നിലപാട് മയപ്പെടുത്തി പത്മകുമാർ
Wednesday, March 12, 2025 2:32 AM IST
പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതി രൂപീകരണത്തെത്തുടർന്ന് പരസ്യപ്രസ്താവന നടത്തി പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയ മുൻ എംഎൽഎ എ. പത്മകുമാർ നിലപാട് മയപ്പെടുത്തി.
ഇന്നു ചേരുന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് തന്റെ നിലപാട് വ്യക്തമാക്കുമെന്ന് പത്മകുമാർ പറഞ്ഞു.
ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണം അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ കൂടുന്ന യോഗം പത്മകുമാറിനെതിരേയുള്ള നടപടിയും ചർച്ച ചെയ്തേക്കും.
മന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയതിനെതിരേയുള്ള പരസ്യ പ്രതികരണത്തിന്റെ പേരിൽ പത്മകുമാറിനെതിരേ അച്ചടക്ക നടപടി ഉറപ്പായിരിക്കവേ അദ്ദേഹം നിലപാട് മയപ്പെടുത്തിയത് ശ്രദ്ധേയമാണ്. അച്ചടക്ക നടപടി എന്തായാലും അത് സ്വീകരിക്കുമെന്ന് പത്മകുമാർ പറഞ്ഞു. പാർട്ടി ഘടകത്തിൽ പറയേണ്ട കാര്യങ്ങൾ പരസ്യമായി പറഞ്ഞത് തെറ്റായിപ്പോയി.
തന്നെ വളർത്തിയെടുത്ത പ്രസ്ഥാനമാണ് സിപിഎം. പാർട്ടിക്കു ദോഷകരമായതൊന്നും താൻ പ്രവർത്തിക്കില്ല. ബിജെപി നേതാക്കൾ തന്റെ വീട്ടിൽ വന്നത് മാധ്യമശ്രദ്ധ കിട്ടാൻവേണ്ടിയാണെന്നും തന്നോട് അനുവാദം ചോദിക്കാതെയാണെന്നും പത്മകുമാർ പറഞ്ഞു.
അവർ വന്നപ്പോൾ വീട്ടിലില്ലായിരുന്നു. സിപിഎം വിടാൻ ഉദ്ദേശിക്കുന്നില്ല. മരിക്കുന്പോൾ ചെങ്കൊടി പുതയ്ക്കണമെന്നുതന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. 1983 മുതൽ ജില്ലാ കമ്മിറ്റിയംഗമായ പത്മകുമാർ 1993 മുതൽ ജില്ലാ സെക്രട്ടേറിയറ്റിലുമുണ്ട്.