരുന്നു ജെൻസന്റെ സംസ്കാരം. അന്പലവയൽ ആണ്ടൂർ പരിമളത്തിൽ ജയൻ-മേരി ദന്പതികളുടെ മകനായ ജെൻസൻ ബുധനാഴ്ച രാത്രിയാണു മരിച്ചത്.
പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയുമടക്കം കുടുംബത്തിലെ ഒന്‍പത് അംഗങ്ങളെ നഷ്ടമായ ചൂരൽമല സ്വദേശിനി ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൻ.
സ്കൂൾ കാലം മുതൽ സൗഹൃദത്തിലായിരുന്ന ജെൻസന്റെയും ശ്രുതിയുടെയും വിവാഹം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കെയായിരുന്നു ഉരുൾദുരന്തം. നഴ്സായ ശ്രുതി കോഴിക്കോട് ജോലിസ്ഥലത്തായിരുന്നതിനാലാണു ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്.
ഉറ്റവർ നഷ്ടമായതിന്റെ തീരാദുഃഖത്തിൽ മാനസികമായി തകർന്ന ശ്രുതിക്ക് ആശ്വാസം പകർന്നതു ജെൻസനും കുടുംബാംഗങ്ങളുമാണ്. വിവാഹം നിശ്ചയിച്ചതിലും നേരത്തേയാക്കാനും ജെൻസനും വീട്ടുകാരും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് വാഹനാപകടം മറ്റൊരു ദുരന്തമായി മാറിയത്.
ജെൻസനും ശ്രുതിയും മറ്റും സഞ്ചരിച്ച ഓംനി വാൻ സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഒന്‍പത് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ ജെൻസൻ ഒഴികെയുള്ളവരുടെ പരിക്ക് മാരകമല്ല. കാൽ ഒടിഞ്ഞ ശ്രുതി കൽപ്പറ്റ ലിയോ ആശുപത്രിയിലാണ്.
മുനിസിപ്പാലിറ്റികളിൽ 128 അധിക വാർഡുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളിൽ പുതുതായി 128 വാർഡുകൾകൂടി ഉണ്ടാകും. ആറു കോർപറേഷനുകളിൽ ഏഴു വാർഡുകളും വർധിക്കും.
തദ്ദേശസ്ഥാപന വാർഡ് പുനർവിഭജനത്തിനു മുന്നോടിയായി സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ വാർഡുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം നേരത്തേ പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളിലായി ആകെ 3,113 വാർഡുകളാണു നിലവിലുള്ളത്. അത് 3,241 ആയി വർധിക്കും. 414 കോർപറേഷൻ വാർഡുകൾ 421 ആയി ഉയരും. കൊച്ചി കോർപറേഷനിൽ രണ്ടും മറ്റു കോർപറേഷനുകളിൽ ഒന്നു വീതവുമാണു സീറ്റുകൾ വർധിക്കുക. ഏറ്റവും കൂടുതൽ മുനിസിപ്പൽ വാർഡുകളുള്ള മലപ്പുറത്ത് 479ൽനിന്ന് 505 ആയി വർധിച്ചു, 26 സീറ്റുകളുടെ വർധന. എറണാകുളത്തും 26 സീറ്റുകൾ വർധിച്ചു.
പത്തനംതിട്ട ജില്ലയിൽ മൂന്നു വാർഡുകൾ മാത്രമാണ് അധികമായി വരുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ നാലു വീതവും വാർഡുകൾ മാത്രം കൂടുതലായി വരും.
ബിഎ പാസാകാതെ എംഎയ്ക്ക് പ്രവേശനം; എസ്എഫ്ഐ നേതാവ് ആർഷോയ്ക്കെതിരേ പരാതി
തിരുവനന്തപുരം: ബിഎ പാസാകാത്ത എസ്എഫ്ഐ നേതാവ് പി.എം. ആർഷോയ്ക്ക് എംഎ ക്ലാസിൽ പ്രവേശനം നൽകിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർക്കു പരാതി നൽകി.
എംജി സർവകലാശാല അംഗീകരിച്ച റെഗുലേഷനു വിരുദ്ധമായി നിശ്ചിത ഹാജരോ ക്രെഡിറ്റോ ഇല്ലാതെ ആർഷോയ്ക്ക് പിജി സെമസ്റ്ററിൽ പ്രവേശനം നൽകിയ കോളജ് പ്രിൻസിപ്പലിനെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ആർഷോയെ കോളജ് റോളിൽനിന്നു നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഗവർണറെ കൂടാതെ എംജി സർവകലാശാലാ വിസി, കോളജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്കും നിവേദനത്തിന്റെ പകർപ്പു നൽകി. സർക്കാർ നിയന്ത്രണത്തിലുള്ള ഓട്ടോണമസ് കോളജായ എറണാകുളം മഹാരാജാസ് കോളജിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടിയ പി.എം. ആർഷോയെയാണ് ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റർ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമസ്റ്ററിന് പ്രവേശനം നൽകിയത്.
അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ വേണമെന്നിരിക്കെ ഹാജർ 10 ശതമാനം മാത്രമുള്ള ആർഷോയ്ക്ക് ആറാം സെമസ്റ്ററിൽ പ്രവേശനം നൽകി. 120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനം നൽകാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റർ പരീക്ഷ പോലും എഴുതാത്ത ആർഷോയെ പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം ഇന്റഗ്രേറ്റഡ് പിജിയിൽ പ്രവേശിപ്പിച്ചത്.
കേരള സർവകലാശാലയുടെ കീഴിലുള്ള കായംകുളം എംഎസ്എം കോളജിൽ ബികോം പാസാകാത്ത എസ്എഫ്ഐ പ്രവർത്തകനായ നിഖിൽ തോമസ് എംകോമിന് പ്രവേശനം നേടിയതിന് സമാനമായാണ് ആർഷോയുടെ എംഎ പ്രവേശനം.
കാലടി സംസ്കൃത സർവകലാശാലയിലും കഴിഞ്ഞ വർഷം ബിഎ പാസാകാത്ത ആറു വിദ്യാർഥികൾക്ക് എംഎയ്ക്ക് പ്രവേശനം നൽകിയത് പരാതിയെത്തുടർന്നു റദ്ദാക്കിയിരുന്നു. ജൂണിന് മുൻപു എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആർഷോ പഠിക്കുന്ന ആർക്കിയോളജി ബിരുദ പരീക്ഷ ഒഴികെ ബാക്കി എല്ലാ പരീക്ഷകളും കോളജ് കൃത്യമായി നടത്തി.
തുടർന്ന് ആർക്കിയോളജി ആറാം സെമസ്റ്റർ പരീക്ഷ റിസൾട്ട് കൂടാതെ, ആറാം സെമസ്റ്ററിലെ വിദ്യാർഥികളെ ഏഴാം സെമസ്റ്ററിലേക്ക് പ്രവേശിപ്പിച്ചു. പരീക്ഷ എഴുതാൻ യോഗ്യതയില്ലാത്ത ആർഷോയെയും പിജി ക്ലാസിൽ പ്രവേശിപ്പിച്ചു.
ആർഷോയ്ക്ക് കയറ്റം നൽകുന്നതിനായിരുന്നു ആർക്കിയോളജി അവസാന സെമസ്റ്റർ ബിരുദ പരീക്ഷമാത്രം നടത്താതിരുന്നതെന്നും പരാതിയിൽ പറയുന്നു.
എസ്പി സുജിത് ദാസിനെതിരേ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: എസ്പിയുടെ ക്വാർട്ടേഴ്സിലെ മരംമുറി, സ്വർണം തട്ടിയെടുക്കൽ തുടങ്ങിയ ആരോപണങ്ങളെത്തുടർന്ന് സസ്പെൻഷനിലായ എസ്പി സുജിത് ദാസിനെതിരേ വിജിലൻസ് അന്വേഷണം തുടങ്ങി. വിജിലൻസ് തിരുവനന്തപുരം ഒന്നാം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്പി കെ.എൽ. ജോണ്‍കുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയും വിജിലൻസ് അന്വേഷണം വരുന്നു. വരവിൽ കവിഞ്ഞ സ്വത്തുസന്പാദനവും ബന്ധുക്കളുടെ പേരിൽ അടക്കം സ്വത്തും ആഡംബര വീടിന്റെ നിർമാണവും നടക്കുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു വിജിലൻസ് പരിശോധന. വിജിലൻസ് ഡയറക്ടർ അവധി കഴിഞ്ഞു മടങ്ങിയെത്തിയാലുടൻ പ്രാഥമിക പരിശോധന പ്രഖ്യാപിക്കും.
എസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം പിടികൂടുന്ന കള്ളക്കടത്തു സ്വർണം ഉരുക്കിമാറ്റിയെന്നും സ്വർണക്കേസുകളിലെ പ്രതികളിൽനിന്നു പണം വാങ്ങിയെന്നതും അടക്കം ആരോപണങ്ങളാണ് പി.വി. അൻവർ എംഎൽഎ ഉന്നയിച്ചത്.
മലപ്പുറം എസ്പിയായിരിക്കേ, ഓഫീസ് വളപ്പിലെ മരങ്ങൾ മുറിച്ചു കടത്തുകയും ഫർണിച്ചറുണ്ടാക്കി പുറത്ത് നൽകുകയും ചെയ്തതിനു സുജിത്തിനെതിരേ ഡിഐജി അജീതാ ബീഗത്തിന്റെ അന്വേഷണം നടന്നിരുന്നു. ഇതിൽ ഗുരുതര ചട്ടലംഘനം നടത്തിയതായാണു കണ്ടെത്തൽ.
മരംമുറിയെക്കുറിച്ച് പി.വി. അൻവർ നൽകിയ പരാതി പിൻവലിച്ചാൽ ശേഷിക്കുന്ന സർവീസ് കാലത്ത് താൻ എംഎൽഎയ്ക്കു വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നത് സേനയ്ക്കു നാണക്കേടായിരുന്നു.
എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയുള്ള അനധികൃത സ്വത്തുസന്പാദനം പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തുനിന്നു സംസ്ഥാന പോലീസ് മേധാവിക്കു ലഭിച്ച പരാതികളിലാണു തുടർനടപടി.
അനധികൃത സ്വത്തുസന്പാദനം, ബന്ധുക്കളുടെ പേരിൽ അടക്കം ഭൂമിയും സ്വത്തും വാങ്ങിക്കൂട്ടൽ, തിരുവനന്തപുരം നഗരഹൃദയത്തിൽ കവടിയാർ കൊട്ടാരത്തിന്റെ ഭൂമി വാങ്ങൽ ആഡംബരവീടു നിർമാണം അടക്കമുള്ള അഞ്ചു വിഷയങ്ങൾ അന്വേഷിക്കണമെന്നു നിർദേശിച്ചാണ് പരാതി ലഭിച്ചത്.
ഇക്കാര്യങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നു നിർദേശിച്ചു സംസ്ഥാന പോലീസ് മേധാവി സർക്കാരിനു ശിപാർശ നൽകി. സർക്കാർ ശിപാർശയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പ് വിജിലൻസ് ഡയറക്ടർക്ക് ഫയൽ കൈമാറി.
സ്വകാര്യ ആവശ്യത്തിനായി അവധിയിലുള്ള വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത മടങ്ങിയെത്തിയാലുടൻ ഫയലിൽ തീരുമാനമെടുക്കും. ഇത്തരം പരാതി ലഭിച്ചാൽ പ്രാഥമിക പരിശോധന നടത്തുന്നതാണ് വിജിലൻസ് ചട്ടം. ഇതിൽ ഗുരുതര ക്രമക്കേടു കണ്ടെത്തിയാൽ മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദ അന്വേഷണം നടത്തുകയുള്ളൂ.
യെച്ചൂരി മികച്ച പാർലമെന്റേറിയൻ: മാർ റാഫേൽ തട്ടിൽ
കൊച്ചി: മികച്ച പാർലമെന്റേറിയനും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവുമായിരുന്നു സീതാറാം യെച്ചൂരിയെന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുസ്മരിച്ചു.
മതേതര, ജനാതിപത്യ ചേരിയെ ഒരുമിച്ചുനിർത്താനും ശക്തിപ്പെടുത്താനും നിർണായകമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു യെച്ചൂരി. പൊതുസമൂഹത്തിനു ചെയ്ത നന്മകളുടെ പേരിൽ ജനങ്ങൾ അദ്ദേഹത്തെ അനുസ്മരിക്കുമെന്നും മാർ തട്ടിൽ പ്രസ്താവനയിൽ അറിയിച്ചു.
കനത്ത നഷ്ടം: ജോസ് കെ. മാണി
കോട്ടയം: ജനാധിപത്യ രാഷ്ട്രീയത്തിനും മതേതര ഭാരതത്തിനും സംഭവിച്ച കനത്ത നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വേര്‍പാടെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി.
നിലപാടുകള്‍ കര്‍ശനമായി പറയുമ്പോഴും ആരെയും വ്യക്തിഹത്യ നടത്താത്ത രാഷ്ട്രീയ മാന്യതയുടെ പ്രകാശിത മുഖമായിരുന്നു അദ്ദേഹമെന്നും വ്യക്തിപരമായി ഏറെ അടുപ്പം ഉണ്ടായിരുന്ന അദ്ദേഹം പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാനായിരുന്നപ്പോള് അതില്‍ അംഗമായി ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
ഉത്തമനായ കമ്യൂണിസ്റ്റ്: ഇ.പി. ജയരാജൻ
തളിപ്പറന്പ്: സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ ഉത്തമനായ കമ്യൂണിസ്റ്റിനെയാണ് പൊതുസമൂഹത്തിന് നഷ്ടമായതെന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ.
സിപിഎമ്മിനു മാത്രമല്ല രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ജനാധിപത്യ ശക്തികള്‍ക്കും തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
പ്രതിസന്ധികൾ നേരിട്ട കാലത്ത് പാർട്ടിയെ കരുത്തോടെ നയിച്ച നേതാവാണ്. അദ്ദേഹവുമായി തനിക്ക് ദീർഘകാലത്തെ ബന്ധമാണുള്ളത്. സ്നേഹാദരവ് പുലര്‍ത്തി മറ്റുള്ളവരെ സ്നേഹിക്കുന്ന വ്യക്തിത്വത്തിനുടമയായ യെച്ചൂരി ഉന്നതമൂല്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. -ഇ.പി. ജയരാജന് പറഞ്ഞു.
ഫാസിസത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നാവ്: മന്ത്രി ആര്. ബിന്ദു
തിരുവനന്തപുരം: നിര്‍ണായകമ കാലത്ത് മതനിരപേക്ഷ ഇന്ത്യയുടെ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിനു സംഭാവന ചെയ്ത വിപ്ലവപ്രതിഭയെയാണു സീതാറാം യെച്ചൂരിയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത് മന്ത്രി ഡോ.ആർ. ബിന്ദു അനുസ്മരിച്ചു.
സ്വതന്ത്രഭാരതത്തെ വീണ്ടും സാമ്രാജ്യനുകങ്ങളിലേക്കു കെട്ടാനുള്ള ശ്രമങ്ങളില്‍ ഭരണവര്ഗത്തിനുമേല് ഇടിത്തീയായിരുന്നു പാർലമെന്റിലും പുറത്തും സീതാറാമിന്റെ ശബ്ദം. ആശയ തെളിമയുടെ നിലയ്ക്കാത്ത ആ മുഴക്കങ്ങള്‍ പ്രതിസന്ധികൾ മുറിച്ചുകടക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇന്ത്യന്‍ജനതയും നെഞ്ചില്സൂക്ഷിക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത അതൃപ്തിയോടെ സിപിഐ
തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിനെ ചുമതലയിൽനിന്നു മാറ്റാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിൽ അതൃപ്തി പ്രകടമാക്കി സിപിഐ.
കഴിഞ്ഞ ദിവസം ചേർന്ന ഇടതുമുന്നണി യോഗത്തിൽ എഡിജിപിയെ ചുമതലയിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനു മുഖ്യമന്ത്രി തയാറാകാത്തതു മുന്നണിയിൽ ശക്തമായ എതിർപ്പിനു കാരണമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ തീരുമാനത്തിലുള്ള നീരസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അറിയിച്ചു.
പിണറായി ഇങ്ങനെയൊരു നിലപാടു സ്വീകരിക്കുന്നതു മുന്നണിസംവിധാനത്തെ ദോഷമായി ബാധിക്കുമെന്നും ജനങ്ങൾക്കിടയിൽ സംശയം കൂട്ടുകയും ചെയ്യുമെന്ന് ബിനോയ് ഗോവിന്ദനെ അറിയിച്ചു.
എൽഡിഎഫിൽ ഘടകകക്ഷികളേക്കാൾ സ്വാധീനം ആർഎസ്എസിന്: വി.ഡി. സതീശൻ
തിരുവനന്തപുരം: ഇടതുമുന്നണിയിൽ ഘടകകക്ഷികളേക്കാൾ സ്വാധീനം ആർഎസ്എസിനാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. എഡിജിപി എം.ആർ. അജിത്കുമാറിനെ മാറ്റില്ലെന്നു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ഇതിനുള്ള തെളിവാണ്.
മോശം ട്രാക്ക് റിക്കാർഡോ അഴിമതിയോ ഇല്ലാത്ത മലപ്പുറം എസ്പിക്കെതിരേ നടപടിയെടുത്തത് ആഭ്യന്തര വകുപ്പിനെതിരേ ആരോപണമുന്നയിക്കുന്ന ഭരണകക്ഷി എംഎൽഎയെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.
സ്കോട്ലൻഡ് യാർഡിനെ വെല്ലുന്ന കേരള പോലീസിനെ ഏറാൻമൂളികളുടെ സംഘമാക്കി പിണറായി വിജയനും സംഘവും മാറ്റിയെന്നും വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന രാഷ്ട്രീയവിഷയം എൽഡിഎഫ് യോഗത്തിന്റെ അജൻഡയിൽപ്പോലും ഇല്ലായിരുന്നുവെന്നത് അദ്ഭുതകരമാണ്. ദയനീയ സ്ഥിതിയിലാണ് ഘടകകക്ഷികൾ. സിപിഐക്കു മുന്നണിയിൽ എന്തു വിലയാണുള്ളതെന്ന് അവർതന്നെ പരിശോധിക്കട്ടെ.
പുറത്ത് ആഞ്ഞടിക്കുന്നുവെന്നു മാധ്യമങ്ങൾ പറഞ്ഞ സിപിഐ സെക്രട്ടറി അകത്ത് എന്തു ചെയ്തുവെന്ന് അറിയില്ല. യോഗം കഴിഞ്ഞപ്പോൾ സിപിഐയേക്കാൾ സ്വാധീനം ആർഎസ്എസിനാണെന്നു വ്യക്തമായി. മര്യാദയ്ക്കിരുന്നാൽ മതിയെന്ന സന്ദേശമാണു ഘടകകക്ഷികൾക്കു സിപിഎം നൽകുന്നത്.
എൽഡിഎഫ് കണ്‍വീനറെ പ്പോലുള്ള പാവങ്ങൾക്ക് ഇതിൽ ഒരു കാര്യവുമില്ല. തൃപ്തിയോടെയല്ല, നിവൃത്തിയില്ലാത്തതുകൊണ്ടു സംസാരിക്കുന്നു എന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ഇടതുപക്ഷ സഹയാത്രികർ പോലും ഈ സർക്കാരിനെ വെറുക്കുകയാണെന്നും സതീശൻ പറഞ്ഞു.
മണ്ണിടിച്ചിൽ ദുരന്തമുണ്ടായതിനു ശേഷം വയനാട്ടിലെത്തിയപ്പോൾ ശ്രുതിയെയും ജെൻസണെയും കണ്ടിരുന്നു. ജെൻസന്റെ വിയോഗത്തോടെ ശ്രുതി ഒറ്റയ്ക്കല്ല. മകളെപ്പോലെ ആവശ്യമായ എല്ലാ സഹായവും നൽകും. ശ്രുതിക്കു സർക്കാർ ജോലി നൽകുന്നതു മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികാധികാരങ്ങള് കേന്ദ്രത്തില്‍ മാത്രം നിക്ഷിപ്തമാകുന്നു: കെ.എന്‍. ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുകൂടി അവകാശപ്പെട്ട സാമ്പത്തികാധികാരങ്ങള് കേന്ദ്ര സര്‍ക്കാരില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്ന സ്ഥിതിയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍.
16-ാം ധനകാര്യ കമ്മീഷനു മുന്നില്‍ ഉന്നയിക്കേണ്ട ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അഞ്ച് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ധനമന്ത്രി.
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ വര്‍ധിച്ചുവരുന്ന അസന്തുലിതാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തുകയും പരിഹരിക്കുകയുമാണ് കേരളം സംഘടിപ്പിക്കുന്ന ധനമന്ത്രിമാരുടെ കോണ്‍ക്ലേവിന്റെ പ്രാഥമിക ലക്ഷ്യം.
സാമ്പത്തിക അസുന്തുലിതാവസ്ഥ ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പൊതു ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവിനെ ബാധിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പല സംസ്ഥാനങ്ങളും നേരിടുകയാണ്.
കൂടുതല്‍ നീതിയുക്തമായ സാമ്പത്തികവിതരണത്തിനും വര്‍ധിച്ചുവരുന്ന അസമത്വങ്ങള്‍ പരിഹരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.
സിബിഐ, ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് വീണ്ടും സൈബർ തട്ടിപ്പ്; തൃശൂർ സ്വദേശിനിക്കു നഷ്ടപ്പെട്ടത് ഒന്നരക്കോടിയിലേറെ രൂപ
തൃശൂർ: സിബിഐ, ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് സൈബർ തട്ടിപ്പുകാർ തൃശൂർ സ്വദേശിനിയിൽനിന്നും ഭർത്താവിൽനിന്നും പല ഘട്ടങ്ങളായി തട്ടിയെടുത്തത് ഒന്നരക്കോടിയിലധികം രൂപ.
ക്രെഡിറ്റ് കാർഡ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുന്നതു സംബന്ധിച്ചു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പറഞ്ഞാണു തട്ടിപ്പുകാർ വാട്സാപ്പ് കോൾ ചെയ്തത്.
വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും 90 ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി. രാജ്യദ്രോഹ കുറ്റമാണെന്നും മൂന്നുമുതൽ ഏഴു വർഷംവരെ തടവും അഞ്ചുലക്ഷം രൂപ പിഴയടക്കേണ്ടിവരുമെന്നും പറഞ്ഞു.
കേസ് അന്വേഷണം സിബിഐ, ഇഡിയാണു നടത്തുകയെന്നും വ്യക്തമാക്കി. അതിനുശേഷം വീഡിയോ കോളിലൂടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. അതു പരിശോധിക്കാൻ പണമയയ്ക്കാനും ആവശ്യപ്പെട്ടു.
ഈ പണം മൂന്നുദിവസത്തിനുള്ളിൽ തിരിച്ചുതരുമെന്നു വിശ്വസിപ്പിച്ചതിനാൽ പലഘട്ടങ്ങളിലായി അയച്ചുകൊടുക്കുകയായിരുന്നു. സുപ്രീം കോടതിയിൽ സെക്യൂരിറ്റി അടയ്ക്കാൻ സ്വർണം പണയംവച്ചു തുക അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു.
പരിശോധനയ്ക്കായി ഭർത്താവിന്റെ അക്കൗണ്ടിൽനിന്നു പണം അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് 1,59,40,000 രൂപയും അയച്ചുകൊടുത്തു.
സമാനമായ തട്ടിപ്പിനെകുറിച്ചുള്ള അറിയിപ്പ് ടിവിയിൽ കണ്ടപ്പോഴാണ് ചതിയിൽപ്പെട്ടതു തിരിച്ചറിഞ്ഞതും ഉടൻ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തതും. പിന്നീട് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസിലും പരാതി നൽകി.
മദ്രസ വിദ്യാർഥി അനുഭവിച്ചത് ഗുരുതര മനുഷ്യാവകാശലംഘനമെന്ന് കമ്മീഷൻ
കണ്ണൂർ: കൂത്തുപറമ്പ് കിണവക്കലിൽ മദ്രസ വിദ്യാർഥിക്ക് അധ്യാപകനിൽനിന്ന് ക്രൂരമർദനമേറ്റെന്ന പരാതി ഗുരുതര മനുഷ്യാവകാശലംഘനമെന്നു മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ വ്യക്തമാക്കി.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 25ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ദർസിൽ മതപഠനത്തിനെത്തിയ വിഴിഞ്ഞം സ്വദേശിയാണ് വിദ്യാർഥി. ഉസ്താദ് മർദിക്കാറുണ്ടെന്നു പരാതി പറഞ്ഞതിനെത്തുടർന്നാണ് വിദ്യാർഥിക്ക് ക്രൂരമർദനമേറ്റത്. ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. ഒടുവിൽ മദ്രസയിൽനിന്ന് ഇറങ്ങിയോടിയെന്നു വിദ്യാർഥി പറയുന്നു.
ഇക്കഴിഞ്ഞ മേയിലാണ് വിദ്യാർഥി ദർസിലെത്തിയത്. എട്ടു വിദ്യാർഥികൾ ഇവിടെ പഠിക്കാനുണ്ടായിരുന്നു. വിദ്യാർഥിക്ക് മാതാപിതാക്കളില്ല. മുറിക്കുള്ളിൽ പൂട്ടിയിട്ടെന്നും പരാതിയുണ്ട്. വിഴിഞ്ഞം ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർഥി.
വിഴിഞ്ഞം പോലീസ് കേസെടുത്തതായി റിപ്പോർട്ടുണ്ട്.
കുരങ്ങിന്റെ ആക്രമണത്തിൽ കണ്ണിനു പരിക്കേറ്റ വീട്ടമ്മയ്ക്ക് പ്ലാസ്റ്റിക് സർജറി
ഇരിട്ടി: സ്വന്തം പുരയിടത്തിൽ കുരങ്ങിന്റെ ആക്രമണത്തിൽ കണ്ണിനു പരിക്കേറ്റ വീട്ടമ്മയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കി. പടിയൂർ പഞ്ചായത്തിലെ കുയിലൂർ വളവിനു സമീപം സതീനിലയത്തിൽ സതീദേവിയെയാണ് (64) കുരങ്ങ് ആക്രമിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണു സതീദേവിയെ കുരങ്ങ് ആക്രമിച്ചത്. വീടിന് പിറകിൽനിന്നു ശബ്ദം കേട്ടതിനെത്തുടർന്ന് ചെന്നുനോക്കിയപ്പോൾ, കുരങ്ങ് തേങ്ങ പറിച്ച് എറിഞ്ഞു പരിക്കേൽപ്പിക്കുകയായിരുന്നു.
കണ്ണിനും ഇടതു പുരികത്തിനും പരിക്കേറ്റ ഇവർ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഹൃദയസംബന്ധമായ അസുഖത്തിനു മരുന്ന് കഴിച്ചുവരുന്നതിനാൽ മുറിവിൽ നിന്നുള്ള രക്തപ്രവാഹം നിലയ്ക്കാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര പ്ലാസ്റ്റിക് സർജറി നടത്തുകയായിരുന്നു.
ഒരാഴ്ചയായി ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. കുയിലൂരും സമീപ പ്രദേശങ്ങളിലും കൂട്ടത്തോടെ എത്തുന്ന കുരങ്ങുകൾ വിളകൾ നശിപ്പിക്കുന്നത് നിത്യസംഭവമാണ്.
‘അമ്മ’യില്‍ പൊട്ടിത്തെറി; പിളര്‍ന്നേക്കും
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഭിന്നത രൂക്ഷമായ താരസംഘടന ‘അമ്മ’യില്‍ പൊട്ടിത്തെറി. ട്രേഡ് യൂണിയന് രൂപീകരണത്തിന് ഒരുവിഭാഗം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി 17 നടന്മാരും മൂന്ന് നടിമാരും ഫെഫ്കയെ സമീപിച്ചു.
അഭിനേതാക്കളുടെ യൂണിയനായി ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്യാനാണു നീക്കം. യൂണിയന് രൂപീകരണ ആവശ്യവുമായി താരങ്ങള്‍ സമീപിച്ചുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് സ്ഥിരീകരിച്ചു.
‘അമ്മ’യുടെ സ്വത്വം നിലനിര്‍ത്തി പുതിയ സംഘടനയെക്കുറിച്ചാണ് അവര്‍ ആലോചിക്കുന്നത്.ട്രേഡ് യൂണിയന് രൂപീകരിച്ചശേഷം അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചാല്‍ മാത്രം തുടര്‍നടപടികള്‍ ആലോചിക്കാമെന്ന് ഫെഫ്ക അറിയിച്ചതായും ഉണ്ണികൃഷ്ണന് വ്യക്തമാക്കി.
അതേസമയം, പുതിയൊരു സംഘടനയെ നിലവിലെ സാഹചര്യത്തില്‍ ഫെഫ്കയില്‍ ഉള്‍പ്പെടുത്തുന്നതിന് പരിമിതികളുണ്ടെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. നിലവില്‍ 21 യൂണിയനുകളാണ് ഫെഫ്കയ്ക്കു കീഴിലുള്ളത്. പുതിയൊരു യൂണിയനെ അഫിലിയേറ്റ് ചെയ്യണമെങ്കില്‍ ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം വേണം.
അഭിനേതാക്കള്‍ ട്രേഡ് യൂണിയന് രൂപീകരിച്ചശേഷം ഔദ്യോഗികമായി ഫെഫ്കയെ സമീപിച്ചാലേ ജനറല്‍ കൗണ്‍സിലില്‍ വിഷയം ചര്‍ച്ചയ്ക്ക് എത്തുകയുള്ളൂ. അല്ലെങ്കില്‍ യൂണിയന് രൂപീകരിക്കാനും ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്യാനും ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കി അംഗങ്ങളുടെ കൃത്യമായ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ നല്കി സമീപിക്കണം.
അഭിനേതാക്കള്‍ക്ക് ട്രേഡ് യൂണിയന് രൂപീകരിക്കുന്നതില്‍ ഒരുതരത്തിലുള്ള തടസങ്ങളുമില്ല. എന്നാല്‍ അതു ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്യുന്നത് ഇപ്പോള്‍ തീരുമാനിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രേഡ് യൂണിയന് വേണമെന്ന അഭിപ്രായം നടന് മമ്മൂട്ടി വളരെ മുന്‍പേ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
‘അമ്മ’യുടെ പ്രവര്‍ത്തനരീതിയോട് ആഭിമുഖ്യമില്ലാത്തവരും തൊഴില്‍നിഷേധം അടക്കമുള്ള വിഷയങ്ങളില്‍ ഇടപെടാത്ത നിലവിലെ സംഘടനാരീതി മാറ്റണമെന്ന ആവശ്യമുള്ളവരുമാണ് പുതിയ സംഘടന രൂപീകരിക്കണമെന്ന അഭിപ്രായമുള്ളവര്‍.
അതുകൊണ്ടുതന്നെ സംഘടനയില്‍ തുടര്ന്നുകൊണ്ടാകുമോ ഇവര്‍ പുതിയ ട്രേഡ് യൂണിയന് രൂപീകരിക്കുകയെന്നത് കാത്തിരുന്നു കാണേണ്ടിവരും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെയും തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ ഭരണസമിതിയിലുണ്ടായ കൂട്ടരാജിയുടെ ഘട്ടത്തില്‍ത്തന്നെ താരസംഘടനയിലെ ഭിന്നത പ്രകടമായിരുന്നു. അഞ്ഞൂറിലധികം അഭിനേതാക്കളാണ് ‘അമ്മ’യില്‍ അംഗങ്ങളായുള്ളത്.
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെ ചോദ്യംചെയ്തു
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ ചോദ്യം ചെയ്തു.
ഇന്നലെ കൊച്ചി മറൈന്‍ഡ്രൈവിലെ തീരദേശ ഐജി ഓഫീസിലേക്ക് വിളിച്ചുവരുത്തി ഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണു ചോദ്യം ചെയ്തത്.
മൂന്നു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ രഞ്ജിത്തിനെ വിട്ടയച്ചു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ രഞ്ജിത്ത് നിഷേധിച്ചു. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനു പുറമെ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലും പ്രതിയാണു രഞ്ജിത്ത്.
രാവിലെ 11.10 ഓടെയാണ് രഞ്ജിത്ത് ചോദ്യംചെയ്യലിനു ഹാജരായത്. അന്വേഷണസംഘം വിളിച്ചിട്ടാണു വന്നതെന്നും അവരെ കണ്ടിട്ടു വരാമെന്നും പ്രതികരിച്ച രഞ്ജിത്ത് ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോടു പ്രതികരിച്ചില്ല. പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈഎസ്പിമാരും ചോദ്യം ചെയ്യല്‍ നടപടികളിലുണ്ടായിരുന്നു.
ബംഗാളി നടി ശ്രീലേഖ മിത്രയാണു രഞ്ജിത്തിനെതിരേ പീഡനപരാതി നല്‍കിയത്. 2009ല്‍ ‘പാലേരി മാണിക്യം’ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി വിളിച്ചുവരുത്തിയശേഷം മോശമായി പെരുമാറിയെന്നായിരുന്നു കേസ്. ദുരനുഭവം കഥാകൃത്ത് ജോഷി ജോസഫിനോട് പങ്കുവച്ചെന്നും നടി വെളിപ്പെടുത്തിയിരുന്നു.
ദുരനുഭവം മാധ്യമങ്ങള്‍ക്കുമുന്നില്‍ തുറന്നുപറഞ്ഞ നടി ഇക്കാര്യങ്ങള്‍ വിവരിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദറിന് ഇ-മെയിലിലൂടെ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ നോര്‍ത്ത് പോലീസ് കേസെടുക്കുകയും തുടരന്വേഷണം പ്രത്യേകസംഘത്തിന് കൈമാറുകയുമായിരുന്നു.
ഡബ്ല്യുസിസിയെ മാത്രമാണു കേട്ടത്; ഹേമ കമ്മിറ്റിക്കെതിരേ ഫെഫ്ക
കൊച്ചി: വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) ഒഴികെയുളള സംഘടനകളില്‍നിന്നു ഹേമ കമ്മിറ്റി വിവര ശേഖരണം നടത്തിയിട്ടില്ലെന്ന ഗുരുതര ആരോപണവുമായി ഫെഫ്ക. എന്തടിസ്ഥാനത്തിലാണു ഹേമ കമ്മിറ്റി ആളുകളെ കണ്ടത്. നിര്‍മാതാക്കളുടെ സംഘടന, ‘അമ്മ’, ഫെഫ്ക അംഗങ്ങളൊക്കെ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന് ചോദിച്ചു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരമര്‍ശിച്ച പേരുകളും 15 അംഗ പവര്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണം. സാക്ഷികളില്‍ ചിലര്‍ പ്ലാന്‍ ചെയ്തതാണു 15 അംഗ പവര്‍ ഗ്രൂപ്പും മാഫിയയും. സിനിമയില്‍ ഇത് അസാധ്യമാണ്. പവര്‍ ഗ്രൂപ്പില്‍ ആരൊക്കെയാണെന്നുള്ളത് നിയമപരമായി പുറത്തുവരണം.
ഒഡിഷന് പ്രക്രിയ സംഘടനകളുടെ നിയന്ത്രണത്തിലാണ്. ഇപ്പോള്‍ കാസ്റ്റിംഗ് കോള്‍ എന്നൊരു പ്രശ്നമില്ല. ലൈംഗിക അതിക്രമം സംബന്ധിച്ച് രണ്ടു പരാതികളാണു ലഭിച്ചത്. അത് പരിഹരിച്ചുവെന്നും ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഫെഫ്ക വിശദമായി ചര്‍ച്ച ചെയ്തു. സിനിമയിലെ ലൈംഗിക അതിക്രമത്തെ ഫെഫ്ക യാഥാർഥ്യമായി കാണുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രായപരിധി 35 വയസ് എന്നതു മാറ്റിയിട്ടുണ്ട്.
വനിതാ പ്രാതിനിധ്യം 20 ശതമാനമായി ഉയര്‍ത്തണമെന്നാണു ഫെഫ്ക തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ ചൂഷണങ്ങള്‍ പരിഹരിക്കാന്‍ പരാതി പരിഹാര സെല്‍ ഫെഫ്ക രൂപീകരിച്ചതായും 26 പ്ലാന്‍ ഓഫ് ആക്ഷന്‍ രൂപീകരിച്ചതായും ബി.ഉണ്ണിക്കൃഷ്ണന് അറിയിച്ചു.
ബി. ഉണ്ണിക്കൃഷ്ണനെ ഒഴിവാക്കണം; വിനയന് ഹൈക്കോടതിയില്‍
കൊച്ചി: സംവിധായകന് ബി. ഉണ്ണിക്കൃഷ്ണനെ സിനിമാ നയരൂപീകരണ സമിതി അംഗമാക്കിയതിനെതിരേ സംവിധായകന് വിനയന് ഹൈക്കോടതിയെ സമീപിച്ചു.
തൊഴില്‍ നിഷേധത്തിനെതിരേയുള്ള തന്റെ പരാതിയെത്തുടര്‍ന്ന് പിഴയൊടുക്കിയ വ്യക്തിയാണ് ഉണ്ണിക്കൃഷ്ണനെന്നും അതിനാല്‍ സര്‍ക്കാരിന്റെ സിനിമാ നയരൂപീകരണ സമതിയില്‍നിന്ന് ഒഴിവാക്കണമെന്നുമാണ് ആവശ്യം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ 137 മുതല്‍ 141 വരെയുള്ള പേജുകളില്‍ സിനിമയിലെ തൊഴില്‍നിഷേധത്തിനും വിലക്കിനുമെതിരേയാണു പറയുന്നത്. ഈ വിഷയത്തില്‍ കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയില്‍ പരാതിയുമായി പോയ വ്യക്തിയാണു താന്‍.
കോമ്പറ്റീഷന് ആക്ടിന്റെ സെക്ഷന്‍ മൂന്ന് പ്രകാരം ‘അമ്മ’ സംഘടനയും ഫെഫ്കയും പിഴയടച്ചിട്ടുണ്ട്. ഫെഫ്ക പ്രസിഡന്റ് സിബി മലയിലിന് 66,356 രൂപയും ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന് 32,026 രൂപയും പിഴയടച്ചിട്ടുണ്ട്. സംഘടനയും വ്യക്തികളും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണു പിഴയടച്ചത്.
ഈ സാഹചര്യത്തില്‍ ഉണ്ണിക്കൃഷ്ണനെ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രിക്കു പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ 23ലേക്ക് മാറ്റി
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന് ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഈ മാസം 23ന് പരിഗണിക്കാന്‍ മാറ്റി. ‘പിഗ്മാന്’ സിനിമയുടെ ലൊക്കേഷനില്‍വച്ചു കയറിപ്പിടിച്ചെന്നാരോപിച്ചു നടി നല്കിയ പരാതിയിലാണ് ഒരു കേസ്.
ആദ്യം കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് തൊടുപുഴയിലേക്കും തുടര്‍ന്ന് കൂത്താട്ടുകുളം സ്റ്റേഷനിലേക്കും കൈമാറി.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്തതാണു മറ്റൊരു കേസ്.
രണ്ടു ഹര്‍ജികളിലും ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണു ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റിയത്.
നാട്ടുകല്ലിലെ ‘ഹോളറീന പരിഷദി’
പാലക്കാട്: പാലക്കാട് ചുരത്തിൽ കുടകപ്പാല ഇനത്തിലെ പുതിയ സസ്യത്തെ കണ്ടെത്തി. ആറു പതിറ്റാണ്ടു പിന്നിടുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളോടുള്ള ആദരമായി ഹോളറീന പരിഷദി (Holarrhena parishadii) എന്നാണ് സസ്യത്തിന് പേര് നൽകിയത്. ഹൊളറാന ഗ്രൂപ്പിലെ ഇന്ത്യയിൽ കാണപ്പെടുന്ന രണ്ടാമത്തെ സസ്യത്തെ നാട്ടുകല്ലിൽ നിന്നാണ് കണ്ടെത്തിയത്.
അപ്പോസൈനേസിയെ കുടുംബത്തിൽപ്പെടുന്നതാണിത്. ഇവ സിരാവിന്യാസം, ബ്രാക്ടുകൾ, വിദളങ്ങൾ, ദളങ്ങൾ, ഫലത്തിന്റെയും വിത്തിന്റെയും പ്രത്യേകതകൾ എന്നിവയുമായി ബന്ധപ്പെട്ട് മറ്റു നാല് ഇനങ്ങളിൽനിന്ന് വ്യത്യസ്തമാണ്.
പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ അധ്യാപകരായ ഡോ. വി. സുരേഷ്, ഡോ. സോജൻ ജോസ്, ഗവേഷണ വിദ്യാർഥിനിയായ വി. അംബിക എന്നിവർ ഉൾപ്പെടുന്ന ഗവേഷണ സംഘമാണ് കണ്ടെത്തലിനു പിന്നിൽ.
ന്യൂസിലാൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ഫൈറ്റോടാക്സിയിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സിദ്ദിഖിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി
കൊച്ചി: ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖ് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പരാതിക്കാരി തനിക്കെതിരേ വര്‍ഷങ്ങള്‍ക്കുമുമ്പ് ആരോപണമുന്നയിച്ചപ്പോള്‍ ബലാത്സംഗം സംബന്ധിച്ച ആരോപണമുണ്ടായിരുന്നില്ല എന്നതടക്കം ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയാണു ജസ്റ്റീസ് സി.എസ്. ഡയസ് പരിഗണിച്ചത്.
പീഡനത്തെക്കുറിച്ച് 2019 മുതല്‍ സമൂഹമാധ്യമങ്ങളിലൂടെ യുവതി വെളിപ്പെടുത്തുന്നുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സ്പെഷല്‍ ഗവ. പ്ലീഡര്‍ പി.നാരായണന് കോടതിയില്‍ ചൂണ്ടിക്കാട്ടി. 2014 മുതല്‍ ചാറ്റ് ചെയ്യാറുണ്ട്. സിദ്ദിഖാണ് ആദ്യമായി ചാറ്റ് ചെയ്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും മുമ്പുതന്നെ സംഭവം നടന്ന മുറിയെക്കുറിച്ച് യുവതി വിശദീകരിച്ചിരുന്നു.
മുറി അതുതന്നെയാണെന്നു പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. മസ്കറ്റ് ഹോട്ടലില്‍ തന്നെ മാനഭംഗപ്പെടുത്തി എന്നതടക്കമുള്ള നടിയുടെ ആരോപണങ്ങളെക്കുറിച്ച് സിദ്ദിഖ് പ്രതികരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ ശക്തരായതിനാലാണു പരാതി നല്കാന് വൈകിയതെന്ന് ഇരയായ നടിയും വ്യക്തമാക്കി.
അർജുനായുള്ള തെരച്ചിൽ: 15നു ശേഷം ഡ്രെഡ്ജർ എത്തിച്ചേക്കും
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിനായി 15ന് ശേഷം ഡ്രെഡ്ജർ എത്തിക്കാൻ ആലോചന.
ഡ്രെഡ്ജറുമായി 15നു ശേഷം പുറപ്പെടാനായേക്കുമെന്നു ഷിപ്പിംഗ് കമ്പനി അറിയിച്ചു. കാറ്റും മഴയും തിരയുടെ ഉയരവും നിരീക്ഷിച്ചാണു തീരുമാനം. മൂന്ന് ദിവസത്തെ തെരച്ചിലിനാണ് ഉത്തര കന്നഡ ജില്ലാഭരണകൂടം ഡ്രെഡ്ജർ ആവശ്യപ്പെട്ടത്.
ഭിന്നശേഷി ക്ഷേമ കോർപറേഷൻ മാനേജിംഗ് ഡയറക്ടറായി കെ. മൊയ്തീൻകുട്ടി ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപറേഷൻ മാനേജിംഗ് ഡയറക്ടറായി കെ. മൊയ്തീൻകുട്ടിയെ നിയമിച്ചു. 2016 മുതൽ ആറ് വർഷക്കാലം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ മാനേജിംഗ് ഡയറക്ടറായി കോർപറേഷനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കണ്ണൂർ തില്ലങ്കേരി സ്വദേശിയാണ്. ഭാര്യ പി. ഗിരിജാഭായി സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണ്. ഏക മകൾ തേജസ്വിനി വിദ്യാർഥിനിയാണ്. രണ്ട് വർഷത്തേക്കാണ് നിയമനം.
സംസ്ഥാനങ്ങളുടെ വികസനത്തിന് അർഹമായ സാമ്പത്തിക വിതരണം അനിവാര്യമെന്ന് ധനമന്ത്രിമാരുടെ കോൺക്ലേവ്